കേരള സെക്രട്ടേറിയറ്റില്‍ നിന്നും തമിഴ്നാട് വിവരം ചോര്‍ത്തി
text_fieldsതിരുവനന്തപുരം: നദീജല ത൪ക്കവുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി നിലനിൽക്കുന്ന കേസുകളുടെ രഹസ്യങ്ങൾ സെക്രട്ടേറിയറ്റിൽ നിന്ന് ചോ൪ത്തുന്നതായി സംസ്ഥാന ഇൻറലിജൻസ് റിപ്പോ൪ട്ട്. തമിഴ്നാട് പബ്ളിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണനാണ് വിവരം ചോ൪ത്തുന്നതിന് ചുക്കാൻ പിടിക്കുന്നത്. കേസുകളിൽ കേരളം തോൽക്കാൻ കാരണം ഇതാണെന്നും ഇൻറലിജൻസ് എ.ഡി.ജി.പി നൽകിയ റിപ്പോ൪ട്ടിൽ പറയുന്നു. മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുല൪ത്തുന്ന ഇയാൾക്ക് ഫയലുകൾ പരിശോധിക്കുന്നതിനും രഹസ്യങ്ങൾ ചോ൪ത്തുന്നതിനും മിനിറ്റുകൾ മാത്രം മതി. വിവരങ്ങൾ ചോ൪ത്താൻ ഇവിടത്തെ ഉദ്യോഗസ്ഥരും കൂട്ടു നിന്നിരിക്കാമെന്നാണ് നിഗമനം.
പറമ്പിക്കുളം - ആളിയാ൪ കേസിൽ സംസ്ഥാനം തയാറാക്കിയ റിപ്പോ൪ട്ട് ചോ൪ത്താൻ അടുത്തിടെ ഇയാൾ ശ്രമിച്ചിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു ഇത്. ഇതോടെയാണ് ഇൻറലിജൻസ് ഇയാളെ പിന്തുട൪ന്ന് ഫോൺ നമ്പ൪ പരിശോധിച്ചത്. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി ഇയാൾ നിരന്തരം ബന്ധപ്പെടുന്നതായി കണ്ടെത്തി.
സഹായിക്കുന്ന ഉദ്യോഗസ്ഥ൪ക്ക് തമിഴ്നാട്ടിൽ ഉല്ലാസയാത്രയും പാരിതോഷികവും നൽകുന്നുണ്ട്. രണ്ട് മന്ത്രിമാ൪ അടുത്തിടെ നടത്തിയ തമിഴ്നാട് യാത്രക്ക് വേണ്ട സൗകര്യങ്ങൾ നൽകിയതും ഉണ്ണിക്കൃഷ്ണനായിരുന്നുവെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. ആഭ്യന്തരവകുപ്പിലെ ഒരു അണ്ട൪ സെക്രട്ടറി നൽകിയ പാസ് ഉപയോഗിച്ചാണ് ഇയാൾ സെക്രട്ടേറിയറ്റ്സന്ദ൪ശനം നടത്തുന്നതെന്നും കണ്ടെത്തി. കുറേവ൪ഷമായി ഇയാൾ കേരളത്തിൽ പ്രവ൪ത്തിക്കുന്നുണ്ട്.
പി.എ.പി കരാ൪ പ്രകാരം ഈ വ൪ഷം കേരളത്തിന് അവകാശപ്പെട്ട വെള്ളം കിട്ടാതെ വന്നതോടെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചെങ്കിലും വൈകിപ്പിക്കുകയായിരുന്നു.
‘സെക്രട്ടേറിയറ്റ് ചാരൻ’: അന്വേഷിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളിയായ തമിഴ്നാട് സ൪ക്കാ൪ ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിൽനിന്ന് നദീജല കേസുകളിലെ വിവരങ്ങൾ ചോ൪ത്തുന്നുവെന്ന റിപ്പോ൪ട്ടിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായുമുള്ള ബന്ധം, രണ്ട് മന്ത്രിമാ൪ക്ക് യാത്രാസൗകര്യം ചെയ്തുവെങ്കിൽ അതിൻെറ സാഹചര്യം എന്നിവയും പരിശോധിക്കുമെന്നും മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
കടൽക്കൊലക്കേസ് എൻ.ഐ.എക്ക് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തിൽ വിയോജിപ്പില്ല. കേരള പൊലീസ് നടത്തിയ അന്വേഷണം നേ൪രേഖയിലായിരുന്നു. അതിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. നാവികരോടുള്ള കേരള സ൪ക്കാ൪ നിലപാടിൽ മാറ്റമില്ല. മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുമില്ല -മുഖ്യമന്ത്രി പറഞ്ഞു.
വിശദ പരിശോധന നടത്തും -ആഭ്യന്തര മന്ത്രി
കോഴിക്കോട്: തമിഴ്നാട്ടിലെ മലയാളി ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിൽ നിരന്തരം കയറിയിറങ്ങുന്നതിൻെറ ഉദ്ദേശ്യമെന്തെന്ന് വിശദപരിശോധനക്ക് വിധേയമാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. കോഴിക്കോട് മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണനാണ് സെക്രട്ടേറിയറ്റിൽ സ്ഥിരമായി വരുന്നതെന്ന് സ്ഥിരീകരിച്ച മന്ത്രി, പക്ഷേ, ഇതിൻെറ പേരിൽ തമിഴ്നാടുമായുള്ള ബന്ധം ശിഥിലമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി. അതേസമയം, ഒരേ സെക്ഷനിൽ ത്തന്നെ തുട൪ച്ചയായി വരുന്നതിൽ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന കാര്യം ഇൻറലിജൻറ്സ് വിഭാഗം വിശദമായി പരിശോധിക്കും. നാറാത്ത് പോപുല൪ഫ്രണ്ട് കേന്ദ്രത്തിൽ റെയ്ഡ് നടത്തി 21 പേരെ അറസ്റ്റുചെയ്ത സംഭവത്തിൽ കേസന്വേഷണം എൻ.ഐ.എക്ക് വിടണമോ എന്ന കാര്യം ഡി.ജി.പിയുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേരള പൊലീസിൻെറ അന്വേഷണം ശരിയായ ദിശയിലാണ്. കുറേയധികം തെളിവുകൾ കിട്ടിയിട്ടുണ്ട്. പക്ഷേ, അതെല്ലാം പരസ്യമാക്കാനാവില്ല -മന്ത്രി വ്യക്തമാക്കി.ടി.പി. ചന്ദ്രശേഖരൻ വധ ഗൂഢാലോചന കേസ് സി.ബി.ഐക്ക് വിടുന്നതിന് തടസ്സമൊന്നുമില്ലെന്നും ഇക്കാര്യത്തിൽ സ൪ക്കാറിന് തുറന്ന മനസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.