ഗെയില്‍ വാതകപൈപ്പ് സ്ഥലമെടുപ്പിനെതിരെ വീണ്ടും സമരപുറപ്പാട്
text_fieldsമലപ്പുറം: ദേശീയപാത, ഗെയിൽ വാതകപൈപ്പ് ലൈൻ എന്നിവയുടെ സ്ഥലമെടുപ്പിനൊപ്പം അതിവേഗ റെയിൽ പാതയുടെ നടപടികളും മുന്നോട്ട്. മൂന്ന് പദ്ധതികൾക്കും ജില്ലയിൽ സ്ഥലമെടുപ്പ് ആവശ്യമായതിനാൽ കുടിയൊഴിപ്പിക്കലിനെതിരെ വീണ്ടും എതി൪പ്പ് ശക്തമാവുന്നു. അതിവേഗ റെയിൽ പാതയുടെ വിശദ പദ്ധതി റിപ്പോ൪ട്ട് (ഡി.പി.ആ൪) ഒക്ടോബറിൽ സ൪ക്കാറിന് സമ൪പ്പിക്കാനാണ് നി൪മാണചുമതലുള്ള ദൽഹി മെട്രോ റെയിൽവേ കോ൪പറേഷൻെറ നീക്കം. ഫീൽഡ് സ൪വേയാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ ഏപ്രിൽ 24ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി സ൪വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. പാതക്കായി ജനവാസമേഖലയിൽ അടയാളമിട്ടതിനെതിരെ നേരത്തെ ജനരോഷമുയ൪ന്നിരുന്നു. അലൈൻമെൻറ് മാറ്റാതെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ സ്ഥലമുടമകൾ ആശങ്കയിലാണ്.
ദേശീയപാത സ്ഥലമെടുപ്പിനെതിരെ ഇതിനകം പ്രതിഷേധമുയ൪ന്നിട്ടുണ്ട്. എൻ.എച്ച് 17ലുൾപ്പെട്ട കുറ്റിപ്പുറം പാലം മുതൽ തൃശൂ൪ ജില്ലാതി൪ത്തിയായ കാപ്പിരിക്കാട് വരെയുള്ള 31.65 കിലോമീറ്റ൪ ദൂരത്തിൻെറ വിജ്ഞാപനം ജനുവരിയിൽ പുറപ്പെടുവിച്ചിരുന്നു. ഹിയറിങ്പോലും തുടങ്ങും മുമ്പ് ഏപ്രിൽ 15ന് സ൪വേ ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. കുറ്റിപ്പുറം മുതൽ ഇടിമൂഴിക്കൽവരെയുള്ള 56 കിലോമീറ്ററിൻെറ വിജ്ഞാപനം ഈ മാസം പുറപ്പെടുവിക്കുമെന്നും സൂചനയുണ്ട്.
ജനങ്ങളുടെ വൻ പ്രതിഷേധത്തെതുട൪ന്ന് നേരത്തെ പാതയുടെ സ൪വേ രണ്ട് തവണ നി൪ത്തിവെച്ചിരുന്നു. പാത 45 മീറ്റ൪ വീതിയിൽ വികസിപ്പിക്കാൻ വൻ കുടിയൊഴിപ്പിക്കൽ വേണ്ടിവരും.
ഗെയിൽ വാതകപൈപ്പ്ലൈനിൻെറ സ്ഥലമെടുപ്പിന് ഭൂവുടമകളെ അനുനയിപ്പിക്കാൻ കലക്ട൪ തിങ്കളാഴ്ച മുതൽ ഏപ്രിൽ 16 വരെ വിവിധ പഞ്ചായത്തുകളിൽ വിളിച്ച യോഗം ബഹിഷ്കരിക്കാനാണ് ഇരകളുടെ തീരുമാനം. മലപ്പുറത്ത് എട്ട് പഞ്ചായത്തുകളിലായി 56 കി.മീ നീളത്തിലും 20 മീറ്റ൪ വീതിയിലുമാണ് നി൪ദിഷ്ട പൈപ്പ്ലൈനിന് സ്ഥലമെടുക്കേണ്ടത്. ന്യായവിലയുടെ 50 ശതമാനം നൽകാമെന്ന ഗെയിലിൻെറ പുതിയ നി൪ദേശം ഇരകൾ അംഗീകരിച്ചിട്ടില്ല. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കിയുള്ള അലൈൻറ്മെൻറ് വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, നേരത്തെ നിശ്ചയിച്ച റൂട്ടിൽ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഗെയിൽ തീരുമാനം. മൂന്ന് പദ്ധതികൾക്കും സ്ഥലമെടുപ്പ് ഉണ്ടായാൽ ജില്ല വൻപ്രതിഷേധ സമരങ്ങൾക്കാണ് വേദിയാവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.