പത്തനംതിട്ട നഗരസഭ: പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു
text_fieldsപത്തനംതിട്ട: നഗരസഭയിലെ ലേലത്തുക കുറച്ച് സ്വകാര്യവ്യക്തിയെ സംരക്ഷിക്കാൻ ചെയ൪മാനും സ്ഥിരം സമിതി അധ്യക്ഷനും കൂട്ടുനിൽക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ചു. അന്വേഷണം ആവശ്യപ്പെട്ട് അംഗങ്ങൾ ചെയ൪മാനെ തടഞ്ഞുവെച്ചു. ശനിയാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് സംഘ൪ഷഭരിത രംഗങ്ങളുണ്ടായത്.
എൽ.ഡി.എഫ് അംഗങ്ങളുടെ ആരോപണത്തിന് പിന്നാലെ യു.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടി സെക്രട്ടറിയും രംഗത്തെത്തിയതോടെ വെട്ടിലായ ചെയ൪മാനെ മൂന്ന് മണിക്കൂറോളം പ്രതിപക്ഷാംഗങ്ങൾ തടഞ്ഞുവെച്ചു. അന്വേഷണം നടത്താൻ സമിതിയെ നിയോഗിക്കാമെന്ന് ചെയ൪മാൻ ഉറപ്പുനൽകിയതിനെത്തുട൪ന്ന് ഉപരോധം അവസാനിപ്പിച്ചു.
നഗരസഭയുടെ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഫീസ് പിരിവിനുള്ള ഓഫ൪ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് അഴിമതി ആരോപണത്തിൽ എത്തിച്ചത്. കുറഞ്ഞ തുക ഓഫ൪ നൽകിയ ആൾക്ക് ഫീസ് പിരിവ് അനുവദിക്കാൻ കൂടുതൽ തുക നൽകിയവരെ പിന്തരിപ്പിക്കാൻ ചെയ൪മാൻ എ.സുരേഷ്കുമാറും വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.സി.ഷെറീഫും ശ്രമിച്ചെന്നായിരുന്നു പ്രതിപക്ഷത്തിൻെറ ആരോപണം. കൂടുതൽ തുക ഓഫ൪ ചെയ്ത വ്യക്തിയോട് ലേലത്തിൽനിന്ന് പിന്മാറാൻ ചെയ൪മാൻ പറഞ്ഞെന്ന യു.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടി സെക്രട്ടറി റോഷൻ നായ൪ വെളിപ്പെടുത്തിയതോടെ ചെയ൪മാൻ വെട്ടിലായി.
അജണ്ട അംഗീകരിക്കുന്നില്ലെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ മണ്ണിലും കൂടിയ തുക നൽകിയവ൪ക്ക് ലേലം സ്ഥിരപ്പെടുത്തണമെന്ന് കോൺഗ്രസ് അംഗം കെ.ജാസിംകുട്ടിയും പറഞ്ഞതോടെ കൂടിയ ഓഫറിന് ഫീസ് പിരിവ് നൽകുന്നെന്ന് പറഞ്ഞ് ചെയ൪മാൻ യോഗം പിരിച്ചുവിട്ടു.
പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഫീസ് 15 ൽനിന്ന് 20 രൂപയാക്കിയിട്ടും ആനുപാതികമായി ലേലത്തുക വ൪ധിപ്പിക്കാത്തത് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ബഹളത്തിനിടയാക്കിയിരുന്നു. രണ്ടുതവണ ലേലം വിളിച്ചിട്ടും ഒരാൾ മാത്രമാണ് പങ്കെടുത്തതെന്ന ചെയ൪മാൻെറ വിശദീകരണം എൽ.ഡി.എഫ് അംഗങ്ങൾ തള്ളിക്കളഞ്ഞിരുന്നു. കൂടുതൽ തുക ഓഫ൪ ചെയ്യുന്നവ൪ക്ക് ഫീസ് പിരിവ് നൽകണമെന്ന തീരുമാനത്തിൽ കൗൺസിൽ യോഗം എത്തി. ബുധനാഴ്ച നിലവിൽ ലേലത്തിൽ പങ്കെടുത്ത വ്യക്തിയെക്കാൾ കൂടുതൽ തുകയുള്ള രണ്ട് ഓഫറുകൾ വന്നിരുന്നു. മുണ്ടുകോട്ടക്കൽ പാലനിൽക്കുന്നതിൽ ഷാജികുമാ൪ 13.51 ലക്ഷം രൂപയും ബസുടമകളുടെ സംഘടന 12.5 ലക്ഷം രൂപയും ഓഫറായി നൽകി. ആദ്യം ലേലത്തിന് വന്ന സ്വകാര്യവ്യക്തി 11.2 ലക്ഷം രൂപയാണ് ഓഫറിൽ നൽകിയത്. കുറഞ്ഞ തുക നൽകിയ ആൾക്ക് ലേലം ഉറപ്പിക്കാൻ ശ്രമിക്കുന്നെന്ന ആരോപണമാണ് ബഹളത്തിലെത്തിയത്. മൂന്ന് ക്വട്ടേഷൻ വന്നിട്ടും സപ്പോ൪ട്ടിങ് ഡോക്യുമെൻറില്ലാത്ത കുറഞ്ഞ തുകക്ക് ലേലം ഉറപ്പിക്കാനാണ് ശ്രമമെന്ന് എൽ.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടി ലീഡ൪ ടി.സക്കീ൪ഹുസൈൻ പറഞ്ഞു. നഗരസഭക്ക് സാമ്പത്തികനേട്ടമുണ്ടാക്കാതെ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൗൺസിലിന് മുഴുവൻ നാണക്കേടുണ്ടാക്കുന്ന തരത്തിൽ പരസ്യമായാണ് അഴിമതി നടത്തുന്നതെന്ന് ബി.ജെ.പി അംഗം കെ.ജി.പ്രകാശ് പറഞ്ഞു. യു.ഡി.എഫിൻെറ പൊതു തീരുമാനപ്രകാരമാണ് ലേലം ഉറപ്പിച്ചതെന്നും പിന്മാറണമെന്ന് കൂടുതൽ തുക ഓഫ൪ ചെയ്തവരോട് ചെയ൪മാൻ പറഞ്ഞെന്നും കോൺഗ്രസ് അംഗം റോഷൻ നായ൪ വ്യക്തമാക്കി. ലേലത്തിന് കൂട്ടുനിൽക്കാൻ യു.ഡി.എഫ് അംഗങ്ങൾ കൂട്ടുനിൽക്കില്ലെന്ന് തെളിഞ്ഞതിനാൽ ചെയ൪മാൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടങ്ങി. പ്രതിപക്ഷ ബഹളത്തിനിടെ അജണ്ട പാസാക്കുന്നെന്ന് ചെയ൪മാൻ പറഞ്ഞത് ബി.ജെ.പി അംഗം കെ.ജി.പ്രകാശിനെ പ്രകോപിച്ചു. ഗ്ളാസ് എടുത്തെറിഞ്ഞ് പ്രതിഷേധത്തോടെ ചേംബറിനടുത്തേക്ക് അദ്ദേഹം ഓടിയെത്തി. ഇതിനിടെ, ചെയ൪മാൻ മുറിയിൽ എത്തിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ അദ്ദേഹത്തെ തടഞ്ഞുവെച്ചു. ഉപരോധം ശക്തമായതോടെ പത്തനംതിട്ട സി.ഐ സുധാകരൻപിള്ളയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
ആരും വിളിച്ചിട്ടില്ലെന്ന് ചെയ൪മാൻ വ്യക്തമാക്കിയതോടെ പൊലീസ് സംഘം തിരിച്ചുപോയി. മൂന്ന് മണിക്കൂ൪ നീണ്ട ഉപരോധത്തിനൊടുവിൽ അന്വേഷണം നടത്താമെന്ന് ചെയ൪മാൻ ഉറപ്പുനൽകി. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എട്ട് അംഗങ്ങളുള്ള സമിതിയെ അന്വേഷണത്തിനായി തെരഞ്ഞെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.