അതിര്‍ത്തി തര്‍ക്കം: ഇന്ത്യ-ചൈന ഫ്ളാഗ് മീറ്റ് പരാജയം
text_fieldsന്യൂദൽഹി: ജമ്മു-കശ്മീരിലെ ലഡാക്കിൽ ഇന്ത്യൻ അതി൪ത്തിക്കുള്ളിൽ നുഴഞ്ഞു കയറി തമ്പടിച്ച ചൈനീസ് സൈന്യത്തെ ഉടൻ തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി രഞ്ജൻ മത്തായി ദൽഹിയിലെ ചൈനീസ് സ്ഥാനപതി വെയ് വീയെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി ഉത്കണ്ഠ അറിയിച്ചു. നുഴഞ്ഞുകയറ്റം നടന്ന പ്രദേശത്തെ രണ്ടു രാജ്യങ്ങളുടെയും സൈനിക കമാൻഡ൪മാ൪ ചൊവ്വാഴ്ച രണ്ടാംവട്ടവും ഫ്ളാഗ് മീറ്റിങ് നടത്തി.
എന്നാൽ, ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല. കഴിഞ്ഞ 15ന് ലഡാക്കിനു സമീപം അതി൪ത്തി നിയന്ത്രണ രേഖ 10 കിലോമീറ്റ൪ ഉള്ളിലേക്ക് കടന്നെത്തി താൽക്കാലിക ടെൻറടിച്ച ചൈനീസ് പട്ടാളം അവിടെത്തന്നെ തുടരുകയാണ്. അതി൪ത്തി നിയന്ത്രണ രേഖയെക്കുറിച്ച് രണ്ടു രാജ്യങ്ങളും വ്യത്യസ്ത നിലപാടു പ്രകടിപ്പിക്കുന്ന ഭൂപ്രദേശമാണിത്. അതി൪ത്തി മുറിച്ചുകടക്കുകയോ, മുൻകാല കരാറുകൾ ലംഘിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവ൪ത്തിക്കുകയാണ് ചൈന.
വ്യോമാതി൪ത്തി ലംഘിച്ച് രണ്ട് ഹെലികോപ്ടറുകളിൽ സാമഗ്രികൾ എത്തിച്ചാണ് ചൈനയുടെ പീപ്ൾസ് ലിബറേഷൻ ആ൪മി ഇന്ത്യൻ ഭൂപ്രദേശത്ത് ക്യാമ്പ് സ്ഥാപിച്ചത്. ഇതേതുട൪ന്ന് ലഡാക്ക് സ്കൗട്ട്സിൻെറ അഞ്ചാം ബറ്റാലിയനെ ഇന്ത്യ ഈ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ചൈനീസ് പട്ടാളം സ്ഥാപിച്ച ക്യാമ്പിൽനിന്ന് അര കിലോമീറ്റ൪ മാറി ഇന്ത്യൻ സേന നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടയിലാണ്, ഏറ്റുമുട്ടൽ ഒഴിവാക്കാൻ സംയമനത്തോടെ പ്രശ്നപരിഹാര നീക്കങ്ങൾ നടക്കുന്നത്. ഇത് വലിയൊരു പ്രശ്നമായി വളരില്ലെന്ന പ്രത്യാശയാണ് ഇന്ത്യക്കുള്ളത്.
പ്രശ്നം പരിഹരിക്കാൻ കേന്ദ്രസ൪ക്കാറിന് സമയം നൽകണമെന്ന്, സംഭവത്തെക്കുറിച്ച് വിശദീകരിച്ച് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീൻ നടത്തിയ വാ൪ത്താസമ്മേളനത്തിൽ അഭ്യ൪ഥിച്ചു. നുഴഞ്ഞുകയറി തമ്പടിച്ചതിനു മുമ്പത്തെ തൽസ്ഥിതി തുടരണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മുൻകാല ധാരണകൾ പ്രകാരം നയതന്ത്രതലത്തിൽ പ്രശ്നങ്ങൾ തീ൪ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇതൊരു പ്രാദേശിക വിഷയം മാത്രമാണെന്നും വക്താവ് കൂട്ടിച്ചേ൪ത്തു.
ഏപ്രിൽ 15ന് സംഭവം നടന്നതിനു പിറ്റേന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പൂ൪വേഷ്യ വിഭാഗം ജോയൻറ് സെക്രട്ടറി ചൈനയിലെ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചിരുന്നു. 18ന് ആദ്യത്തെ ഫ്ളാഗ് മീറ്റിങ് നടത്തി. തുട൪ന്നാണ് വിദേശകാര്യ സെക്രട്ടറി ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തിയത്. ചൊവ്വാഴ്ച രാവിലെ വീണ്ടും ഫ്ളാഗ് മീറ്റിങ് നടന്നു. മുമ്പും ഇത്തരത്തിൽ നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത് സമാധാനാന്തരീക്ഷത്തിൽ തീ൪ക്കാൻ സാധിച്ചിട്ടുണ്ട്. സ൪ക്കാറിന് കുറച്ചു സമയം വേണം. അതി൪ത്തി സംഭവം ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദ൪ശനത്തെ ബാധിക്കില്ലെന്നും അക്ബറുദ്ദീൻ പറഞ്ഞു.
വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ ചൈനീസ് അംബാസഡ൪, പ്രശ്നം പരിശോധിക്കുമെന്നും അതിന് അനുസൃതമായി പ്രതികരിക്കുമെന്നുമാണ് ഇന്ത്യക്ക് നൽകിയ ഉറപ്പ്. ചൈനയുടെ അതി൪ത്തി പ്രദേശത്ത് പട്രോളിങ് നടത്തുക മാത്രമാണ് ചൈനീസ് സൈനിക സംഘം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, രാജ്യസുരക്ഷാ കാര്യത്തിൽ സ൪ക്കാ൪ ഉദാസീനത കാണിക്കുന്ന പ്രശ്നം പാ൪ലമെൻറിൽ ഉന്നയിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.