വരള്‍ച്ച: കുടിവെള്ള പദ്ധതികള്‍ വൈകില്ല -മന്ത്രി അടൂര്‍ പ്രകാശ്
text_fieldsകൽപറ്റ: വരൾച്ചയുടെ പ്രത്യേക സാഹചര്യത്തിൽ സാങ്കേതികപ്രശ്നങ്ങളുടെ പേരിൽ കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവ൪ത്തനങ്ങൾ വൈകില്ലെന്ന് റവന്യൂ മന്ത്രി അടൂ൪ പ്രകാശ് പറഞ്ഞു. കലക്ടറേറ്റിൽ ചേ൪ന്ന വരൾച്ചാ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രത്യേക നി൪ദേശപ്രകാരമാണ് ജില്ലയിൽ മന്ത്രി സന്ദ൪ശനത്തിനെത്തിയത്.
വരൾച്ച രൂക്ഷമായ പ്രദേശങ്ങളിൽ സാങ്കേതിക തടസ്സങ്ങളില്ലാതെ പരമാവധി വേഗത്തിൽ കുടിവെള്ളം എത്തിക്കുന്നതിനാണ് മുൻതൂക്കം നൽകുന്നത്. ഇതിനായി ടെൻഡ൪ നടപടിക്രമങ്ങളിൽ ആവശ്യമായ ഇളവ് വരുത്തിയിട്ടുണ്ട്. ടെൻഡറിന് പകരം വാട്ട൪ അതോറിറ്റി ഓഫിസുകളിൽ 24 മണിക്കൂ൪ മുമ്പ് നോട്ടീസ് പ്രസിദ്ധീകരിക്കുകയും കാര്യക്ഷമമായി പ്രവൃത്തികൾ പൂ൪ത്തിയാക്കി കഴിവ് തെളിയിച്ച കരാറുകാ൪ക്ക് പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള അനുവാദം നൽകുകയും ചെയ്യാം. കലക്ട൪മാ൪ക്ക് ഭരണാനുമതി നൽകാവുന്ന പ്രവൃത്തികളുടെ പരിധി അഞ്ചു ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി. വാട്ട൪ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയ൪മാ൪ക്കും 20 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് അനുമതി നൽകാം. ജല അതോറിറ്റിയുടെ പൈപ്പ്ലൈൻ ഇല്ലാത്ത പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികളെടുത്തിട്ടുണ്ട്. ഇതിനായി അപേക്ഷ നൽകുന്ന പഞ്ചായത്തുകൾക്ക് ഉടൻ അനുമതി നൽകണം. കുടിവെള്ള വിതരണം നടത്തിയതിനുള്ള പ്രതിഫലം ബന്ധപ്പെട്ടവ൪ക്ക് ലഭിക്കാൻ വില്ലേജ് ഓഫിസ൪മാരുടെ സ൪ട്ടിഫിക്കറ്റ് മുമ്പ് ലഭിക്കണമായിരുന്നു. ഇത് പലയിടത്തും നൽകാത്തത് പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇനിമുതൽ വാ൪ഡ് അംഗം, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ് എന്നിവ൪ സാക്ഷ്യപ്പെടുത്തിയാൽ മതി. വാട്ട൪ അതോറിറ്റിയുടെ പൈപ്പ്ലൈനുകൾക്ക് നിബന്ധനകൾക്ക് വിധേയമായി റോഡ് മുറിക്കുന്നതിന് അനുമതി നൽകണമെന്ന് പൊതുമരാമത്ത് വകുപ്പിനും നി൪ദേശം നൽകി. എം.എൽ.എമാ൪ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് പദ്ധതികളുടെ പുരോഗതി വിലയിരുത്തും.
ജില്ലയിൽ 6.83 കോടി രൂപ വരൾച്ചാ ദുരിതാശ്വാസ പ്രവ൪ത്തനങ്ങൾക്കായി ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് യോഗത്തിൽ അറിയിച്ചു. ഇതിൽ 4.90 കോടി വിവിധ പ്രവ൪ത്തനങ്ങൾക്കായി വിനിയോഗിച്ചു.
മന്ത്രി പി.കെ. ജയലക്ഷ്മി, എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, എം.വി. ശ്രേയാംസ്കുമാ൪, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ശശി, വൈസ് പ്രസിഡൻറ് എ. ദേവകി എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.