കസ്റ്റംസും സി.ഐ.എസ്.എഫും ഏറ്റുമുട്ടി; നെടുമ്പാശേരിയില്‍ യാത്രക്കാര്‍ വലഞ്ഞു
text_fieldsനെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസും സി.ഐ.എസ്.എഫും തമ്മിൽ ഏറ്റുമുട്ടിയതിനെ തുട൪ന്ന് 20 മിനിറ്റോളം കസ്റ്റംസ് നടപടി തടസ്സപ്പെട്ടു. പിന്നീട് വിമാനത്താവള കമ്പനി അധികൃതരെത്തി അന്വേഷണത്തിന് ഉത്തരവിട്ടതോടെ പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.
വിമാനത്താവളത്തിലെ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണ൪ സി.മാധവനും മറ്റൊരു ഓഫിസറും കൂടി കസ്റ്റംസ് മേഖലയിലേക്ക് കടക്കാനെത്തിയപ്പോൾ സി.ഐ.എസ്.എഫിൻെറ വനിത എസ്.ഐ തടഞ്ഞു. ഇരുവരും കസ്റ്റംസിൻെറ യൂനിഫോമിൽ തന്നെയാണെത്തിയത്. എന്നാൽ, പാസ്പോ൪ട്ട് ആവശ്യപ്പെട്ടപ്പോൾ കാണിക്കാതിരുന്നതിനാലാണ് തടഞ്ഞതെന്ന് സി.ഐ.എസ്.എഫുകാ൪ പറയുന്നു.
ഡെപ്യൂട്ടി കമീഷണറുടെ സാന്നിധ്യമില്ലാതെ കസ്റ്റംസ് നടപടികൾ തുടരാനാവില്ലെന്ന് മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥ൪ വ്യക്തമാക്കിയതോടെ പ്രശ്നം വഷളായി. തന്നെ അപമാനിച്ച സി.ഐ.എസ്.എഫുകാരിയെ ഡ്യൂട്ടി പോയൻറിൽ നിന്ന് മാറ്റിയേ പറ്റൂവെന്ന നിലപാടിൽ ഡെപ്യൂട്ടി കമീഷണ൪ ഉറച്ചുനിന്നു. ഗത്യന്തരമില്ലാതെ വനിത എസ്.ഐയെ ഡ്യൂട്ടിപോയൻറിൽ നിന്ന് മാറ്റി സംഭവത്തെക്കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.