മാറക്കാന കണ്‍തുറന്നു; ബ്രസീല്‍ ഉണരുന്നു
text_fieldsറിയോ ഡെ ജനീറോ: കളിക്കമ്പക്കാരുടെ മനസ്സിലേക്ക് സുവ൪ണനാളുകളുടെ ഇരമ്പലുമായി മാറക്കാനയിലെ കളിമുറ്റം കൺതുറന്നു. കാൽപന്തിനെ നെഞ്ചേറ്റിയവരുടെ നാട്ടിൽ വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബാളിനായി അണിഞ്ഞൊരുങ്ങാൻ രണ്ടരവ൪ഷമായി അടച്ചിട്ട മാറക്കാന പ്രദ൪ശനമത്സരത്തോടെയാണ് വീണ്ടും തുറന്നത്. മുൻ ബ്രസീലിയൻ താരങ്ങളായ റൊണാൾഡോയും ബെബറ്റോയും നയിച്ച ഇലവനുകൾ തമ്മിലെ പ്രദ൪ശനമത്സരത്തോടെയായിരുന്നു ചരിത്രവേദിയിലെ പച്ചപ്പുൽ മൈതാനം വീണ്ടും പന്തിനെ നെഞ്ചേറ്റിയത്. ലോകകപ്പിനായി ബ്രസീലിൽ തയാറാവുന്ന നാലാമത്തെ സ്റ്റേഡിയമാണ് മാറക്കാന. 12 സ്റ്റേഡിയങ്ങളിലാണ് ബ്രസീൽ ലോകകപ്പ് വേദിയൊരുക്കുന്നത്. മുഴുവൻ സ്റ്റേഡിയങ്ങളും അറ്റകുറ്റപ്പണി കഴിഞ്ഞ് തുറക്കാൻ ഫിഫ അനുവദിച്ച സമയം കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചിരുന്നു. പിന്നീട് നാലു മാസംകൂടി കാലാവധി ദീ൪ഘിപ്പിച്ചു നൽകി. ഈ വരുന്ന ജൂണിൽ നടക്കുന്ന കോൺഫെഡറേഷൻ കപ്പ് ഫുട്ബാളിന് മാറക്കാനയടക്കം ആറ് വേദികളാണ് ആതിഥ്യം വഹിക്കുന്നത്.
രണ്ടു വ൪ഷവും ഏഴു മാസവും നീണ്ടുനിന്ന നി൪മാണ പ്രവ൪ത്തനങ്ങൾക്കുശേഷമാണ് ബ്രസീലുകാരുടെ വികാരമായ മാറക്കാന വീണ്ടും പന്തുതട്ടാൻ സജ്ജമായത്. 1948ൽ നി൪മിച്ച സ്റ്റേഡിയം ഏറ്റവും ആധുനിക സൗകര്യങ്ങളോടെയാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്്. ലോകകപ്പിൻെറയും കോൺഫെഡറേഷൻ കപ്പിൻെറയും ഫൈനൽ മത്സരങ്ങളുടെ വേദിയാണ് മാറക്കാന. 2016 ഒളിമ്പിക്സിൻെറ പ്രധാന വേദിയാവുന്ന മാറാക്കാന യിലാണ് ഒളിമ്പിക്സ് ഉദ്ഘാടന-സമാപന ചടങ്ങുകളും.
ബ്രസീൽ പ്രസിഡൻറ് റിൽമ റൗസഫ്, റിയോ ഡെ ജനീറോ സ്റ്റേറ്റ് ഗവ൪ണ൪ സെ൪ജിയോ കബ്രാൽ, മേയ൪ എഡ്വേ൪ഡ് പയസ്, ബ്രസീലിൻെറ കായികമന്ത്രി ആൽദോ റെബിലോ എന്നിവരെ സാക്ഷിയാക്കി നടന്ന പ്രദ൪ശന മത്സരത്തിൽ റൊണാൾഡോ ഇലവൻ 8-5ന് ബെബറ്റോയുടെ സംഘത്തെ കീഴടക്കി. 1994, 2002 ലോകകപ്പുകളിൽ മഞ്ഞപ്പടയെ ചാമ്പ്യന്മാരാക്കിയ റൊണാൾഡോ രണ്ട് ഗോളുകൾ നേടി.
ചരിത്രമുഹൂ൪ത്തങ്ങളുടെ കളിമുറ്റമായ മാറക്കാന വീണ്ടും സജീവമാവുന്നത് മറ്റൊരു ചരിത്ര നിമിഷമാണെന്ന് ഫിഫ പ്രസിഡൻറ് സെപ് ബ്ളാറ്റ൪ സന്ദേശത്തിൽ അറിയിച്ചു.
എന്നാൽ, നവീകരണ പ്രവ൪ത്തനങ്ങൾ പൂ൪ത്തിയാവാതെയാണ് സ്റ്റേഡിയം തുറന്നതെന്ന ആരോപണവും ശക്തമാണ്. സ്റ്റേഡിയത്തിലേക്കുള്ള രണ്ട് പ്രവേശ ഗേറ്റുകളുടെ ജോലിയേ പൂ൪ത്തിയായിട്ടുള്ളൂ. സീറ്റുകൾ ഏറെയും ഇനിയും സ്ഥാപിച്ചിട്ടില്ല. സ്റ്റേഡിയം സ്വകാര്യവത്കരിക്കുന്നുവെന്ന ആരോപണവുമായി തെരുവിലും ഗാലറിയിലും പ്രതിഷേധക്കാരുമെത്തി. 1950 ലോകകപ്പിൽ രണ്ട് ലക്ഷത്തോളം പേ൪ തിങ്ങിനിറഞ്ഞ് തുളുമ്പിയ മാറക്കാന ഇന്നും ബ്രസീലുകാരുടെ കളിയാവേശത്തിൻെറ മറക്കാനാവാത്ത പ്രതീകമാവുമ്പോൾ 2014 മറ്റൊരു മാറാക്കാന ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ലാറ്റിനമേരിക്കയും ലോകവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.