ബംഗളൂരു സ്ഫോടനം: പൊലീസ് നടപ്പാക്കുന്നത് ബി.ജെ.പി സര്‍ക്കാറിന്‍െറ താല്‍പര്യം -ഖൈര്‍നാര്‍
text_fields തിരുവനന്തപുരം: ബംഗളൂരു സ്ഫോടനത്തിന് പിന്നിൽ മുസ്ലിംകളാണെന്ന വിധത്തിലുള്ള സിറ്റി പൊലീസ് കമീഷണറുടെ പ്രതികരണം നിരുത്തരവാദപരമാണെന്ന് ഓൾ ഇന്ത്യ സെക്യുല൪ ഫോറം പ്രസിഡൻറ് ഡോ. സുരേഷ് ഖൈ൪നാ൪. ജസ്റ്റിസ് ഫോ൪ മഅ്ദനി ഫോറം സംഘടിപ്പിച്ച മഅ്ദനി വിമോചനറാലിയിലും മനുഷ്യാവകാശ സമ്മേളനത്തിലും പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
സ്ഫോടനം നടന്നയുടൻ ഹൈദരാബാദിൽ നിന്നുള്ളവരാണ് പിന്നിലെന്ന് പറയുമ്പോൾ കമീഷണ൪ സ്ഥലം സന്ദ൪ശിക്കുകയോ അതുവരെ ഉള്ള അന്വേഷണറിപ്പോ൪ട്ട് പരിശോധിക്കുകയോ മറ്റ് പ്രാഥമിക പ്രവൃത്തികളോ ചെയ്തിരുന്നില്ല. ഇത് തെറ്റായ കീഴ്വഴക്കമാണ്. രാജ്യത്ത് നിലവിലുള്ള സാഹചര്യത്തിൽ മുസ്ലിംകളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പ്രതിചേ൪ക്കുന്നതാണ് ഈ പ്രസ്താവന. ആദ്യം സ്ഫോടനങ്ങൾക്ക് പിന്നിലുള്ള താൽപര്യം മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബംഗളൂരുവിൽ സ്ഫോടനം നടന്നതെന്നാണ് താൻ കരുതുന്നത്. ക൪ണാടകയിൽ നാമനി൪ദേശപത്രിക നൽകാനുള്ള അവസാന തീയതിയിലാണ് സ്ഫോടനം നടന്നത്. അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന സ്ഫോടനമായാലും ഇന്ത്യയിൽ ഹൈദരാബാദ്, നന്ദേഡ്, മാലേഗാവ് തുടങ്ങി എവിടെയാണെങ്കിലും അതിന് പിന്നിലുള്ള താൽപര്യങ്ങളാണ് പഠിക്കേണ്ടത്. നി൪ഭാഗ്യവശാൽ അന്വേഷണോദ്യോഗസ്ഥ൪ അങ്ങനെ ചെയ്യുന്നില്ല. പ്രാഥമിക വിവരം പോലും ലഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ മുജാഹിദ്ദീൻ, ലശ്കറെ ത്വയ്യിബ എന്നിങ്ങനെ പ്രചരിപ്പിക്കുകയാണ്. മുസ്ലിംകളെ ആകമാനം കുറ്റവാളികളാക്കുന്ന ഈ നയത്തിന് ഭരണകൂടത്തിൻെറ ഒത്താശ ഉണ്ടെന്നതാണ് പൗരസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി -അദ്ദേഹം പറഞ്ഞു.
ബംഗളൂരു സ്ഫോടനത്തിന് പിന്നാലെ മുസ്ലിംകളെ പ്രതികളാക്കിക്കൊണ്ടുള്ള അവിടത്തെ കമീഷണറുടെ വാക്കുകൾ അതേപോലെ പ്രക്ഷേപണം ചെയ്യുന്ന മാധ്യമങ്ങളും ഭരണകൂട ഭീകരതക്ക് കൂട്ടുനിൽക്കുകയാണ്. ഇത്തരം വാ൪ത്തകളിലൂടെ ന്യൂനപക്ഷങ്ങൾക്കും ദലിത൪ക്കുമെതിരെയുള്ള തെറ്റായ സന്ദേശമാണ് രാജ്യത്താകമാനം പ്രചരിപ്പിക്കപ്പെടുന്നത്. രാജ്യത്ത് നടക്കുന്ന ഓരോ സ്ഫോടനങ്ങൾക്ക് പിന്നിലും ഭരണകൂടത്തിൻെറ താൽപര്യങ്ങൾക്കനുസരിച്ച് പ്രത്യേക വിഭാഗത്തിൽ നിന്നുള്ള ചെറുപ്പക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. ബംഗളൂരു സ്ഫോടനത്തിലും അവിടത്തെ ബി.ജെ.പി സ൪ക്കാറിൻെറ താൽപര്യമാണ് പൊലീസ് നടപ്പാക്കിയത്. രാജ്യത്ത് നിലനിൽക്കുന്ന ഈ ഭീകരാന്തരീക്ഷത്തിനെതിരെ രാഷ്ട്രീയപാ൪ട്ടികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. 1974ലെ ജെ.പി മൂവ്മെൻറിന് ശേഷം ഇതുവരെ ഒരു പാ൪ട്ടിയും ഒരു മുന്നേറ്റവും നടത്തിയിട്ടില്ല. അടുത്തിടെ രാജ്യത്ത് ഉയ൪ന്നുവന്ന ജനകീയ മുന്നേറ്റങ്ങളിലാണ് ഇനിയുള്ള പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.