രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രം
text_fieldsമനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയും കഴിഞ്ഞ ദിവസം ബഹ്റൈൻ ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സന്ദ൪ശിച്ചു. രാജ്യത്തെ വ്യാപാര-വ്യവസായ മേഖലക്ക് കരുത്തു പകരുന്നതിനായിരുന്നു ഇവരുടെ സന്ദ൪ശനം. ചേംബ൪ ചെയ൪മാൻ ഡോ. ഇസാം അബ്ദുല്ല ഫഖ്റുവും ഇതര ഭാരവാഹികളും കൂടി വിശിഷ്ടാഥികളെ സ്വീകരിച്ചു.
ഹമദ് രാജാവിന്റെ പരിഷ്കരണ പ്രവ൪ത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള സാമ്പത്തിക ഉണ൪വ് ഈ മേഖലയിൽ ഉണ്ടാക്കാൻ വ്യാപാരികളും വ്യവസായികളും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്ത് സുരക്ഷിതമായി ഏത് സംരംഭക൪ക്കം മുതൽമുടക്കാനും നിക്ഷേപ പങ്കാളികളാവാനുമുള്ള അവസരം തിരിച്ചുവരികയാണ്. ഏത് രാജ്യത്തും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളുണ്ടാകും. അത് സ്വാഭാവികവുമാണ്. എന്നാൽ, പടിപടിയായി അതിൽ നിന്നും കരകയറണം. രാജ്യത്തെ മേഖലയുടെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാററാനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിൽ എല്ലാവരും പങ്കാളികളാവണം. എന്നാൽ, ചില തൽപരകക്ഷികളും വിദേശ മാധ്യമങ്ങളുൾപ്പെടെയുള്ള ചില മാധ്യമങ്ങളും ഇവിടെയുള്ള വ്യാപാര-വ്യവസായ മേഖലയിലെ പ്രശ്നങ്ങളെ പ൪വതീകരിക്കുകയാണ്.
ഭക്ഷ്യ സുരക്ഷ, കിംഗ് ഫഹദ് കോസ്വേയിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ചില മാധ്യമങ്ങൾ പൊലിപ്പിച്ച് കാണിക്കുകയും ഇതിലൂടെ ബഹ്റൈന്റെ സാമ്പത്തിക സുസ്ഥിതി തകരാറിലാണെന്ന് പ്രചരിപ്പിക്കാനും ചില൪ ശ്രമിക്കുന്നുണ്ട്. തീവ്രവാദ പ്രവ൪ത്തനങ്ങളോ വിധ്വംസക പ്രവ൪ത്തനങ്ങളോ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തക൪ത്തിട്ടില്ല. ജനങ്ങൾ ഇത്തരം കുൽസിത ശ്രമങ്ങളെ തള്ളിക്കളയണം. രാജ്യത്തെ പൗരന്മാ൪ക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാനും ശ്രമിക്കേണ്ടതാണ്. രാജ്യത്തിന്റെ ദേശീയ വരുമാനത്തിലും സാമ്പത്തിക വള൪ച്ചയിലും വ്യാപാര-വ്യവസായ മേഖലയിലുള്ളവ൪ നൽകുന്ന പങ്ക് നിസ്തുലമാണ്. രാജ്യ പുരോഗതിയിലും വികസന പ്രവ൪ത്തനത്തിലും സ്വകാര്യ മേഖലയിലെ പങ്കാളിത്തം വളരെ വിലപ്പെട്ടതാണ്. രാജ്യത്ത് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ധാരാളമായി സൃഷ്ടിക്കപ്പെടണം. ഇതിനായുള്ള എല്ലാ സഹായ സഹകരണങ്ങളും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും പ്രധാനമന്ത്രിയും കിരീടാവകാശിയും കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.