കുടിവെള്ളക്ഷാമം: 15ന് ശേഷവും ജലവിതരണം തുടരും-മന്ത്രി
text_fieldsകോട്ടയം: മഴ ലഭിച്ചില്ലെങ്കിൽ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഏപ്രിൽ 15നുശേഷവും വിതരണം നടത്തുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഇതിന് ഫണ്ട് തടസ്സം ഉണ്ടാവില്ല. ജില്ലയിലെ വരൾച്ചാസ്ഥിതിയും ദുരിതാശ്വാസ പ്രവ൪ത്തനങ്ങളും അവലോകനം ചെയ്യാൻ കലക്ടറേറ്റിൽ ചേ൪ന്ന എം.പിമാരുടെയും എം.എൽ.എമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും അവസരത്തിനൊത്ത് ഉയ൪ന്ന് പ്രവ൪ത്തിക്കുന്നുണ്ടെങ്കിലും വരൾച്ചയുടെ രൂക്ഷത ദിനംപ്രതി വ൪ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ളക്ഷാമം ഉള്ളിടത്തൊക്കെ ദാഹജലം എത്തിക്കാൻ സ൪ക്കാ൪ ബാധ്യസ്ഥമാണ്. 67 ലക്ഷം രൂപ കുടിവെള്ള വിതരണത്തിനായി ഇതുവരെ ചെലവഴിച്ചു.
ജില്ലയിൽ 3161 പോയൻറുകളിൽ ഇപ്പോൾ കുടിവെള്ളമെത്തിക്കുന്നുണ്ട്. ഏപ്രിൽ 15വരെ കുടിവെള്ള വിതരണം നടത്താനാണ് തീരുമാനിച്ചതെങ്കിലും മഴ ലഭിച്ചുതുടങ്ങിയില്ലെങ്കിൽ അതിനുശേഷവും വിതരണം തുടരും. ഈ സീസണിൽ പ്രയോജനകരമാകുന്ന, ഭരണാനുമതി ലഭിച്ച ജലവിതരണ പദ്ധതികളുടെ നി൪മാണം അടിയന്തരമായി പൂ൪ത്തിയാക്കാൻ മന്ത്രി വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. 3.17 കോടി രൂപക്കുള്ള ഭരണാനുമതി ഇതുവരെ നൽകിയിട്ടുണ്ട്. 85 പ്രവൃത്തികൾ പൂ൪ത്തിയായി. 130 എണ്ണം പൂ൪ത്തിയാകാനുണ്ടെന്നും മന്ത്രി പറഞ്ഞു. കായലുകളിലെ പോള നീക്കുന്നതിൽ വന്ന കാലതാമസം സംബന്ധിച്ച് കലക്ട൪ നേരിട്ട് പരിശോധിക്കണമെന്നും മന്ത്രി നി൪ദേശിച്ചു.
വാട്ട൪ അതോറിറ്റി ഓവ൪ഹെഡ് ടാങ്ക്, ബൂസ്റ്റ൪ പമ്പ് എന്നിവ ഉപയോഗിച്ച് ജലവിതരണം കാര്യക്ഷമമാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞു. ദുരിതാശ്വാസപ്രവ൪ത്തനങ്ങൾക്കായി സമ൪പ്പിച്ച അവശേഷിക്കുന്ന സ്കീമുകൾക്കുകൂടി എത്രയും പെട്ടെന്ന് അനുമതി നൽകണമെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന പാറമടകളിൽ നിന്ന് ലഭിക്കുന്ന വെള്ളത്തിൻെറ ഗുണനിലവാരം പരിശോധിക്കണമെന്ന് പ്രഫ.എൻ.ജയരാജ് എം. എൽ.എ ആവശ്യപ്പെട്ടു. കുളത്തൂ൪മൂഴി ചെക് ഡാം പ്രവ൪ത്തനക്ഷമമാക്കണമെന്നും മണിമലയാറ്റിൽ ഫാക്ടറി മാലിന്യം എത്തുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.വൈക്കത്ത് കായലോര പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണെന്ന് കെ. അജിത് എം.എൽ.എ പറഞ്ഞു. നെല്ല് സംഭരിക്കാനോ കരിഞ്ഞുണങ്ങി നഷ്ടം സംഭവിച്ച ക൪ഷക൪ക്ക് സാമ്പത്തികസഹായം ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല. മറവൻതുരുത്ത് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും തീരം ഇടിച്ച് മണൽവാരൽ വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിലെ ചില പ്രദേശങ്ങളിലെ ഡെങ്കിപ്പനി ബാധയും ച൪ച്ചാവിഷയമായി. ഡി.എം.ഒയുടെ നേതൃത്വത്തിൽ ഡോക്ട൪മാരും പാരാമെഡിക്കൽ സ്റ്റാഫും തദ്ദേശ സ്ഥാപനങ്ങളോട് ഒത്തുചേ൪ന്ന് പ്രവ൪ത്തിക്കുന്നുണ്ടെന്ന് കലക്ട൪ മിനി ആൻറണി അറിയിച്ചു. ജോസ് കെ. മാണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധ വി. നായ൪, വൈസ് പ്രസിഡൻറ് കെ.എ. അപ്പച്ചൻ, വിവിധ ബ്ളോക്, മുനിസിപ്പാലിറ്റി അധ്യക്ഷന്മാ൪, ജില്ല പഞ്ചായത്തംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.