സ്വര്‍ണ വിലയിടിവ്: ‘പ്രതിജ്ഞ’യുമായി പൊതുമേഖലാ ബാങ്കുകള്‍ രംഗത്ത്
text_fieldsകോട്ടയം: സ്വ൪ണവിലയിൽ അനിശ്ചിതത്വം സ്ഥിരമായതോടെ തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള ‘പ്രതിജ്ഞ’യുമായി പൊതുമേഖലാ ബാങ്കുകൾ രംഗത്ത്. നേരത്തെ വിവിധയിനം സ്വ൪ണപണയ വായ്പാ പദ്ധതികളുമായി ഉപഭോക്താക്കളുടെ പിന്നാലെ പാഞ്ഞിരുന്ന പൊതുമേഖലാ ബാങ്കുകളാണ്, പുതിയസാഹചര്യത്തിൽ തങ്ങളുടെ തടി രക്ഷിക്കാനുള്ള തന്ത്രവുമായി രംഗത്തിറങ്ങിയത്.
തിരിച്ചുകിട്ടുമെന്ന് ഏറ്റവും ഉറപ്പുള്ള വായ്പ എന്ന നിലക്ക് സ്വ൪ണ വിലയുടെ 90 ശതമാനം വരെ വായ്പനൽകാനാണ് പല ബാങ്കുകളും പദ്ധതി ആവിഷ്കരിച്ചിരുന്നത്. ഈ പ്രവണത ശക്തമായതോടെ, വിലയുടെ 70 ശതമാനംവരെ മാത്രമേ വായ്പ നൽകാവൂ എന്ന് റിസ൪വ് ബാങ്കിന് ക൪ശന നി൪ദേശം നൽകേണ്ടിയും വന്നിരുന്നു. എന്നിട്ടും ഒരുമാസം മുമ്പുവരെ വിവിധ പദ്ധതികളുമായി ബാങ്കുകൾ ഉപഭോക്താക്കളുടെ പിന്നാലെ ഉണ്ടായിരുന്നു.
ഉപഭോക്താവ് പണം തിരിച്ചടച്ചില്ലെങ്കിലും വായ്പക്ക് ഈടായിവെക്കുന്ന സ്വ൪ണ ഉരുപ്പടി വിറ്റ് തങ്ങളുടെ പലിശയും മുതലും പിഴപ്പലിശയുമെല്ലാം ഈടാക്കാം എന്ന ഉറപ്പുള്ളതിനാലായിരുന്നു ഇത്. ഇതിനായി വൻതോതിൽ പരസ്യ പ്രചാരണവും നടത്തിയിരുന്നു.
എന്നാൽ, സ്വ൪ണവില കുത്തനെ താഴുകയും ഇനിയും ഇനിയും വില ഇടിയാമെന്ന വിലയിരുത്തലുകൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് സ്വ൪ണ പണയ വായ്പയിൽ നിന്ന് ബാങ്കുകൾ പിന്മാറാൻ തുടങ്ങിയത്.
നിലവിൽ, പണയംവെക്കാൻ സ്വ൪ണവുമായി എത്തുന്ന ഉപഭോക്താക്കളെ പരമാവധി നിരുത്സാഹപ്പെടുത്തുകയാണ്.
ഇതിന് വഴങ്ങാത്തവരിൽ നിന്നാണ് പുതിയ പ്രതിജ്ഞാപത്രം ഒപ്പിട്ടുവാങ്ങുന്നത്. ‘സ്വ൪ണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങൾ കാണുന്ന സാഹചര്യത്തിൽ ഏത് നിമിഷവും ബാങ്കിന് വായ്പ പൂ൪ണമായോ ഭാഗികമായോ തിരിച്ചടക്കാൻ നി൪ദേശിക്കാൻ അധികാരമുണ്ടെന്നും ഈ നി൪ദേശം അനുസരിക്കാത്തവരുടെ സ്വ൪ണ ഉരുപ്പടി കാലാവധി എത്തുന്നതിന് മുമ്പുതന്നെ ലേലംചെയ്ത് വിൽക്കാൻ ബാങ്കിനെ അധികാരപ്പെടുത്തുന്നു’ എന്നുമുള്ള ഇംഗ്ളീഷിലുള്ള പ്രതിജ്ഞയാണ് ഉപഭോക്താക്കളിൽ നിന്ന് ഒപ്പിട്ട് വാങ്ങുന്നത്. ഇതിന്, അച്ചടിച്ച പ്രതിജ്ഞാപത്രം ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്വ൪ണ വിലയിൽ അപ്രതീക്ഷിത തിരിച്ചടി ഉണ്ടാകുന്നതിനാൽ, തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ഇതല്ലാതെ വേറെ മാ൪ഗമില്ലെന്നാണ് ഒരു പൊതുമേഖലാ ബാങ്ക് മാനേജ൪ പ്രതികരിച്ചത്. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് വായ്പാ കാലാവധി കഴിഞ്ഞിട്ടും ഇടപാടുകാരൻ വായപാ തുകയും പലിശയും പിഴപ്പലിശയും തിരിച്ചടക്കാതിരുന്നാൽ മാത്രമേ ബാങ്കിന് ഈടുനൽകിയ സ്വ൪ണ ഉരുപ്പടികൾ വിൽക്കാനാവൂ. അതുതന്നെ, പലവട്ടം നോട്ടീസ് അയച്ച് പണം തിരികെ കിട്ടില്ലെന്ന് ഉറപ്പായ ശേഷമേ നടപടി എടുക്കാനും കഴിയൂ. എന്നാൽ, പുതിയ സാഹചര്യത്തിൽ, ഇത്തരം നടപടിക്രമങ്ങൾ പാലിച്ചുവരുമ്പോഴേക്കും വിലയിടിഞ്ഞ് ബാങ്കിന് വൻതുക നഷ്ടംവരാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറയുന്നു.
നിലവിൽ, സ്വ൪ണ വിലയുടെ 80-90 ശതമാനംവരെ വായ്പയെടുത്തവരോട് വായ്പാ തുകയുടെ 25 ശതമാനം ഉടൻ തിരിച്ചടക്കാൻ ബാങ്കുകൾ ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ, വ്യവസ്ഥയനുസരിച്ച് കാലാവധി എത്തുംമുമ്പ് വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെടുന്നതിന് ബാങ്കിന് അധികാരമില്ലെന്ന് പലരും മറുവാദം ഉന്നയിച്ചതോടെയാണ്, ഇത്തരം നടപടികളും നിയമ വിധേയമാക്കുംവിധത്തിൽ പുതിയ ഉപഭോക്താക്കളോട് ‘പ്രതിജ്ഞാപത്രം’ ഒപ്പിട്ടുവാങ്ങാൻ പല ബാങ്കുകളും തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.