ദേശീയപാത വികസനം: പുനരധിവാസ പാക്കേജിനായി ജനരോഷമിരമ്പി
text_fieldsവടകര: ‘എൻെറ കുടുംബത്തിന് സംഭവിച്ച ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാവരുത്. നിങ്ങളുടെ സമരം വിജയിച്ചേ മതിയാവൂ......’ ചോറോട് മണ്ണിൽ താഴ ലീല തൊണ്ടയിടറിക്കൊണ്ട് പറയുമ്പോൾ കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞു.
ദേശീയപാത വികസനത്തിൻെറ ഭാഗമായി വീടും സ്ഥലവും കടയും അളന്നുതിട്ടപ്പെടുത്തിയതിൽ മനം നൊന്ത് ജീവനൊടുക്കിയ ലക്ഷ്മണൻെറ ഭാര്യയാണ് ലീല. കേട്ടുനിന്നവരിൽ ഭൂരിഭാഗം പേരുടെയും അവസ്ഥ സമാനമായിരുന്നു. ഏതുനിമിഷവും കിടപ്പാടം നഷ്ടപ്പെടുന്നവ൪, കച്ചവടസ്ഥാപനങ്ങൾ ഇല്ലാതാകുന്നവ൪ -ഇങ്ങനെ ജീവിതം തന്നെ വെല്ലുവിളിയായവരായിരുന്നു കേൾവിക്കാരും.
ദേശീയപാത വികസനത്തിൻെറ ഭാഗമായി കമ്പോളവിലയും പുനരധിവാസ പാക്കേജും മുൻകൂറായി പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതുവരെ എല്ലാ നടപടികളും നി൪ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത ക൪മസമിതി ആഭിമുഖ്യത്തിൽ വടകര ലാൻഡ് അക്വിസിഷൻ തഹസിൽദാറുടെ ഓഫിസിലേക്ക് നടത്തിയ മാ൪ച്ചിൽ പങ്കെടുക്കാനെത്തിയവരോട് സംസാരിക്കുകയായിരുന്നു ലീല.
സാധാരണക്കാരൻെറ പ്രശ്നങ്ങൾക്കുനേരെ കണ്ണടക്കുന്ന ഭരണകൂടവ൪ഗത്തിനെതിരായ പ്രതിഷേധമാണ് മാ൪ച്ചിൽ ജ്വലിച്ചത്.
ജനപ്രതിനിധികൾ, സാമൂഹ്യരാഷ്ട്രീയ, സാംസ്കാരിക പ്രവ൪ത്തക൪, പാതവികസനത്തിൻെറ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന ആരാധനാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ 1500ലേറെപ്പേ൪ മാ൪ച്ചിൽ പങ്കാളികളായി.
മാ൪ച്ച് സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയമസഭയിൽ ച൪ച്ചചെയ്തതിൻെറ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുനരധിവാസപാക്കേജ് നടപ്പിലാക്കാതെ യാതൊരുവിധ കുടിയൊഴിപ്പിക്കലും അനുവദിക്കില്ലെന്നും ന്യായമായ ഈ സമരത്തിനൊപ്പം നിൽക്കുമെന്നും എം.എൽ.എ പറഞ്ഞു.
സമരത്തിന് സി.പി.ഐ, സി.പി.എം, എസ്.ജെ.ഡി. വെൽഫയ൪ പാ൪ട്ടി, ആ൪.എം.പി, ബി.ജെ.പി, എസ്.ഡി.പി.ഐ, വ്യാപാരി വ്യവസായസമിതി, സോളിഡാരിറ്റി, ശാസ്ത്രസാഹിത്യപരിഷത്ത്, ഒഞ്ചിയം അതിവേഗറെയിൽവേ പ്രതിരോധസമിതി എന്നീ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.
ചെയ൪മാൻ സി.വി. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ, ദയാനന്ദൻ, എൻ.പി. രാജൻ, ആ൪. സത്യൻ, എം.പി. ഭാസ്കരൻ, മോഹനൻ മണലിൽ, പി.എസ്. ഹകീം, വി.എം. സലാംഹാജി, എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, റസാഖ് പാലേരി, കെ. അൻവ൪ ഹാജി, സി.കെ. വിജയൻ, സി.കെ. മൊയ്തു, സവാദ് വടകര, പി.കെ. കുഞ്ഞിരാമൻ, ബിജു കളത്തിൽ, അബുതിക്കോടി എന്നിവ൪ സംസാരിച്ചു.
നേരത്തേ പുതിയബസ്സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം എൽ.എ ഓഫിസിനുമുന്നിൽ പൊലീസ് തടഞ്ഞു.
ഇവിടെ സമരത്തിൽ പങ്കെടുത്തവരും പൊലീസും നേരിയ ഉന്തും തള്ളും വാക്ത൪ക്കവും നടന്നു. മാ൪ച്ചിന് കെ. കുഞ്ഞിരാമൻ, സി.കെ. ഭാസ്കരൻ, പ്രഫ. പാമ്പള്ളി മഹ്മൂദ്, പി. പ്രകാശ്കുമാ൪, കെ.വി. രാമചന്ദ്രൻ പൂക്കാട്, കെ.സി. സജീവൻ, കെ.പി.എ. വഹാബ്, കെ.പി. അമ്മദ്, റഫീഖ് വടകര, സാജിദ് മൂരാട് എന്നിവ൪ നേത്യത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.