ഷിബുവധം: എട്ട് പ്രതികള്‍ അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍
text_fieldsവ൪ക്കല: പാളയംകുന്നിന് സമീപം ജനതാ ജങ്ഷൻ ചരുവിള വീട്ടിൽ ഷിബു (30)വിനെ വെട്ടിക്കൊന്ന കേസിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി ആറ്റിങ്ങൽ ഡിവൈ.എസ്.പി പ്രതാപൻനായ൪ , വ൪ക്കല സി.ഐ എസ്. ഷാജി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
രണ്ട് പ്രതികൾ ഒളിവിലാണ്. പിടിയിലായവരെ വ൪ക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാളയംകുന്ന് ജനതാജങ്ഷൻ പുത്തൻവിള കൊച്ചുവീട്ടിൽ വലിയ തമ്പിയെന്ന ഷിജു (28), അനുജൻ കൊച്ചുതമ്പിയെന്ന ഷിജിൻ (25), സുഹൃത്തുക്കളായ കോവൂ൪ കുന്നുവിള വീട്ടിൽ ഓട്ടോ ഡ്രൈവറായ തക്കുടു എന്ന മുനീ൪ (24), കോവൂ൪ കൊച്ചുപൊയ്ക വിളവീട്ടിൽ അപ്പി എന്ന പ്രദീപ് (32), വണ്ടിപ്പുര ചരുവിള വീട്ടിൽ അനീഷ് (23), ജനതാമുക്ക് വലിയപൊയ്കയിൽ ചരുവിളവീട്ടിൽ സിനു എന്ന സുനിൽകുമാ൪ (23), കുന്നുവിള കൊച്ചുപൊയ്ക വീട്ടിൽ ഷിജു (23), കോവൂ൪ കുന്നുവിള വീട്ടിൽ അജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി ഒമ്പതിനാണ് കൊലപാതകം നടന്നത്.തമ്പിമാരുടെ അകന്ന ബന്ധുവായ യുവതിയാണ് കൊല്ലപ്പെട്ട ഷിബുവിൻെറ ഭാര്യ. ഇവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. മദ്യപാനിയായ ഷിബു അടുത്തിടെ തമ്പിമാരുടെ വീട്ടിലെത്തി വഴക്കടിക്കുകയും കൊച്ചുതമ്പിയുടെ മൂന്ന് വയസ്സുള്ള മകളെ നിലത്തേക്കെറിഞ്ഞ് പരിക്കേൽപ്പിക്കുകയും മാതാവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് തമ്പിമാ൪ പ്രതികാരം വീട്ടാൻ ഒരുങ്ങുന്നെന്നറിഞ്ഞ ഷിബു കണ്ണൂരിൽ ഒളിവിൽ പോയി. 27ന് ജനതാജങ്ഷന് സമീപത്തെ കാങ്കുളം ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനാണ് മടങ്ങിയെത്തിയത്. ഉത്സവ പരിപാടികൾ കണ്ട് മടങ്ങിയെത്തിയ ഷിബു വീടിൻെറ ടെറസിൽ ഉറങ്ങാൻ കിടന്നു. അനുജനും ഒപ്പമുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞാണ് തമ്പിമാരും സുഹൃത്തുക്കളും മാരകായുധങ്ങളുമായി എത്തിയത്. ടെറസിൽ വെച്ച് അടിപിടിയായി.
ഇതിനിടെ ഷിബു താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. അക്രമികൾ ഇയാളെ പിന്തുട൪ന്ന് കമ്പി, വെട്ടുകത്തി, കുറുവടി എന്നിവകൊണ്ട് ആക്രമിക്കുകയായിരുന്നു. തലക്ക് ആഴത്തിൽ വെട്ടുകയും കരിങ്കല്ലുകൊണ്ട് തലക്കിടിച്ച് മരണം ഉറപ്പാക്കുകയുമായിരുന്നു. ശരീരത്താകമാനം 25 ഓളം മുറിവുകളുണ്ടായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഷിബു മരിച്ചു. കൊലക്കുപയോഗിച്ച ആയുധങ്ങളിൽ ചിലത് കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവ൪ അല്ല. കൊല്ലപ്പെട്ട ഷിബു ക്രിമിനൽ പശ്ചാത്തലമുള്ളയാളായിരുന്നു . അയിരൂ൪ എസ്.ഐമാരായ വി.എസ്.പ്രശാന്ത്, തിലകൻ, കല്ലമ്പലം എസ്.ഐ പ്രവീൺകുമാ൪, വ൪ക്കല എസ്.ഐ ടി.എസ്. ശിവപ്രകാശ്, എ.എസ്.ഐമാരായ ദറാജുദ്ദീൻ, അനിൽ, ഉണ്ണി, മധുസൂദനക്കുറുപ്പ്, നവാസ്, ഹെഡ്കോൺസ്റ്റബിൾമാരായ ഷംസ്, ബിജു, അനിൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.