ടി.പി.വധക്കേസ്: നിര്‍ണായക തെളിവായി മൊബൈല്‍ ഫോണുകള്‍
text_fieldsകോഴിക്കോട്: ടി.പി.വധക്കേസ് അന്വേഷണത്തിൽ നി൪ണായക തെളിവുകളായി മാറിയ മൊബൈൽ ഫോൺ വിവരങ്ങൾ പ്രോസിക്യൂഷൻ തെളിവായി കോടതിയിൽ.
ടി.പി. വധിക്കപ്പെട്ടശേഷവും പിറ്റേന്ന് രാത്രി 11.30നുമിടയിൽ വള്ളിക്കാട്, ചൊക്ളി, ഓ൪ക്കാട്ടേരി, വളയം, വളയം പെട്രോൾ പമ്പ്, നാദാപുരം റോഡ്, മടപ്പള്ളി തുടങ്ങി പ്രദേശത്തെ ഏഴ് മൊബൈൽ ടവറുകൾക്ക് കീഴിൽ വന്ന 20 ലക്ഷത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ച ശേഷമാണ് സംശയകരമായ നാല് നമ്പറുകൾ പൊലീസ് കണ്ടെത്തിയത്. ഇവ പ്രതികൾ ഉപയോഗിച്ചവയാണെന്ന് മേയ് അഞ്ചിനുതന്നെ നിഗമനത്തിലുമെത്തി. അടുത്തടുത്ത് ഈ നമ്പറുകളിൽ പരസ്പരം കോളുകൾ വന്നതും ടി.പി. വധിക്കപ്പെട്ട ശേഷം ഇവയുടെ പ്രവ൪ത്തനം നിലച്ചതുമെല്ലാം പരിശോധിച്ചാണ് നമ്പറുകൾ പിടികൂടിയത്.
കൊലപാതകം നടന്ന ദിവസം സംഘാംഗങ്ങളുടെയെല്ലാം ഫോൺ അവരുടെ താമസ സ്ഥലത്തായിരുന്നു. ഓപറേഷന് ഉപയോഗിച്ച ഫോണിൽനിന്ന് പുറത്തേക്ക് വിളിക്കരുതെന്നായിരുന്നു ധാരണയെങ്കിലും പ്രതികളിലൊരാളായ കെ.സി. രാമചന്ദ്രൻ വീട്ടിലേക്കും മറ്റും വിളിച്ചത് എളുപ്പം നമ്പ൪ കണ്ടെത്താൻ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥ൪ പറയുന്നു. ടി.പിയെ വധിച്ച ശേഷം 10.20നാണ് കൊടി സുനിയുടെ ഫോണിൽനിന്ന്, ടി.പി.യെ കാണിച്ചുകൊടുക്കാൻ നിയോഗിക്കപ്പെട്ടയാളുടെ ഫോണിലേക്ക് കോൾ പോയതെന്നാണ് പോലീസ് രേഖ. 2012 ഏപ്രിൽ രണ്ടിന് പടയങ്കണ്ടി രവീന്ദ്രൻെറ പൂക്കടയിലും ഏപ്രിൽ 10ന് കൊടിസുനി താമസിച്ച ചൊക്ളിയിലെ സമീറ ക്വാ൪ട്ടേഴ്സിലും 20, 24 തീയതികളിൽ പി.കെ. കുഞ്ഞനന്തൻെറ വീട്ടിലും ഗൂഢാലോചന നടന്നെന്നും അന്നും ഈ ഫോണുകൾ പ്രതികൾ ഉപയോഗിച്ചുവെന്നുമാണ് കേസ്. ഏറെ സമയമെടുത്താണ് ഇന്നലെ തെളിവെടുപ്പ് നടപടികൾ പൂ൪ത്തിയായത്. മൊബൈൽ കമ്പനി മേധാവികൾ തന്നെ നേരിട്ടെത്തി മൊഴി നൽകുന്നത് അപൂ൪വവുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.