എ.പ്ളസുമായി ലാസിം സ്കോട് ലന്‍ഡിലേക്ക്
text_fieldsബംഗളൂരു: കോഴിക്കോട് സെൻറ് ജോസഫ് ബോയ്സ് സ്കൂൾ വിദ്യാ൪ഥിയായ ലാസിം അലി ഇനി പന്തുതട്ടുന്നത് സ്കോട്ലൻഡിലെ ഗ്ളാസ്കോയിലെ സെൽറ്റിക് ക്ളബിൻെറ പുൽത്തകിടിയിൽ. പത്താം ക്ളാസിൽ മികച്ച വിജയം നേടിയ സന്തോഷത്തിലിരിക്കുമ്പോഴാണ് ലാസിമിനെ തേടി മറ്റൊരു ഭാഗ്യവും എത്തിയിരിക്കുന്നത്. ബംഗളൂരുവിൽ നടന്ന മഹീന്ദ്ര ഇൻറ൪ സ്കൂൾ യൂത്ത് ഫുട്ബാൾ ചാലഞ്ചിൻെറ ഫൈനൽ റൗണ്ടിൽ കാഴ്ച്ചവെച്ച മികച്ച പ്രകടനമാണ് മിഡ്ഫീൽഡ് താരം ലാസിമിന് സെൽറ്റികിൻെറ പുൽത്തകിടിയിൽ പന്തുതട്ടാൻ വഴി തുറന്നത്. ഇന്ത്യയിൽനിന്ന് അവസരം ലഭിച്ച മൂന്ന് പേരിലൊരാളാണ് ലാസിം. രണ്ട് മാസത്തിലധികം നീണ്ടു നിൽക്കുന്ന പരിശീലനത്തിനായി ലാസിം ഉടൻ സ്കോട്ലൻഡിലേക്ക് പറക്കും.
നേരത്തെ മുംബൈയിൽ നടന്ന ആഴ്സനൽ ക്ളബിൻെറ പരിശീലന ക്യാമ്പിലും ലാസിമിന് അവസരം ലഭിച്ചിരുന്നു. 2011ൽ ഇറാനിൽ നടന്ന അണ്ട൪-13 ഇൻറ൪നാഷനൽ ഫുട്ബാൾ ടൂ൪ണമെൻറിൽ കളിച്ച ഇന്ത്യൻ ടീമിലംഗമായിരുന്നു ലാസിം അലി. കഴിഞ്ഞ വ൪ഷം നടന്ന ബജാജ് അലയൻസിൻെറ ഇൻറ൪സ്കൂൾ ടൂ൪ണമെൻറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തതും ലാസിമിനെ ആയിരുന്നു. പഠനത്തിലും കളിയിലും ഒരുപോലെ മികവ് പുല൪ത്തുന്ന ലാസിം കോഴിക്കോട് കല്ലായി സ്വദേശി വി.മുഹമ്മദ് അലിയുടെയും ആരിഫയുടെയും മകനാണ്. മഹീന്ദ്ര യൂത്ത് ഫുട്ബാൾ ചാലഞ്ചിന് ശേഷം സെൽറ്റിക് ബംഗളൂരുവിൽ നടത്തിയ 22 അംഗ പരിശീലന ക്യാമ്പിന് ശേഷമാണ് മൂന്നു പേരെ സ്കോട്ലൻഡിൽ പരിശീലനം നടത്താൻ തെരഞ്ഞെടുത്തത്. 22 അംഗ ക്യാമ്പിൽ സെൻറ് ജോസഫ് സ്കൂളിലെ വിദ്യാ൪ഥികളായ ജാവേദ് ഹസനും ലിയോൺ അഗസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, സ്കോട്ലൻഡിലേക്ക് അവസരം ലഭിച്ചത് ലാസിമിന് മാത്രമാണ്. മഹീന്ദ്ര യൂത്ത് ഫുട്ബാൾ ചാലഞ്ചിൽ ഏറ്റവും മികച്ച സ്ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ടത് ലിയോൺ അഗസ്റ്റിനായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.