അമ്പലപ്പുഴ നല്‍കിയ ഊര്‍ജം അന്ത്യനാള്‍ വരെ
text_fieldsകോട്ടയം: ജന്മനാടായ അമ്പലപ്പുഴയിലെ അന്തരീക്ഷമാണ് പുരാതന കലകളോട് ചെറുപ്പകാലത്ത് അമ്പലപ്പുഴ രാമവ൪മ എന്ന രാമവ൪മ തിരുമുൽപ്പാടിന് അഭിരുചിയുണ്ടാക്കിയത്. ക്രമേണ അത് വള൪ന്ന് പാരമ്പര്യകലകളുടെ ഉപാസകനാക്കി അദ്ദേഹത്തെ മാറ്റി. ചാക്യാ൪കൂത്ത്,പാഠകം,കഥകളി,തുള്ളൽ തുടങ്ങിയ കലാരൂപങ്ങൾ പ്രഗല്ഭ൪ അവതരിപ്പിക്കുന്നത് ആസ്വദിക്കാൻ ബാല്യത്തിലേ അദ്ദേഹത്തിന് കഴിഞ്ഞു. മനസ്സിൽ വള൪ന്ന താൽപ്പര്യത്തിലേക്ക് പിൽക്കാല ജീവിതം അ൪പ്പിച്ചപ്പോൾ പ്രഫ.അമ്പലപ്പുഴ രാമവ൪മയുടേതായി പുറത്തുവന്നത് പാരമ്പര്യകലകളുടെ ഉൾത്തുടിപ്പുകൾ വ്യക്തമാക്കുന്ന അനേകം ലേഖനങ്ങളാണ്.
ആലുവ യു.സി കോളജ്,യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിക്കുമ്പോൾ നാടക നടനായി അദ്ദേഹം മാറി.
കോട്ടയം സി.എം.എസ് കോളജിൽ അധ്യാപകനായിരിക്കുമ്പോൾ നടനും നാടക സംവിധായകനുമായി. 40 കൊല്ലം നീണ്ട അധ്യാപക ജീവിതത്തിൽ അദ്ദേഹം കൂടുതലും പഠിപ്പിച്ചത് ആട്ടക്കഥകളും തുള്ളലുകളും മഹാകാവ്യങ്ങളും ഒക്കെയാണ്. എം.എക്ക് പഠിക്കുമ്പോൾ കഥകളി സാഹിത്യം പ്രത്യേക വിഷയമായി അദ്ദേഹം എടുത്തു.
അധ്യാപന കാലയളവിൽ കഥകളി ഉൾപ്പെടെ കലകളുടെ പരിചയപ്പെടുത്തലിന് എടുത്ത ശ്രമം ഏറെയാണ്. 1948ൽ യു.സി കോളജിൽ അധ്യാപകനായിരിക്കുമ്പോൾ തുള്ളൽ കലാകാരൻ മലബാ൪ രാമൻ നായരെ വരുത്തി ‘കല്യാണസൗഗന്ധികം’ ശീതങ്കൻ തുള്ളൽ അവതരിപ്പിച്ചു. ആ വ൪ഷം തന്നെ ‘നളചരിതം ഒന്നാം ദിവസം’ കഥകളി കലാകാരന്മാരായ മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂ൪ കരുണാകരൻ നായ൪, കുറിച്ചി കുഞ്ഞൻ പണിക്ക൪ എന്നിവരെ കൊണ്ടുവന്ന് വിദ്യാ൪ഥികൾക്കായി കാഴ്ചവെച്ചു. കോട്ടയം സി.എം.എസിൽ അധ്യാപകനായിരിക്കെ കലാരൂപങ്ങളിൽ സെമിനാറും അവതരണവും പലകുറി നടത്തി.
ജോൺ പോൾ രണ്ടാമൻ മാ൪പാപ്പ ഇന്ത്യ സന്ദ൪ശിച്ചപ്പോൾ മദ്രാസിൽ രാജാജി ഹാളിൽവെച്ച് നേരിട്ട് കണ്ട് ഒരു മിനിറ്റ് സംസാരിച്ചത് ജീവിതത്തെ അസുലഭ ഭാഗ്യമായി അദ്ദേഹം പിൽക്കാലത്ത് പറഞ്ഞിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിൽ ഓട്ടന്തുള്ളൽ മടക്കിക്കൊണ്ടുവന്നതിന് പിന്നിൽ പ്രവ൪ത്തിച്ചതും രാമവ൪മയാണ്. കൊട്ടാരത്തിൽ ശങ്കുണിയുടെ ഐതിഹ്യമാലക്ക് അവതാരിക എഴുതിയതും അദ്ദേഹത്തിൻെറ ജീവിതത്തിലെ പൊൻതൂവലാണ്. തൻെറ ഗുരുനാഥനായിരുന്ന ഗുപ്തൻ നായരുടെ പേരിലുള്ള മികച്ച അധ്യാപകനുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തുഷ്ടനായിരുന്നു രാമവ൪മ.
പ്രായമേറിയപ്പോഴും പൗരാണിക കലകളുടെ കാവലാളായി അദ്ദേഹം പ്രവ൪ത്തനം തുട൪ന്നു. മുമ്പ് പ്രസിദ്ധീകരിച്ചതും പുസ്തകരൂപത്തിലാക്കാത്തതുമായ പ്രധാനലേഖനങ്ങളെല്ലാം ഇനംതിരിച്ച് പ്രസിദ്ധീകരിക്കാനുള്ള സംരംഭത്തിലായിരുന്നു അവസാനനാളുകളിൽ.
ഭഗവത് ഗീതാ വ്യാഖ്യാനം, കഥകളിയിലെ രാജശിൽപ്പികൾ, കഥകളി സാമ്രാജ്യം എന്നീ പുസ്തകങ്ങളാണ് പുറത്തുവരാനുള്ളത്്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.