ടി.പി വധം: സാക്ഷികള്‍ വീണ്ടും കൂറുമാറി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ബുധനാഴ്ച വിസ്തരിച്ച മൂന്നു സാക്ഷികളും മൊഴിമാറ്റിയതോടെ പ്രതിഭാഗത്തിനനുകൂലമായി കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി. മൊത്തം 40 സാക്ഷികളെയാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ ഇതിനകം വിസ്തരിച്ചത്. 38, 39, 40 സാക്ഷികളായ പുൽപ്പള്ളി ചെറ്റപ്പാലം ചുരക്കുഴിയിൽ ഷെ൪ലെറ്റ്, കുണ്ടുച്ചിറ പൊന്ന്യം മുരളീധരാലയം പി.കെ. പ്രത്യുഷ്, പൊന്ന്യം കുണ്ടുചിറ ഓടയിൽ മുകുന്ദൻ എന്നിവരാണ് ബുധനാഴ്ച കൂറുമാറിയത്. കൂറുമാറുമെന്ന് സൂചനയുണ്ടായിരുന്ന 76ാം സാക്ഷി സത്യജിത്, 78ാം സാക്ഷി രഘുനാഥൻ എന്നിവരെ പ്രോസിക്യൂഷൻ ഒഴിവാക്കി. 58ാം സാക്ഷി ബിശ്വാസിനെ മറ്റൊരു ദിവസം വിസ്തരിക്കും.
ടി.പി കൊല്ലപ്പെട്ടതിന് പിറ്റേന്ന് 2012 മേയ് നാലിന് രാത്രി 11ന് 33ാം പ്രതി ഷനോജ് എന്ന കേളൻ ഫോണിൽ വിളിച്ച് താൻ റിസപ്ഷനിസ്റ്റായ കൂത്തുപറമ്പ് ലിൻഡാസ് ലോഡ്ജിൽ മുറി ബുക് ചെയ്തുവെന്നും 11.30 ഓടെ ഷനോജും നാലാം പ്രതി ടി.കെ. രജീഷും ലോഡ്ജിലെത്തിയെന്നുമുള്ള മൊഴിയാണ് ഷെ൪ലറ്റ് നിഷേധിച്ചത്.41ാം പ്രതി എം. സനീഷ് ആവശ്യപ്പെട്ടപ്രകാരം അഞ്ച് പ്രതികളെ തൻെറ ഓട്ടോയിൽ ടി.പി മരിച്ചതിന് പിറ്റേന്ന് കൂത്തുപറമ്പ് സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിനു മുന്നിൽ കൊണ്ടിറക്കിയെന്നും അവരെ സ്വീകരിക്കാൻ സനീഷ് ബൈക്കിലും 42ാം പ്രതി സി. ബാബുവിനൊപ്പം 70ാം പ്രതി സി.പി.എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി കെ. ധനഞ്ജയൻ ഓഫിസിൽനിന്നും ഇറങ്ങിവന്നെന്നുമുള്ള മൊഴി 39ാം സാക്ഷി പ്രത്യുഷും നിഷേധിച്ചു.
പ്രതികളെ രക്ഷപ്പെടുത്താൻ എം. സനീഷ് ഉപയോഗിച്ച ബൈക്ക് തൻെറ തൊട്ടയൽപക്കത്തുള്ള സനീഷിൻെറ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തുവെന്ന മൊഴി 40ാം സാക്ഷി മുകുന്ദനും നിഷേധിച്ചു.
ഷനോജ് മുറിയാവശ്യപ്പെട്ട് വിളിച്ചതായി തനിക്ക് ഓ൪മയില്ലെന്ന് മൊഴി നൽകിയതോടെ ഷെ൪ലറ്റ് കൂറുമാറിയതായി പ്രഖ്യാപിക്കാൻ സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ. പി. കുമാരൻ കുട്ടി ആവശ്യപ്പെടുകയായിരുന്നു. ടി.കെ. രജീഷിനെ അറിയില്ലെന്ന് പറഞ്ഞ ഷെ൪ലറ്റ് ലോഡ്ജിലെ രജിസ്ട്രേഷൻ കാ൪ഡിൽ കാണുന്ന കൈയക്ഷരം തൻേറതെന്ന് സമ്മതിച്ചു. 2012 മേയ് നാലിന് ഷനോജ് മുറിയെടുക്കാൻ തിരിച്ചറിയലിനു കൊടുത്ത ഡ്രൈവിങ് ലൈസൻസ് കോപ്പി പൊലീസ് ഹാജരാക്കിയത് താൻ ആദ്യം കാണുന്നത് കോടതിയിലാണെന്ന് ഷെ൪ലറ്റ് മൊഴി നൽകി. മുറിയെടുത്തത് രാത്രി 11.30 ഓടെയാണെങ്കിലും 8.30 എന്ന് ഷനോജിൻെറ ആവശ്യപ്രകാരം രജിസ്ട്രേഷൻ കാ൪ഡിൽ എഴുതിയെന്ന ആരോപണവും നിഷേധിച്ചു.
പൊലീസ് ബ്ളാങ്ക് രജിസ്ട്രേഷൻ കാ൪ഡ് കൊണ്ടുപോയതായും വടകര സി.ഐ ഓഫിസിൽവെച്ച് തൻെറ കൈപ്പടയിൽ എഴുതിച്ചതായും പ്രതിഭാഗം അഭിഭാഷകൻ അഡ്വ. എം. അശോകൻെറ വിസ്താരത്തിൽ ഷെ൪ലെറ്റ് മൊഴി നൽകി. പ്രതിഭാഗത്തിനായി അഡ്വ. പി.വി. ഹരിയും ഷെ൪ലെറ്റിനെ വിസ്തരിച്ചു. പ്രതികളായ ഷനോജിനെയും ടി.കെ. രജീഷിനെയും പ്രതിക്കൂട്ടിൽ എഴുന്നേൽപ്പിച്ച് നി൪ത്തിയെങ്കിലും അവരെ അറിയില്ലെന്ന് ഷെ൪ലെറ്റ് മൊഴി നൽകി.
കേസന്വേഷണ സമയം പൊലീസ് വിട്ടുകൊടുത്ത ഓട്ടോറിക്ഷയുമായാണ് 39ാം സാക്ഷി പ്രത്യുഷ് മൊഴി പറയാനെത്തിയത്. പ്രതികളെ സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറി ഓഫിസിലെത്തിക്കാൻ മറ്റൊരു പ്രതിയായ സനീഷ് മൊബൈലിൽ വിളിച്ചിട്ടില്ലെന്ന് പറഞ്ഞതോടെ പ്രത്യുഷ് കുറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. 70ാം പ്രതി ധനഞ്ജയനെയും 42ാം പ്രതി ബാബുവിനെയും തിരിച്ചറിയാനാവില്ലെന്ന് ഇയാൾ പറഞ്ഞു. ടി.പി വധിക്കപ്പെട്ടതിന് പിറ്റേദിവസം തൻെറ ഓട്ടോറിക്ഷ മുതലാളിയുടെ വീട്ടിലായിരുന്നു. സി.ഐ.ടി.യുക്കാരനും സി.പി.എം അനുഭാവിയുമാണെന്നും പ്രതികളുടെ ആളുകളെ ഭയന്നാണ് മൊഴി മാറ്റുന്നതെന്നുമുള്ള പ്രോസിക്യൂഷൻ വാദം പ്രത്യുഷ് നിഷേധിച്ചു.അയൽക്കാരനെന്ന് പറയുന്ന പ്രതി സനീഷിനെ തനിക്കറിയില്ലെന്നും പൊലീസ് ഹാജരാക്കിയ രേഖകളിലുള്ള തൻെറ ഒപ്പിനെപ്പറ്റി സംശയമുണ്ടെന്നും 40ാം സാക്ഷി മുകുന്ദനും മൊഴി നൽകി.
സി.പി.എം അനുഭാവിയാണെന്നും സത്യം പറഞ്ഞാൽ ഒറ്റപ്പെടുമെന്ന ഭയമാണ് മൊഴിമാറ്റാൻ കാരണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം മുകുന്ദൻ നിഷേധിച്ചു.79 മുതൽ 89 വരെ 10 സാക്ഷികളെ വ്യാഴാഴ്ച വിസ്തരിക്കാനാണ് തീരുമാനം. തൊണ്ടി സാധനങ്ങൾ കണ്ടെടുത്ത വിവിധ മഹസറുകളിൽ ഒപ്പിട്ടവരാണിവ൪. 88ാം സാക്ഷി യൂസുഫ്, 89ാം സാക്ഷി അസീസ് എന്നിവ൪ 13ാം പ്രതിയും സി.പി.എം നേതാവുമായ പി.കെ. കുഞ്ഞനന്തൻെറ അയൽവാസികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.