ഹാട്രിക് ജയം; കേരളം ഫൈനലിനരികെ
text_fieldsഇൻഡോ൪: സയ്യിദ് മുഷ്താഖ് അലി ട്വൻറി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൻെറ സൂപ്പ൪ ലീഗിൽ ഹാട്രിക് ജയത്തോടെ കേരളം കലാശപ്പോരാട്ടത്തിനരികെ. വെള്ളിയാഴ്ച നടന്ന മൂന്നാം മത്സരത്തിൽ ഒഡിഷയെ ആറു വിക്കറ്റിനാണ് കേരളം തക൪ത്തത്. ആദ്യം ബാറ്റുചെയ്ത ഒഡിഷ 20 ഓവറിൽ എട്ടുവിക്കറ്റിന് 125 റൺസെടുത്തു. വി.എ.ജഗദീഷും നിസാ൪ നിയാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ നാലു പന്തു ബാക്കിയിരിക്കേ നാലു വിക്കറ്റ് നഷ്ടത്തിൽ സചിൻ ബേബിയും കൂട്ടുകാരും ലക്ഷ്യം കണ്ടു. 38 പന്തിൽ ഒരു ഫോറും രണ്ടു സിക്സുമടക്കം സഞ്ജു വിശ്വനാഥ് പുറത്താകാതെ 41 റൺസെടുത്തപ്പോൾ 24 പന്തിൽ നാലു ഫോറടക്കം 33 റൺസെടുത്ത് സചിൻ ബേബി മികച്ച പിന്തുണ നൽകി. നിഖിലേഷ് സുരേന്ദ്രൻ 25 പന്തിൽ 22ഉം രോഹൻ പ്രേം 18 പന്തിൽ 18ഉം റൺസ് നേടി. റൈഫി വിൻസൻറ് ഗോമസ് എട്ടു പന്തിൽ ഒരു ഫോറടക്കം എട്ടു റൺസുമായി പുറത്താകാതെ നിന്നു.
ഗ്രൂപ് എയിൽ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച കേരളം 12 പോയൻറുമായി ഒന്നാം സ്ഥാനത്താണ്. ഗുജറാത്തിനെതിരെ ശനിയാഴ്ച ജയം നേടിയാൽ കേരളം ഇതാദ്യമായി ഫൈനലിൽ ഇടം നേടും. ഗുജറാത്തിന് മൂന്നു കളികളിൽ എട്ടു പോയൻറുണ്ട്. കരുത്തരായ ദൽഹിക്ക് മൂന്നു കളിയിൽ നാലു പോയൻറാണുള്ളത്. ഇരു ഗ്രൂപ്പിലും ഒന്നാമതെത്തുന്ന ടീമുകളാണ് കലാശക്കളിയിൽ മാറ്റുരക്കുക. ഗ്രൂപ് ‘ബി’യിൽ പഞ്ചാബ്, ക൪ണാടക, യു.പി, ബംഗാൾ ടീമുകൾക്ക് എട്ടു വീതം പോയൻറാണുള്ളത്.
ഇൻഡോറിലെ എമറാൾഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ഒഡിഷയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്രശാന്ത് പരമേശ്വരനും സന്ദീപ് വാര്യരും കണിശതയോടെ പന്തെറിഞ്ഞപ്പോൾ തുടക്കം മുതൽ ഒഡിഷ റൺ നേടാൻ ബുദ്ധിമുട്ടി. അഞ്ചാം ഓവറിൽ ബി.എസ്. പാട്ടിയെ നിയാസ് വിക്കറ്റിനുപിന്നിൽ നിഖിലേഷിൻെറ കൈകളിലെത്തിക്കുമ്പോൾ ഒഡിഷ സ്കോ൪ബോ൪ഡിൽ 19 റൺസുണ്ടായിരുന്നു.
രണ്ടു പന്തുകൾക്ക് ശേഷം അരവിന്ദ സിങ്ങിനെ (പൂജ്യം) അതേരീതിയിൽ നിയാസ് തിരിച്ചയച്ചതോടെ ഒഡിഷയുടെ തുടക്കം പാളി. 28 പന്തിൽ മൂന്നു ഫോറടക്കം 28 റൺസെടുത്ത ഓപണ൪ അങ്കിത് യാദവും 16 പന്തിൽ രണ്ടു ഫോറടക്കം 20 റൺസെടുത്ത പൊഡ്ഡാറും ചേ൪ന്ന് 28 റൺസ് കൂട്ടുകെട്ടുയ൪ത്തി മുന്നോട്ടു പോയെങ്കിലും പത്താം ഓവറിൽ അങ്കിതിനെ തിരിച്ചയച്ച് ജഗദീഷ് കേരളത്തിൻെറ രക്ഷക്കെത്തി. അടുത്ത ഓവറിൽ പൊഡ്ഡാ൪ റണ്ണൗട്ടായി. കേരളം മികച്ച ഫീൽഡിങ് കാഴ്ചവെച്ച ദിനം സാമന്തറായും (12 പന്തിൽ എട്ട്) സാഹൂവും (ഏഴു പന്തിൽ 14) റണ്ണൗട്ടായി. അവസാന ഘട്ടത്തിൽ ലഗ്നജിത് സമാലും (16 പന്തിൽ 20 നോട്ടൗട്ട്), സൂര്യകാന്ത് പ്രധാനും (16 പന്തിൽ 18 നോട്ടൗട്ട്) നടത്തിയ ചെറുത്തുനിൽപാണ് സ്കോ൪ 120 കടത്തിയത്. അഭേദ്യമായ ഒമ്പതാം വിക്കറ്റിൽ ഇരുവരും 26 പന്തിൽ 35 റൺസ് ചേ൪ത്തു.
താരതമ്യേന എത്തിപ്പിടിക്കാവുന്ന ടോട്ടലിലേക്ക് പാഡുകെട്ടിയിറങ്ങിയ കേരളത്തിൻെറ തുടക്കം തിരിച്ചടിയോടെയായിരുന്നു. തക൪പ്പൻ ഫോമിലുള്ള ജഗദീഷ് മൂന്നുപന്തിൽ ഒരു റൺ മാത്രമെടുത്ത് പ്രധാൻെറ ബൗളിങ്ങിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. അടിച്ചു തക൪ക്കുന്നതിനേക്കാളേറെ ക്രീസിൽ നിലയുറപ്പിച്ച് ശ്രദ്ധാപൂ൪വം മുന്നേറാൻ നിശ്ചയിച്ച കേരളത്തിന് സ്കോ൪ 39ൽ നിൽക്കെ രോഹനെ നഷ്ടമായി. മൂന്നു ഫോറടക്കം 18ലെത്തിയ രോഹൻ, സമാലിൻെറ പന്തിൽ എൽ.ബി.ഡബ്ള്യുവിൽ പുറത്താവുകയായിരുന്നു. നിഖിലേഷ് റണ്ണൗട്ടായശേഷം ക്രീസിലൊത്തുചേ൪ന്ന സഞ്ജുവും സചിനും അഞ്ചാം വിക്കറ്റിൽ 64 റൺസിൻെറ മികച്ച കൂട്ടുകെട്ടുയ൪ത്തിയാണ് കേരളത്തിൻെറ വിജയപ്രതീക്ഷകളെ കരക്കടുപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.