പരപ്പനങ്ങാടി സ്വദേശിക്ക് സൗദി മരൂഭൂമിയില്‍ ആടുജീവിതം
text_fieldsകുവൈത്ത് സിറ്റി: അന്നംതേടി കടൽ കടന്നെത്തിയ മലയാളി യുവാവ് മണലാരണ്യത്തിൽ ദുരിത ജീവിതത്തിൽ. ഖാദിം വിസയിൽ കുവൈത്തിലെത്തിയ മലപ്പുറം സ്വദേശിയാണ് അതി൪ത്തിക്കപ്പുറം സൗദി മരൂഭൂമിയിൽ ആടുകളെ മേയ്ച്ച് കഴിയുന്നത്. പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി അലിമോൻ (31) ഈ ഹതഭാഗ്യൻ.
ഖഫ്ജിയിലെ മണലാരണ്യത്തിലെവിടെയോ കുവൈത്ത് സ്വദേശിയുടെ ഫാമിൽ ആടുകളെ മേയ്ക്കുന്ന ജോലിയാണ് അലിമോന്. ഇയാളുമായി ബന്ധപ്പെടാനാവുന്നുണ്ടെങ്കിലും തിരിച്ചുകൊണ്ടുവരാൻ സ്പോൺസ൪ തയറാവുന്നില്ലെന്ന് സുഹൃത്ത് കോഴിക്കോട് സ്വദേശി അബ്ദുൽ വഹാബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ശാരീരിക വിഷമതകളാൽ കഷ്ടപ്പെടുന്ന അലിമോന് അമിത ജോലി ഭാരമുള്ള ആടുമേയ്ക്കലുമായി പൊരുത്തപ്പെടാനാവുന്നില്ലെന്നും ഏത് നിമിഷവും തൻെറ ജീവൻ തന്നെ നഷ്ടപ്പെടുമെന്നാണ് ഫോണിലുടെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
മൂന്നു മാസം മുമ്പ് റുഖിയ്യ ദിയാബ് അൽ നഖ എന്ന കമ്പനി വഴി ഒരു ലക്ഷം രൂപ കൊടുത്താണ് നാട്ടിൽ മത്സ്യത്തൊഴിലാളിയായിരുന്ന അലിമോൻ കുവൈത്തി വീട്ടിലെത്തിയത്. ഗാ൪ഹിക വിസയിൽ പാചകക്കാരനായി കുവൈത്തി വീട്ടിലെത്തിയ അലിമോനെ ഒരു മാസത്തിനകം സ്പോൺസ൪ ഖഫ്ജിയിലെ തൻെറ ഫാമിലേക്ക് കടത്തുകയായിരുന്നു. അലിമോനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസിയിൽ പരാതി നൽകിയതുപ്രകാരം എംബസി അധികൃത൪ ബന്ധപ്പെട്ടെങ്കിലും സ്പോൺസ൪ വഴങ്ങാൻ തയറായിട്ടില്ല. മറ്റൊരു തൊഴിലാളിയെ കണ്ടെത്തുന്നതുവരെ സാവകാശം വേണമെന്നാണ് സ്പോൺസ൪ മറുപടി നൽകിയത്.
തുട൪ന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലേക്ക് കത്തയിച്ചിട്ട് മറുപടിയൊന്നും കിട്ടിയിട്ടില്ല എന്നാണ് എംബസി അധികൃത൪ പറയുന്നതെന്ന് അബ്ദുൽ വഹാബ് പറഞ്ഞു. നാട്ടിൽ വിദേശകാര്യ മന്ത്രാലയത്തിൽ പരാതി നൽകിയതുപ്രകാരം അവരും കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.