നിതാഖാത്: നെഞ്ചിടിപ്പോടെ ബന്ധുക്കള്‍
text_fieldsതിരുവനന്തപുരം: സ്വപ്നങ്ങൾ മണൽക്കാട്ടിൽ ഉപേക്ഷിച്ച് എത്തുന്നവരെയും കാത്ത് വിമാനത്താവളത്തിന്മുന്നിൽ ബന്ധുക്കളുടെ കാത്തുനിൽപ്പ്. സൗദിയിൽ നിതാഖാത് നിയമം ശക്തമാക്കിയെന്ന വാ൪ത്ത വ്യാപകമായതോടെയാണ് ഉറ്റവരെക്കാത്ത് ബന്ധുക്കൾ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നത്. പറന്നിറങ്ങിയ വിമാനങ്ങളിൽ ബന്ധുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് പലരും മടങ്ങുന്നത്.
കരിപ്പൂ൪, നെടുമ്പാശ്ശേരിവിമാനത്താവളങ്ങളിൽ സൗദിയിൽ നിന്ന് ആളുകൾ വന്നിറങ്ങിയതോടെയാണ് തിരുവനന്തപുരത്തും ബന്ധുക്കളെതേടി ആളുകൾ എത്തിത്തുടങ്ങിയത്. എന്നാൽ നിതാഖാത് നിയമപ്രകാരം ആരും ഇതുവരെയും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിട്ടില്ല. എന്നാൽ വരുംദിവസങ്ങളിൽ നിയമം തങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് കണ്ടവ൪ വിസ അവസാനിപ്പിച്ചും റീ എൻട്രി വിസ പാസ്പോ൪ട്ടിലിടിച്ചും വന്നുതുടങ്ങി.
ഇത്തരത്തിൽ വന്നിറങ്ങുന്ന പലരും ബന്ധുക്കളെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് യാത്രയാവുകയാണ്. സൗദിയിൽ നടക്കുന്ന പരിശോധന കാരണം പലരും മുറിക്ക് പുറത്തോ പണിസ്ഥലത്തിന് പുറത്തോ പോകാൻ കഴിയാതെ കഴിയുകയാണെന്ന് വന്നിറങ്ങിയവ൪ പറയുന്നു. ഒരാളെ പിടികൂടിയാൽ അയാളുടെ കൈവശമുള്ള മൊബൈൽ ഫോൺവഴി മറ്റ് സുഹൃത്തുക്കൾ താമസിക്കുന്ന സ്ഥലം തിരിച്ചറിയുന്നതുമൂലം പലരും ഫോൺ ഓഫാക്കിവെച്ചിരിക്കുകയാണ്.
ബന്ധുക്കൾക്കും മറ്റും നൽകാൻ വാങ്ങി സൂക്ഷിച്ച സാധനങ്ങൾ നിതാഖാത്തിൻെറ പേരിൽ പിടികൂടിയാൽ നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിനാൽ നാട്ടിലേക്ക് വരുന്നവരിൽ പലരോടും ഇവ കൊണ്ടുപോകാൻ പലരും അപേക്ഷിക്കുകയാണ്. ഏറ്റവുമധികം തിരുവനന്തപുരത്തുകാ൪ ജോലിചെയ്യുന്ന ഗൾഫ്രാജ്യമാണ് സൗദി. ഉള്ളതെല്ലാം വിറ്റുപെറുക്കി വിസക്ക് പണംകൊടുത്ത് വിമാനം കയറിയവരിൽ ഭൂരിപക്ഷവും കടംവീടാതെ തിരികെ വരേണ്ടിവരുമെന്നത് പല കുടുംബങ്ങളുടെയും നെഞ്ചിലെ തീയായി മാറിക്കഴിഞ്ഞു.
അധികംപേരും ഫ്രീ വിസയിലാണ് ജോലി ചെയ്യുന്നത്. നിതാഖാത് നിയമത്തിൽ ആദ്യം പിടികൂടുക ഇത്തരക്കാരെയാണ്. ബസ്, ടാക്സികൾ വരെ പരിശോധന ശക്തമാക്കിയതോടെ സൗദിയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോകാൻപോലും ഇവ൪ക്ക് കഴിയാത്ത അവസ്ഥയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.