സൗദിയില്‍ തൊഴില്‍ പരിശോധന തുടരും -മന്ത്രാലയം
text_fieldsറിയാദ്: സൗദിയിൽ നിയമ വിരുദ്ധ തൊഴിലാളികൾ നിലനിൽക്കുവോളം മന്ത്രാലയത്തിൻെറ തൊഴിൽ പരിശോധന തുടരുമെന്ന് മന്ത്രാലയ പ്രതിനിധി വ്യക്തമാക്കി. അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ ഇളവ് നിയമാനുസൃതമല്ലാത്ത തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള കാലാവധിയാണ്. തൊഴിൽ പരിശോധന നി൪ത്തിവെക്കണമെന്നല്ല രാജാവിൻെറ ഇളവ്കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കിഴക്കൻ പ്രവിശ്യയിലെ തൊഴിൽ മന്ത്രാലയ ശാഖ ഡയറക്ട൪ മുഹമ്മദ് അൽമന്നാഅ് പറഞ്ഞു.
സൗദി മന്ത്രിസഭ അംഗീകരിച്ച തൊഴിൽ നിയമ ഭേദഗതി രാജ്യത്ത് നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് തൊഴിൽ നിയമ ഭേദഗതിയിലൂടെ മന്ത്രിസഭ അംഗീകരിച്ചതുമാണ്. നിതാഖാത്ത് പദ്ധതിയനുസരിച്ച് സ്വദേശിവത്കരണം ഊ൪ജിതമാക്കാൻ തൊഴിൽ മന്ത്രാലയം ആരംഭിച്ച പരിപാടിക്ക് പിന്തുണ നൽകുകയാണ് അബ്ദുല്ല രാജാവ് തൻെറ മൂന്ന് മാസത്തെ ഇളവിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് മാസത്തിന് ശേഷം നിയമ വിരുദ്ധരായ തൊഴിലാളികൾ രാജ്യത്ത് അവശേഷിക്കരുതെന്നാണ് രാജാവിൻെറ നി൪ദേശം. തൊഴിലുടമകൾക്കും സ്ഥാപനങ്ങൾക്കും വിദേശ തൊഴിലാളികൾക്കും ഇതൊരു മുന്നറിയിപ്പാണ്. വ്യക്തി താൽപര്യത്തിന് ഉപരിയായി രാഷ്ട്ര താൽപര്യത്തെ കാണാൻ തൊഴിലുടമകൾക്കും സ്ഥാപനങ്ങൾക്കും കഴിയണമെന്നും അൽമന്നാഅ് അഭ്യ൪ഥിച്ചു.
സൗദി അറേബ്യയിലെ നിയമങ്ങൾ പാലിച്ചുകൊണ്ടല്ലാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പിടികൂടാൻ ഏത് കാലത്തും നിയമപ്രാബല്യതയുണ്ട്. രാജാവിൻെറ ഇളവ് വിദേശികൾക്ക് അനധികൃതമായി രാജ്യത്ത് തങ്ങാനുള്ള അനുമതിയല്ല. തൊഴിൽ മന്ത്രാലയം നടത്തുന്ന പരിശോധനക്ക് പുതുതായി 1000 പരിശോധകരെ നിയമിക്കാൻ മന്ത്രാലയത്തിന് അനുമതി ലഭിച്ചത് പരിശോധന തുടരണമെന്നതിനുള്ള പിന്തുണയാണെന്നും അൽമന്നാഅ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.