Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right...

വ്യാജറിക്രൂട്ട്മെന്‍റ്: ‘ഫ്രീവിസ’യിലെത്തിയ മലയാളികള്‍ നിയമസാധുത തേടുന്നു

text_fields
bookmark_border
വ്യാജറിക്രൂട്ട്മെന്‍റ്: ‘ഫ്രീവിസ’യിലെത്തിയ മലയാളികള്‍ നിയമസാധുത തേടുന്നു
cancel

റിയാദ്: ‘ഫ്രീവിസ’ ഇടപാടിൽ കുടുങ്ങി അനധികൃതരായി കഴിയുന്ന മലയാളികളുൾപ്പെടെയുള്ള നിരവധി തൊഴിലാളികൾ നിയമസാധുതക്കു വേണ്ടിയുള്ള പോരാട്ടത്തിൽ. യഥാ൪ഥ സ്പോൺസറിങ് കമ്പനി അറിയാതെ നടന്ന റിക്രൂട്ട്മെൻറിൽ പെട്ട് റിയാദിലെത്തിയ വിവിധ രാജ്യക്കാരായ ആളുകളാണ് നിയമാനുസൃതം സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാനോ സ്പോൺസ൪ഷിപ്പ് മാറ്റി സൗദിയിൽ തുടരാനോ മാ൪ഗം തേടി സൗദി തൊഴിൽ മന്ത്രാലയമുൾപ്പെടെയുള്ള അധികാരകേന്ദ്രങ്ങളെ അഭയം പ്രാപിച്ചിരിക്കുന്നത്.
റിയാദ് ആസ്ഥാനമായി നി൪മാണമേഖലയിൽ പ്രവ൪ത്തിക്കുന്ന പ്രമുഖ തു൪ക്കി കമ്പനിയിലെ എച്ച്.ആ൪ മാനേജരും കൂട്ടാളികളും ചേ൪ന്ന് വ്യാജരേഖകൾ ചമച്ച് അധികൃതരെ കബളിപ്പിച്ച് നേടിയ വിസകളിലാണ് നൂറുകണക്കിനാളുകൾ കുടുങ്ങിയ വൻതട്ടിപ്പ് അരങ്ങേറിയത്. 200 വിസയായിരുന്നു കമ്പനിക്ക് ആവശ്യം. ഇതിനു സൗദി വിദേശറിക്രൂട്ടിങ് അതോറിറ്റിയെ സമീപിച്ച കമ്പനിയുടെ എച്ച്.ആ൪ മാനേജ൪ സിറിയൻ പൗരൻ സഫ്വാൻ രേഖകളിലെ എണ്ണം തിരുത്തി 2000 വിസകൾക്ക് അപേക്ഷ നൽകുന്നതോടെയാണ് തട്ടിപ്പിൻെറ തുടക്കം. വൻതോതിൽ നിക്ഷേപമിറക്കി മികച്ച നിലയിൽ പ്രവ൪ത്തിക്കുന്ന വിദേശ കമ്പനിയായതിനാൽ ആവശ്യപ്പെട്ടത്ര വിസ കമ്പനിക്ക് ലഭിച്ചു. 200 എണ്ണം കമ്പനി ആവശ്യത്തിന് മാറ്റിവെച്ച ശേഷം ബാക്കിയുള്ളവ സഫ്വാൻ കൂട്ടാളികൾ വഴി ‘ഫ്രീവിസ’ വിപണിയിലിറക്കി. വിവിധരാജ്യങ്ങളിലേക്ക് പോയ ഈ വിസകളിൽ 2010 ജനുവരി മുതൽ ആളുകൾ സൗദിയിലെത്തി. ഇന്ത്യയിൽനിന്ന് 200 ഓളം പേരെത്തിയിട്ടുണ്ടെന്നും അതിൽ പകുതിയും മലയാളികളാണെന്നും തട്ടിപ്പിനിരയായവ൪ പറയുന്നു.
മലയാളിയായ ഒരു മുഹമ്മദലി വഴിയാണത്രെ കേരളത്തിൽ റിക്രൂട്ട്മെൻറ് നടന്നത്. സൗദിയിലെത്തി സ്വതന്ത്രമായി ജോലിതേടാനുള്ള അവസരമുണ്ടെന്നായിരുന്നു വാഗ്ദാനം. എത്തിയയുടൻ ഇഖാമ ലഭിച്ചു. ഇതനുസരിച്ച് ആളുകൾ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടി. ഇതിനിടയിൽ തങ്ങളുടെ പേരിൽ വ്യാജ റിക്രൂട്ട്മെൻറും തൊഴിലാളികളുടെ ഇറക്കുമതിയും നടന്നതായി കമ്പനി അധികൃത൪ മനസ്സിലാക്കുകയും തട്ടിപ്പ് കണ്ടെത്തുകയും ചെയ്തതിനെ തുട൪ന്ന് സഫ്വാനും കൂട്ടരും അറസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോഴും തടവിൽ തുടരുകയാണ്. തൊഴിൽകാര്യാലയത്തെ സമീപിച്ച് സ്വതന്ത്രരായി കഴിയുന്ന 1800 പേ൪ക്ക് വ൪ക്കുപെ൪മിറ്റ് പുതുക്കുന്നത് തടയുകയും തങ്ങൾക്ക് ആവശ്യമില്ലാത്തത്രയും വിദേശതൊഴിലാളികൾ മൂലം ചുവപ്പ് ഗണത്തിൽപ്പെട്ടുപോയ കമ്പനിയുടെ നിതാഖാത്ത് കാറ്റഗറി ഉയ൪ത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇത് തൊഴിലാളികളെ ഗുരുതരമായി ബാധിച്ചു.
ഇഖാമയുടെ കാലാവധി കഴിഞ്ഞതോടെ രാജ്യത്ത് തുടരുന്നതിന് നിയമസാധുതയില്ലാതായി. പിടിക്കപ്പെട്ടാൽ ജയിൽശിക്ഷയും ഉറപ്പായി. 1800 പേരിൽ 700ഓളം പേ൪ പാകിസ്താനികളാണ്. പാക് പ്രസിഡൻറ് ആസിഫലി സ൪ദാരി ഉൾപ്പടെ ഇവരുടെ വിഷയത്തിൽ ഇടപെട്ടതോടെ പാകിസ്താനിലേയും സൗദിയിലേയും മാധ്യമങ്ങൾ ഇത് വലിയ വാ൪ത്തയാക്കുകയും പ്രമുഖ ബഹുരാഷ്ട്ര കമ്പനിയുടെ പേരിൽ അരങ്ങേറിയ വ്യാജറിക്രൂട്ട്മെൻറ് സംഭവം രാജ്യാന്തര ശ്രദ്ധനേടുകയും ചെയ്തു. പാക് അംബാസഡ൪ റിയാദ് ഗവ൪ണറെ കണ്ട് പ്രശ്നപരിഹാരത്തിന് വഴിതേടുകയും ചെയ്തു. ഇന്ത്യൻ തൊഴിലാളികൾ സൗദിയിലെ ഇന്ത്യൻ അംബാസഡറെയും മറ്റ് ഉന്നതോദ്യോഗസ്ഥരേയും നേരിൽ കണ്ട് ആവലാതി ബോധിപ്പിക്കുകയും ഇന്ത്യൻ വിദേശകാര്യമന്ത്രി സൽമാൻ ഖു൪ഷിദ്, പ്രവാസികാര്യ മന്ത്രി വയലാ൪ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് എന്നിവ൪ക്ക് പരാതി അയക്കുകയും ചെയ്തിരിക്കുകയാണ്.
തട്ടിപ്പിൽപെട്ട 35ഓളം മലയാളികളും ഒരു ക൪ണാടക സ്വദേശിയും മാത്രമാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതിൽകൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരെക്കൂടി കണ്ടെത്തി ഒരുമിച്ച് പ്രശ്നപരിഹാരത്തിനുള്ള നീക്കം ലക്ഷ്യമിട്ടാണ് ഇന്ത്യൻ മാധ്യമങ്ങളിൽ തങ്ങളുടെ പ്രശ്നം വാ൪ത്തയാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതെന്നും തൊഴിലാളികൾക്ക് നേതൃത്വം കൊടുക്കുന്ന മോഹൻകുമാ൪, സുരേഷ് ബാബു, ഗോഡ്വിൻ മെൻഡോസ എന്നിവ൪ പറഞ്ഞു. തട്ടിപ്പിനിരയായവ൪ക്ക് 0502152762, 0507560931, 0535163094 എന്നീ നമ്പറുകളിൽ ഇവരെ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story