Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതട്ടിപ്പുകാരന്‍

തട്ടിപ്പുകാരന്‍

text_fields
bookmark_border
തട്ടിപ്പുകാരന്‍
cancel

‘തെറ്റ് മനുഷ്യസഹജമാണ്. അത് ആരും കാര്യമായി എടുക്കേണ്ടതില്ല. തെറ്റുകൾ മനുഷ്യന് ഹാനികരമാണ്.’ പറഞ്ഞത് ശാരദാമണി മുഖോപാധ്യായയാണ്. ശാരദാദേവി എന്നോ മാ ശാരദാ എന്നോ പറഞ്ഞാലേ കൂടുതൽ പേ൪ അറിയൂ. ശ്രീരാമകൃഷ്ണപരമഹംസരുടെ സഹധ൪മിണി. ആത്മീയതയുടെ ഔത്യങ്ങൾ കീഴടക്കിയ വനിതാരത്നം. മനുഷ്യസഹജമായ തെറ്റുകളെക്കുറിച്ച് ഉദ്ബോധിപ്പിക്കുമ്പോൾ ശാരദാദേവി വിചാരിച്ചിട്ടുണ്ടാവുമോ പതിറ്റാണ്ടുകൾക്കിപ്പുറത്ത് തൻെറ പേരിലുള്ള കമ്പനികളുടെ തലവൻ സുദീപ്ത സെൻ തൻെറ വാക്കുകളെ ഇത്രയും ഗൗരവപൂ൪വം ജീവിതത്തിൽ പക൪ത്തുമെന്ന്? അതാണ് സംഭവിച്ചത്. സുദീപ്ത സെൻ തെറ്റുകൾ മനുഷ്യസഹജമാണ് എന്ന് വിശ്വസിച്ചു. തെറ്റുകളിൽനിന്ന് തെറ്റുകളിലേക്കുള്ള യാത്രയായിരുന്നു അയാൾക്ക് ജീവിതം. അതിന് അയാൾ ഉപയോഗിച്ചതോ വംഗദേശം മനസ്സിൽ പ്രണമിക്കുന്ന ആത്മീയവനിതയുടെ പേര്. ശാരദാദേവി ജീവിച്ചിരിപ്പില്ല. മറ്റൊരു വനിതക്കാണ് സുദീപ്ത സെൻ ഇപ്പോൾ വലിയ തലവേദനയായിരിക്കുന്നത്. മമത ബാന൪ജിക്ക്. പാ൪ട്ടിയുടെ രണ്ട് എം.പിമാ൪ക്കും ഒരു മന്ത്രിക്കും സെന്നുമായി അടുത്ത ബന്ധമുണ്ട് എന്നതുതന്നെ കാര്യം. തൃണമൂലിൻെറ വിലപ്പെട്ട വോട്ടുബാങ്കായ പാവപ്പെട്ട ഗ്രാമീണരാണ് ചിട്ടി തട്ടിപ്പിനിരയായിരിക്കുന്നത്. പഞ്ചായത്ത്, ലോക്സഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സെൻ ഉയ൪ത്തിയ തലവേദന മമതയെ അത്ര പെട്ടെന്നൊന്നും ഒഴിഞ്ഞുമാറില്ല.
പൂ൪വാശ്രമത്തിലെ പേര് ശങ്കരാദിത്യസെൻ. വസന്തത്തിൻെറ ഇടിമുഴക്കത്തിന് കാതോ൪ത്ത ബംഗാളിലെ കുപിതയൗവനത്തിൻെറ പ്രതിനിധി. ചാരുമജുംദാറിനെപ്പോലുള്ള നക്സലിസത്തിൻെറ മുന്നണിപ്പോരാളികളുടെ പ്രിയപ്പെട്ട ശിഷ്യൻ. അച്ഛൻ നൃപേന്ദ്രനാരായണൻ സ൪വേ ഓഫ് ഇന്ത്യയിലും അമ്മ രേണുക കൊൽക്കത്ത ടെലിഫോൺസിലും ജീവനക്കാരായിരുന്നു. നക്സൽ ബന്ധത്തിൻെറ പേരിൽ ജയിലിലായതോടെ ജീവിതത്തിൻെറ ഗതി മാറി, ആശയാദ൪ശങ്ങൾ മാറി. നവസമൂഹ നി൪മിതിക്കായുള്ള വിപ്ളവത്തിൻെറ കനലുകൾ ഉള്ളിൽ കെട്ടടങ്ങി. പകരം ജനങ്ങളെ ചൂഷണംചെയ്യുന്ന കൊടിയ വഞ്ചകനായി ഉയി൪ത്തെഴുന്നേറ്റു. ജയിലിൽനിന്ന് പരിചയപ്പെട്ട കുറ്റവാളികളുമായുള്ള സൗഹൃദത്തിൽനിന്ന് റിയൽ എസ്റ്റേറ്റ് ബിസിനസിൻെറ ആദ്യപാഠങ്ങൾ പഠിച്ചു. പിന്നീട് ആ വഴിക്ക് പണമുണ്ടാക്കിയപ്പോൾ തന്നെ പിടിച്ച് ജയിലിലിട്ട പൊലീസുകാ൪പോലും അയാൾക്കു മുന്നിൽ വണങ്ങിനിന്നു.
ബംഗാളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുമായി 30,000 കോടിയുടെ ചിട്ടിക്കമ്പനി തട്ടിപ്പാണ് നടത്തിയത്. പൊതുജനങ്ങളിൽനിന്ന് നിക്ഷേപമായി സ്വീകരിച്ച പണം ദുരുപയോഗം ചെയ്തു. വിവിധ നിക്ഷേപപദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിച്ചു. ‘ഞാൻ ശാരദാദേവിയുടെ ഉറച്ച അനുയായിയാണ്. ഞാനവരിൽ ആത്മസമ൪പ്പണം നടത്തിയിരിക്കുന്നു. ശാരദാദേവിയുടെ ഏകമകനായാണ് ഞാൻ എന്നും എന്നെ കണ്ടിരുന്നത്. ഞാൻ ബിസിനസുകാരനായത് പണമുണ്ടാക്കാനും ധനികനാവാനുമല്ല. ശാരദാദേവിയുടെ ആശയാദ൪ശങ്ങൾ പ്രചരിപ്പിക്കാനാണ്. പാവങ്ങളെയും പണത്തിന് ആവശ്യമുള്ളവരെയും സഹായിക്കാനാണ്. ഗ്രാമീണ ജനതക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ നൽകാനാണ്.’ സുദീപ്ത സെൻ ഒരിക്കൽ പറഞ്ഞു. ഇപ്പോൾ റിമാൻഡിലായത് സുദീപ്തയുടെ ഭാഗ്യം. അയാൾ മെച്ചപ്പെട്ട ജീവിതം നൽകാൻ ആഗ്രഹിച്ച ആയിരങ്ങൾ കൈയിൽ കിട്ടിയാൽ തല്ലിക്കൊന്നേനെ. ആയുസ്സിൻെറ സമ്പാദ്യം മുഴുവൻ ശാരദ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചവരാണ് അവ൪.
ബിസിനസ് സാമ്രാജ്യത്തിന് വിശ്വാസ്യത ഉറപ്പുവരുത്താൻ എല്ലാ കമ്പനികൾക്കും പേരിട്ടത് ശാരദ എന്ന്. പശ്ചിമബംഗാൾ, അസം, ക൪ണാടക, തമിഴ്നാട്, രാജസ്ഥാൻ എന്നിവിടങ്ങളിലായി ശാരദ ഗ്രൂപ്പിന് 165 കമ്പനികൾ ഉണ്ട്. എല്ലാറ്റിൻെറയും പേര് തുടങ്ങുന്നത് ശാരദ എന്നുതന്നെ.വ്യാജ മോട്ടോ൪ സൈക്കിൾ ഫാക്ടറി തുടങ്ങാനും അയാൾക്ക് മടിയുണ്ടായില്ല. നിക്ഷേപകരും ഏജൻറുമാരും സന്ദ൪ശിക്കാൻ വരുമ്പോൾ ഫാക്ടറി പ്രവ൪ത്തിക്കുകയാണ് എന്ന് തോന്നിക്കാൻ തൊഴിലാളികൾക്ക് പണം കൊടുത്ത് അഭിനയിപ്പിക്കും.
ബംഗാളിലെ ബിസിനസ് സാമ്രാജ്യത്തിൻെറ അമരത്തിരുന്നത് രണ്ടു ദശകങ്ങൾ. പക്ഷേ, സുദീപ്തയെക്കുറിച്ച് അധികമാ൪ക്കും ഒന്നുമറിയില്ല. ദുരൂഹതയുടെ ഒരു വലയം എപ്പോഴും അയാളെ ചൂഴ്ന്നുനിൽക്കുന്നു. പാസ്പോ൪ട്ടിൽ താമസസ്ഥലത്തിൻെറ വിലാസമുണ്ട്. പക്ഷേ, അവിടെ ആ൪ക്കും അങ്ങനെ ഒരു സുദീപ്തയെ അറിയില്ല. സ൪വേ പാ൪ക്കിലെ പഴയ അയൽക്കാ൪ക്ക് അയാളെ അറിയുന്നത് ശങ്ക൪ എന്ന പേരിലാണ്. കഴിഞ്ഞ 18 വ൪ഷമായി അവരാരും അയാളെ നേരിൽ കണ്ടിട്ടില്ല. ഓരോ അപവാദത്തിൽ പെടുമ്പോഴും അവിടെനിന്ന് ഓടി രക്ഷപ്പെടുന്നതായിരുന്നു പതിവ്. സെൻ എവിടെയാണ് താമസിച്ചിരുന്നതെന്ന് ആ൪ക്കും അറിയില്ല. ബംഗാളിലെ ഉന്നതരുടെ വാസകേന്ദ്രമായ സാൾട്ട് ലേക്കിൽ അഞ്ച് വസതികൾ ഉണ്ട്. രണ്ടു മുതൽ ആറു ഭാര്യമാ൪ വരെ ഉണ്ടെന്ന് ഊഹാപോഹങ്ങൾ. മൂന്നു ഭാര്യമാരുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞത് മമത തന്നെ. കൂടെ പിടിയിലായ ശാരദ ഗ്രൂപ്പിൻെറ എക്സിക്യൂട്ടിവ് ഡയറക്ട൪ ദേബ്ജനി മുഖ൪ജിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ശാരദ ടൂ൪സ് ആൻഡ് ട്രാവൽസിൽ റിസപ്ഷനിസ്റ്റായും ടെലിഫോൺ ഓപറേറ്ററായും വന്നതാണ് മുഖ൪ജി. കുറഞ്ഞ കാലം കൊണ്ട് എക്സിക്യൂട്ടിവ് പദവിയിൽ എത്തി.
ആയിരം ഏക്കറിലധികം ഭൂസ്വത്തുണ്ട്. മാധ്യമ രംഗത്തും കാര്യമായി മുതലിറക്കി. പത്തു മാധ്യമ സ്ഥാപനങ്ങൾ. ബംഗാൾ പോസ്റ്റ് എന്ന ഇംഗ്ളീഷ് ദിനപത്രം, ബംഗാളി, ഉ൪ദു, ഹിന്ദി ഭാഷകളിൽ പല പ്രസിദ്ധീകരണങ്ങൾ. ചാനൽ 10, സകാൽബേല തുടങ്ങിയ ചാനലുകൾ. പക്ഷേ, ഈ മാധ്യമ സ്ഥാപനങ്ങളിലുള്ളവരൊന്നും അയാളെ നേരിൽ കണ്ടിരുന്നില്ല. മാധ്യമങ്ങൾ സ്വന്തമാക്കിയതോടെയാണ് ബംഗാളിലെ എല്ലാവ൪ക്കും പരിചിതമായ ഒരു പേരായി സുദീപ്ത മാറിയത്. അതോടെ അധികാരത്തിൻെറ ഇടനാഴികളിൽ അയാൾ ഉറച്ച കാൽവെപ്പുകളോടെ നടന്നു. തൃണമൂൽ കോൺഗ്രസിലെ ഉന്നതരുമായി അടുത്തു. വലങ്കൈയായി വന്നത് തൃണമൂൽ എം.പി കുനാൽ ഘോഷ്. പാ൪ട്ടിയെ പിന്തുണക്കാൻ താൻ ബാധ്യസ്ഥനാണെന്ന് സെൻ പറയാറുണ്ടായിരുന്നു. ബംഗാൾ പോസ്റ്റിലെ ജീവനക്കാ൪ക്ക് കഴിഞ്ഞ ജനുവരി മുതൽ ശമ്പളം കിട്ടാതായി. ശമ്പളക്കുടിശ്ശിക തന്നു തീ൪ക്കുമെന്ന് ഉറപ്പുനൽകിയ ദിവസം സ്ഥാപനം അടച്ചുപൂട്ടുകയാണ് എന്ന അറിയിപ്പാണ് കിട്ടിയത്. പിന്നീട് സെന്നിൻെറ മൂന്നു ഫോണും ശബ്ദിക്കാതായി. ചിട്ടിക്കമ്പനി തട്ടിപ്പിനെ തുട൪ന്ന് മുങ്ങിയ സെൻ പിന്നീട് കശ്മീരിൽ പിടിയിലായി.
സുദീപ്ത സെൻ സി.ബി.ഐക്ക് അയച്ച കത്ത് മമതയെ മാത്രമല്ല ചിദംബരത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. തൃണമൂൽ എം.പിമാരായ കുനാൽഘോഷും ശ്രിൻജോയ് ബോസും തന്നിൽനിന്ന് പണം കൈപ്പറ്റിയിരുന്നതായി കത്തിൽ സെൻ വെളിപ്പെടുത്തി. തൃണമൂലിൻെറ അനിഷ്ടത്തിൽനിന്ന് സംരക്ഷിക്കാമെന്നായിരുന്നു അവരുടെ വാഗ്ദാനം. ഗതാഗത മന്ത്രി മദൻമിത്രക്കും ശാരദാഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ട്. ധനമന്ത്രി ചിദംബരത്തിൻെറ ഭാര്യ നളിനി ചിദംബരമാണ് കത്തിലൂടെ പ്രതിക്കൂട്ടിലകപ്പെടുന്ന മറ്റൊരാൾ. അസമിലെ നോ൪ത് ഈസ്റ്റേൺ ടെലിവിഷനിൽ നിക്ഷേപമിറക്കാൻ ശാരദാഗ്രൂപ്പിൽ സമ്മ൪ദം ചെലുത്തിയെന്നാണ് നളിനിക്ക് എതിരായ ആരോപണം. ചാനൽ തുടങ്ങുന്നതിന് 42 കോടി രൂപ നളിനി ആവശ്യപ്പെട്ടുവെന്ന് സെൻ പറയുന്നു. ഏതായാലും മമതക്കും നളിനിക്കും ചിദംബരത്തിനും നല്ല പണി കൊടുത്തിരിക്കുകയാണ് ശാരദാശിഷ്യൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story