മെയ്യനങ്ങാതെ ലക്ഷങ്ങള്‍ കീശയില്‍; ഹനുമാന്‍ സേനയുടെ സംഘ് ബന്ധംഅന്വേഷിക്കുന്നു
text_fieldsകോഴിക്കോട്: റിയൽ എസ്റ്റേറ്റ് മാഫിയയുടെ ക്വട്ടേഷൻ ഏറ്റെടുക്കുന്ന ഹനുമാൻ സേനയുടെ സംഘ്പരിവാ൪ ബന്ധവും സാമ്പത്തിക സ്രോതസ്സും പൊലീസ് അന്വേഷിക്കുന്നു. ലാൻഡ്മാ൪ക് ബിൽഡേഴ്സ് ഡയറക്ട൪മാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട കേസിൽ അറസ്റ്റിലായവ൪ക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുട൪ന്നാണ് ഇൻറലിജൻറ്സ് വിഭാഗം ഇവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. ‘തടിയനങ്ങാതെ’ ലക്ഷങ്ങൾ ഉണ്ടാക്കാമെന്ന വാഗ്ദാനത്തിൽ കുടുങ്ങി സംഘ്പരിവാ൪ സംഘടനകളിലെ തീവ്രവാദ സ്വഭാവമുള്ളവ൪ ഹനുമാൻ സേനയിൽ ചേക്കേറുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ബ്ളേഡ് ബാങ്ക് നടത്തി പൊളിഞ്ഞവ൪, കേസുകളിൽപെട്ട് ഭയന്നു നടക്കുന്നവ൪ തുടങ്ങി നിരവധി പേ൪ ഹനുമാൻ സേനയിൽ അംഗമായതായി പൊലിസ് സ്ഥിരീകരിച്ചു.
അറസ്റ്റിലായവരിൽ കാക്ക രഞ്ജിത്ത് നിലനിൽപിനായാണത്രെ ഹനുമാൻ സേനയിൽ ചേ൪ന്നത്. മറ്റൊരു പ്രതി ഹനുമാൻ സേന സംസ്ഥാന ചെയ൪മാൻ മലപ്പുറം അരിയല്ലൂ൪ സ്വദേശി ഭക്തവത്സലൻ ഏതാനും വധശ്രമ കേസുകളിൽ ഉൾപ്പെട്ടതായും പൊലീസ് ശേഖരിച്ച വിവരത്തിലുണ്ട്. മറ്റൊരു പ്രതി മഞ്ചേരി നറുകര ഗോപി നിവാസിൽ ഗോപി നേരത്തേ ബി.ജെ.പിയുടെ നിയമസഭാ സ്ഥാനാ൪ഥിയാണെന്നും പൊലീസ് കണ്ടെത്തി. ഹിന്ദു പാ൪ലമെൻറ് സംസ്ഥാന ഭാരവാഹിയായ ഇയാൾ 1996ൽ മലപ്പുറം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാ൪ഥിയായി മത്സരിച്ചിട്ടുണ്ട്.
ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ നല്ലളം ഉള്ളിശ്ശേരിക്കുന്ന് നടുവിലേടത്ത് സുനിൽ കുമാ൪ (22) മുമ്പ് നടക്കാവിലെ രത്നം സ്ക്വയറിൽ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്നു. സാമ്പത്തിക പ്രശ്നം മൂലം പിന്നീട് സ്ഥാപനം അടച്ചുപൂട്ടിയതായി പൊലീസ് പറഞ്ഞു. ധനകാര്യ സ്ഥാപനം നടത്തുന്നതിനേക്കാൾ വരുമാനം ലഭിക്കുമെന്നതിനാലാണ് ഇയാളടക്കം ഹനുമാൻ സേനയിൽ ചേ൪ന്നതത്രേ.
വൻകിട ഭൂമി ഇടപാടുകളിൽ ചോദിക്കുന്ന ബ്രോക്കറേജ് ലഭിച്ചില്ലെങ്കിൽ പണം പിരിക്കാനുള്ള ചുമതല ഹനുമാൻ സേനയെയാണ് ഏൽപിക്കുന്നത്. 50 ശതമാനമാണ് കമീഷൻ. സംഘ്പരിവാ൪ പ്രവ൪ത്തകരെന്ന പേരിൽ സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഹനുമാൻ സേനക്ക് നല്ല ഡിമാൻഡാണുള്ളത്. ഭൂമി കച്ചവടമടക്കം വിവിധ സാമ്പത്തിക ഇടപാടുകളിൽ ഭക്തവത്സലൻെറ സംഘം ഇടനിലക്കാരായതിൻെറ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടതു ബ്രോക്കേഴ്സ് സംഘടനയുടെ ചൂഷണം മൂലം പലരും ഹനുമാൻ സേനക്കാണ് ദൗത്യം നൽകുന്നതെന്നും പൊലീസ് പറഞ്ഞു. ഭൂമി ഇടപാടിൽ പ്രശ്നമുണ്ടായാൽ നോട്ടീസയച്ച് ഭീഷണിപ്പെടുത്തുന്ന നടക്കാവിലെ ഒരു റിയൽ എസ്റ്റേറ്റ് സംഘടനയെക്കുറിച്ചും പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.