പലിശനിരക്ക് കുറക്കണമെന്ന് ധനമന്ത്രിയും വ്യവസായ ലോകവും
text_fieldsമൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് മൂന്നുവ൪ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലെത്തിയതോടെ പലിശനിരക്കുകൾ കുറക്കണമെന്ന ആവശ്യം ശക്തമായി.
കേന്ദ്ര ധനമന്ത്രിയും വ്യവസായികളുടെ സംഘടനകളും ഈ ആവശ്യവുമായി രംഗത്തുവന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം മാ൪ച്ചിൽ 5.96 ശതമാനമായാണ് താഴ്ന്നത്. മുൻവ൪ഷം മാ൪ച്ചിൽ ഇത് 7.69 ശതമാനവും കഴിഞ്ഞ ഫെബ്രുവരിയിൽ 6.84 ശതമാനവുമായിരുന്നു. പണപ്പെരുപ്പം 6.8 ശതമാനമായിരിക്കുമെന്ന റിസ൪വ് ബാങ്കിൻെറ പോലും കണക്കുകൂട്ടൽ തെറ്റിച്ചാണ് ഇത്രയും കുറഞ്ഞത്. ഇന്ത്യയിലെ പണപ്പെരുപ്പത്തിൻെറ പ്രധാന അളവുകോലായ മൊത്തവില സൂചിക കഴിഞ്ഞ സെപ്റ്റംബ൪ മുതൽ താഴോട്ടായിരുന്നു. സെപ്റ്റംബറിൽ എട്ടുശതമാനമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിൻെറയും മറ്റ് നി൪മിത ഉൽപന്നങ്ങളുടെയും വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറയാനിടയാക്കിയത്.
പണപ്പെരുപ്പനി൪ണയത്തിൽ 65 ശതമാനം പങ്കും വഹിക്കുന്ന ഭക്ഷ്യ ഇതര നി൪മിത ഉൽപന്നങ്ങളുടെ സൂചിക 39 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്്. ഫെബ്രുവരിയിലെ 4.51ൽനിന്ന് 4.07 ആയാണ് ഇത് താഴ്ന്നത്. ഇന്ധനവില സൂചിക 10.47ൽനിന്ന് 10.18 ആയാണ് താഴ്ന്നത്.
മൊത്തവില സൂചികയും ഉപഭോക്തൃവില സൂചികയും താഴ്ന്ന സാഹചര്യത്തിൽ പലിശനിരക്കു കുറക്കുന്ന കാര്യം റിസ൪വ് ബാങ്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പി. ചിദംബരം കാനഡയിൽ വ്യക്തമാക്കി.
പുതിയ സാഹചര്യത്തിൽ പലിശനിരക്കുകൾ 100 അടിസ്ഥാന പോയൻറുകൾ കുറക്കാൻ റിസ൪വ് ബാങ്ക് തയാറാകണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസിഡൻറ് എസ്. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. പലിശനിരക്കുകൾ കുറച്ചാൽ നിക്ഷേപം സ്വാഭാവികമായി വ൪ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പം കുറയുന്ന സാഹചര്യം തുടരുമെന്നാണ് കരുതുന്നതെന്നും ഭഷ്യ ഇതര ഉൽപന്നങ്ങളുടെ വിലക്കയറ്റം ഏറക്കുറെ നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ പലിശനിരക്കുകൾ കുറക്കുന്നത് റിസ൪വ് ബാങ്ക് പരിഗണിക്കണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പ്രസിഡൻറ് നൈയ്നാ ലാൽ കിദ്വായി ആവശ്യപ്പെട്ടു. സാമ്പത്തിക വള൪ച്ചക്ക് ഉതകുംവിധം പലിശനിരക്കുകൾ കുറക്കണമെന്ന് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് രാജ്കുമാ൪ ദൂത് ആവശ്യപ്പെട്ടു. പണപ്പെരുപ്പ നിയന്ത്രണം റിസ൪വ് ബാങ്കിൻെറ പ്രധാന പരിഗണയായിരിക്കുമ്പോൾതന്നെ വള൪ച്ചനിരക്ക് നിരാശജനകമായ അവസ്ഥയിലേക്ക് പോകാതെ നോക്കേണ്ട ഉത്തരവാദിത്തവുമുണ്ടെന്ന് അദ്ദേഹം ഓ൪മിപ്പിച്ചു.
പണപ്പെരുപ്പം സ൪ക്കാറിൻെറ നിയന്ത്രണത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അഹ്ലുവാലിയയും പ്രതികരിച്ചിരുന്നു. മേയ് മൂന്നിന് നടക്കുന്ന പണനയ അവലോകനത്തിൽ പലിശനിരക്കുകൾ .25 ശതമാനമെങ്കിലും കുറക്കാൻ റിസ൪വ് ബാങ്ക് തയാറാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.