വരുന്നു, ഒരു സി.ബി.ഐ കോടതി കൂടി
text_fieldsകൊച്ചി: സംസ്ഥാനത്ത് മറ്റൊരു സി.ബി.ഐ കോടതി കൂടി വരുന്നു. നിലവിൽ രണ്ട് സി.ബി. ഐ കോടതികളുള്ള എറണാകുളത്തോ വടക്കൻ ജില്ലയിലോ അഴിമതിക്കേസുകളും ക്രിമിനൽ കേസുകളും പരിഗണിക്കുന്ന പുതിയ കോടതി സ്ഥാപിക്കാനാണ് തീരുമാനം. ഹൈകോടതി നി൪ദേശപ്രകാരം എറണാകുളത്തെ നിലവിലെ സി.ബി.ഐ കോടതി കെട്ടിടത്തിലും നേരത്തേ സി.ബി.ഐ കോടതി നിലനിന്നിരുന്ന രവിപുരത്തും പരിശോധന നടത്തിയെങ്കിലും ഈ സ്ഥലങ്ങൾ യോജ്യമല്ലാത്തതിനാൽ ഒഴിവാക്കിയതായാണ് സൂചന.
അനുയോജ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും എത്രയും പെട്ടെന്ന് ഒരുക്കാൻ ഹൈകോടതി സംസ്ഥാന സ൪ക്കാറിന് നി൪ദേശം നൽകിയതായാണ് അറിയുന്നത്. നിലവിലെ കോടതികളിൽ പരിഗണിക്കാവുന്നതിലധികം കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ നി൪ദേശത്തിൻെറ അടിസ്ഥാനത്തിലാണ് പുതിയ കോടതിയുടെ രൂപവത്കരണം. സുപ്രീംകോടതിയുടെ നി൪ദേശപ്രകാരം സംസ്ഥാന സ൪ക്കാ൪ മാ൪ച്ച് അവസാനമാണ് ഇതിന് അനുമതി നൽകിയത്.
2009 ൽ സുപ്രീംകോടതി മാലിക് മസാ൪ സുൽത്താൻ കേസ് പരിഗണിക്കവെ കേന്ദ്ര സ൪ക്കാറാണ് രാജ്യത്ത് വിവിധയിടങ്ങളിൽ പുതിയ കോടതികൾ സ്ഥാപിക്കുമെന്ന് അറിയിച്ചത്. വിചാരണയിലെ കാലതാമാസം കേസുകളുടെ പ്രാധാന്യം നഷ്ടമാവുന്നുവെന്ന് നിരീക്ഷിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് രാജ്യത്താകമാനം 71 പ്രത്യേക കോടികൾ തുടങ്ങുമെന്നാണ് സ൪ക്കാ൪ കോടതിയെ അറിയിച്ചത്. ഇതിനുശേഷം ഒരു സി.ബി.ഐ കോടതി പരിഗണിക്കേണ്ട കേസുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിരുന്നു.
എന്നാൽ, കൊച്ചിയിലെ രണ്ട് സി.ബി.ഐ കോടതികൾ യഥാക്രമം 83, 68 കേസുകളും തിരുവനന്തപുരം സി.ബി.ഐ കോടതി 58 കേസുകളുമാണ് നിലവിൽ പരിഗണിക്കുന്നത്. എറണാകുളത്തെ സി.ബി.ഐ കോടതി എൻ.ഐ.എ കോടതിയായി ഉയ൪ത്തിയതോടെ ഈ കോടതിയിൽ സി.ബി.ഐ കേസുകളുടെ വിചാരണ പഴയ രീതിയിൽ നടത്താൻ പറ്റാതെയായിട്ടുണ്ട്. ഒരു കോടതി കൂടി സ്ഥാപിക്കുന്നതിലൂടെ കേസുകളുടെ എണ്ണം ക്രമീകരിക്കാനും വിചാരണ നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ തെക്കൻ കേരളത്തിലെ കേസുകൾ പരിഗണിക്കാൻ തിരുവനന്തപുരത്ത് കോടതി സ്ഥാപിച്ചതുപോലെ വടക്കൻ കേരളത്തിലെവിടെയെങ്കിലും പുതിയ കോടതി സ്ഥാപിക്കാനാണ് സാധ്യത.
പുതിയ കോടതി വരുന്നതിലൂടെ എൻ.ഐ.എ കേസുകൾ പരിഗണിക്കുന്ന എറണാകുളം സി.ബി.ഐ കോടതിയുടെ (രണ്ട്) ഭാരം ഏറെ കുറയുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, നേരത്തേ പ്രഖ്യാപിച്ചിരുന്ന പുതിയ എൻ.ഐ.എ കോടതിയെന്ന പ്രഖ്യാപനം ഇനിയും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഈ കോടതി രൂപവത്കരണം പെട്ടെന്ന് സാധ്യമാവില്ലെന്നാണ് അധികൃത൪ നൽകുന്ന സൂചന. മറ്റിടങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് അഴിമതിക്കേസുകളും ക്രിമിനൽ കേസുകളും കൂടുതലായി സി.ബി.ഐ അന്വേഷിക്കുന്നതിനാൽ കേസുകളുടെ എണ്ണം ദിനേന കൂടി വരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.