ഒമാന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി
text_fieldsമസ്കത്ത്: സൊഹാ൪ തുറമുഖത്തേക്ക് ചരക്കുമായി വരികയായിരുന്ന കപ്പൽ എൻജിൻ റൂമിലുണ്ടായ തീപിടിത്തത്തെ തുട൪ന്ന് ഭാഗികമായി മുങ്ങി. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. കപ്പലിൽ നിന്ന് എണ്ണ കടലിൽ പരക്കുന്നത് തടയാനും സാഹചര്യങ്ങൾ വിലയിരുത്താനുമായി ഒമാൻ റോയൽ നേവിയുടെ കപ്പലുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കപ്പലിലെ ചരക്ക് വീണ്ടെടുക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. തീ പൂ൪ണമായും അണക്കാൻ കഴിഞ്ഞതായും കപ്പൽ പൂ൪ണമായും മുങ്ങിയിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് മറൈൻ അഫയേഴ്സ് അറിയിച്ചു.
ലൈബീരിയൻ പതാക വഹിക്കുന്ന ‘എം.വി അറ്റ്ലാൻറിക് കോൺഫിഡൻസ്’ എന്ന കപ്പലാണ് ഞായറാഴ്ച അപകടത്തിൽ പെട്ടത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള നി൪മാണത്തിനുള്ള സ്റ്റീൽ ഉരുപ്പടികളുമായി തു൪ക്കിയിൽ നിന്ന് സൊഹാറിലേക്ക് പുറപ്പെട്ട കപ്പലിൻെറ എൻജിൻ റൂമിൽ ഒമാനിലെ മസീറ ഐലൻറിൽനിന്ന് 140 നോട്ടിക്കൽ മൈൽ അകലെ വെച്ച് തീപിടിക്കുകയായിരുന്നു. തീ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ കപ്പൽ ഉപേക്ഷിച്ച് നാവിക൪ ലൈഫ് ബോട്ടിൻെറ സഹായത്തോടെ രക്ഷപ്പെട്ടു. സഹായം അഭ്യ൪ഥിച്ച് എസ്.ഒ.എസ് സന്ദേശവും അയച്ചു. കടൽക്കൊള്ളക്കാരുടെ ആക്രമണം തടയാൻ കടലിൽ റോന്തുചുറ്റിയിരുന്ന നാറ്റോ ദൗത്യ സംഘത്തിൻെറ കപ്പൽ കമാൻഡ൪ അഡ്മിറൽ അൻേറാണിയോ നതാലെക്കാണ് സന്ദേശം ലഭിച്ചത്. യു.എസ്.എസ് നികോളാസ് എന്ന പടക്കപ്പലിനോട് എത്രയും വേഗം സ്ഥലത്തെത്തി രക്ഷാപ്രവ൪ത്തനം നടത്താൻ അദ്ദേഹം നി൪ദേശിച്ചു. ഹെലികോപ്റ്ററിൽ രക്ഷാപ്രവ൪ത്തനത്തിന് പുറപ്പെട്ട സൈനിക൪ 80 മൈൽ അകലെ അപകടത്തിൽ പെട്ട കപ്പൽ കണ്ടെത്തി. ലൈഫ് ബോട്ടിൽ നിന്ന് 21 നാവികരെയും രക്ഷപ്പെടുത്തി സമീപത്തുണ്ടായിരുന്ന പ്ളൂട്ടോ എന്ന എണ്ണക്കപ്പലിലെത്തിച്ചു. ആ൪ക്കും പരിക്കൊന്നുമില്ല.
കപ്പലിൽ നിന്ന് എണ്ണ കടലിൽ പടരുന്നത് തടയാൻ ഒമാൻ പരിസ്ഥിതി മന്ത്രാലയത്തിൻെറ മലിനീകരണ നിയന്ത്രണ സംഘം മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. റോയൽ നേവി ഓഫ് ഒമാൻെറ കപ്പലുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അവരുടെ റിപ്പോ൪ട്ടനുസരിച്ച് തുട൪ നടപടി സ്വീകരിക്കും. ചരക്കുകപ്പലായതിനാൽ നിലവിലെ സാഹചര്യമനുസരിച്ച് എണ്ണ ചോരാൻ സാധ്യതയില്ല. എൻജിനിൽ നിന്ന് ചോരുന്ന എണ്ണ ആവിയായിപ്പോകുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും ഏത് സാഹചര്യവും നേരിടാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. രക്ഷാകപ്പലുകളുടെ സഹായത്തോടെ അപകടത്തിൽ പെട്ട കപ്പലിലെ ചരക്ക് വീണ്ടെടുക്കാൻ ഉടമസ്ഥരായ തു൪ക്കി കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. രക്ഷാകപ്പലുകൾ എത്തുന്നതുവരെ അപകടമുണ്ടായ സ്ഥലത്ത് റോയൽ നേവിയുടെ കപ്പലുകൾ സുരക്ഷയൊരുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.