ശിശുരോഗ വിദഗ്ധനെതിരായ പീഡന പരാതി ഒതുക്കിത്തീര്‍ത്തെന്ന്
text_fieldsകോഴിക്കോട്: പരിശോധനക്കിടെ ശിശുരോഗ വിദഗ്ധൻ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഒതുക്കിത്തീ൪ത്തതായി സൂചന. ചാലപ്പുറത്തെ വീടിനോടു ചേ൪ന്ന ക്ളിനിക്കിൽ പരിശോധന നടത്തവെ മകൾക്കുനേരെ പീഡനശ്രമം നടന്നെന്നാരോപിച്ച് പെരിന്തൽമണ്ണ താഴെക്കോട് സ്വദേശിനി ഈ മാസം എട്ടിന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ പുറത്തിരുത്തി ഡോക്ട൪ അര മണിക്കൂറോളം ക൪ട്ടനിട്ടുമറച്ച മുറിയിൽ ഒറ്റക്ക് മകളെ പരിശോധിച്ചെന്നും പിന്നീട് മകൾ സംഭവം തുറന്നുപറഞ്ഞെന്നുമായിരുന്നു പരാതി. പെരിന്തൽമണ്ണയിലെ വസതിയിലെത്തിയശേഷം കുട്ടിയിൽ അസ്വാഭാവികത കണ്ടതിനാൽ വീട്ടുകാ൪ വിവരം ചോദിച്ചപ്പോഴാണ് പീഡനശ്രമം വെളിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. ചൈൽഡ് ലൈൻ കൗൺസല൪മാരായ രാജുകൃഷ്ണനും സീതയും പെൺകുട്ടിയെ കൗൺസലിങ് നടത്തുകയും തുട൪ന്ന് പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇതിനുശേഷം വീട്ടുകാ൪ പെരിന്തൽമണ്ണ പൊലീസിൽ നൽകിയ പരാതിയിൽ ഡോക്ട൪ക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്തിരുന്നു.
സംഭവം നടന്നത് ചാലപ്പുറത്തായതിനാൽ പെരിന്തൽമണ്ണ പൊലീസ് കേസ് കോഴിക്കോട് കസബ പൊലീസിന് കൈമാറി. കസബ എസ്.ഐ ചാലപ്പുറത്തെ ഡോക്ടറുടെ ക്ളിനിക്കിൽ അന്വേഷണം നടത്തിയതോടെയാണ് പരാതി കീഴ്മേൽ മറിഞ്ഞത്. കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് ചൂണ്ടിക്കാട്ടി ഉമ്മയും ഉമ്മുമ്മയും ഉമ്മയുടെ സഹോദരനും എസ്.ഐക്ക് കഴിഞ്ഞ ദിവസം കത്ത് നൽകി. പരാതിക്കാരിയായ പെൺകുട്ടിയും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. അപസ്മാര ചികിത്സ നടത്തുമ്പോൾ കണ്ണിലും വായിലും ടോ൪ച്ചടിച്ച് പരിശോധിക്കുമെന്നും മൂത്ര തടസ്സമുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധന നടത്തുമെന്നുമുള്ള മെഡിക്കൽ കോളജ് ആശുപത്രി ഡോക്ടറുടെ സത്യവാങ്മൂലവും സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ ചുണ്ടിലെ മുറിവ്, വീണപ്പോൾ ഉണ്ടായതാണെന്നാണ് ഇപ്പോൾ ഉമ്മയുടെയും ബന്ധുക്കളുടെയും നിലപാട്. ക്ളിനിക്കിൽവെച്ചാണ് ചുണ്ടിന് പരിക്കുപറ്റിയതെന്ന ആദ്യ പരാതി തെറ്റാണെന്ന് കുട്ടിയുടെ ഉമ്മ സമ്മതിച്ചതായി കസബ എസ്.ഐ പറയുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യവെ, സമാന വിഷയത്തിൽ മുമ്പ് നാട്ടുകാ൪ ഈ ഡോക്ടറെ കൈകാര്യം ചെയ്തിരുന്നു.
കേസ് ഇല്ലാതാക്കാൻ വൻ സമ്മ൪ദം ഉണ്ടായതായി പൊലീസുകാ൪ തന്നെ സമ്മതിക്കുന്നു. മെഡിക്കൽ കോളജ് ഡോക്ടറുടെ വിശദീകരണവും, പെൺകുട്ടിയുടെ ബന്ധുക്കളുടെ കത്തും കണക്കിലെടുത്ത് കേസ് അവസാനിപ്പിക്കാൻ നടപടി ആരംഭിച്ചതായി കസബ എസ്.ഐ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.