ഏഴുവയസ്സുകാരിയെ മര്‍ദിച്ചു കൊന്നു
text_fieldsകോഴിക്കോട്: അച്ഛനും രണ്ടാനമ്മയും ചേ൪ന്ന് ക്രൂരമായി മ൪ദിച്ച ഏഴു വയസ്സുകാരിക്ക് ദാരുണമായ അന്ത്യം. ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മിനിവാസിൽ താമസിക്കുന്ന താഴെ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകൾ അതിഥിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11മണിയോടെയാണ് പ്രദേശത്തെ നടുക്കിയ സംഭവം. സുബ്രഹ്മണ്യൻ നമ്പൂതിരിയെയും രണ്ടാം ഭാര്യ ദേവിക അന്ത൪ജനത്തേയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു കൊലക്കുറ്റത്തിന് കേസെടുത്തു. രണ്ടാനമ്മ ദേവിക അന്ത൪ജനവും സ്വന്തം പിതാവും ചേ൪ന്ന് ബാലികയെ ദിവസങ്ങളായി പീഡിപ്പിച്ചിരുന്നുവെന്ന് നാട്ടുകാ൪ പറഞ്ഞു. മ൪ദനമേറ്റതിൻെറ ലക്ഷണം ബാലികയുടെ ദേഹമാസകലമുണ്ട്. ആന്തരികാവയവങ്ങൾക്കേറ്റ കടുത്ത ക്ഷതം മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട്. തിങ്കളാഴ്ച വൈകീട്ടോടെ കുട്ടിയുടെ പുറത്ത് ചവിട്ടിയതോ മറ്റോ ആയിരിക്കാമെന്നും ഡോക്ട൪മാ൪ പറഞ്ഞു.
കുട്ടിയുടെ ജനനേന്ദ്രിയം ഉൾപ്പെടെ അരക്കു താഴെ സാരമായി പൊള്ളലേറ്റിട്ടുണ്ട്. ചൂടുവെള്ളത്തിൽ കൈകാലുകൾ താഴ്ത്തിയാതാകാമെന്ന് ഡോക്ട൪മാ൪ പറഞ്ഞു. തലയുടെ പിൻവശത്ത് ദിവസങ്ങൾക്കുമുമ്പ് മുറിവേറ്റതിൻെറ അടയാളമുണ്ട്. കഴുത്തു പിരിച്ചു ഞെരിച്ചതിൻെറയും നഖംകൊണ്ട് മുറിവേൽപ്പിച്ചതിൻെറ അടയാളവും മൃതദേഹത്തിൽ കണ്ടെത്തി. ആഴ്ചകളായി പോഷകാഹാരമൊന്നും ലഭിക്കാത്തതിനാൽ ശരീരം പൊതുവെ ശുഷ്കിച്ച നിലയിലായിരുന്നതായും ഡോക്ട൪മാ൪ വെളിപ്പെടുത്തി.
ബിലാത്തിക്കുളം ശിവക്ഷേത്രത്തിൽ പൂജാരിയായ സുബ്രഹ്മണ്യൻെറ ആദ്യ ഭാര്യ മാവൂ൪ വെള്ളന്നൂ൪ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ മകളാണ് അതിഥി. മൂന്നുവ൪ഷം മുമ്പ് തിരുവമ്പാടിയിലുണ്ടായ വാഹനാപകടത്തിൽ ശ്രീജ മരിച്ചു. തുട൪ന്നാണ് പട്ടാമ്പി സ്വദേശിനിയായ ദേവികയെ വിവാഹം കഴിക്കുന്നത്. ഏക സഹോദരൻ അരുൺ എസ്. നമ്പൂതിരിക്കും പിതാവിനും രണ്ടാനമ്മക്കുമൊപ്പമാണ് അതിഥി ബിലാത്തിക്കുളത്തെ വീട്ടിൽ താമസിച്ചിരുന്നത്. തിരുവമ്പാടി കൽപ്പുഴായി ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന സുബ്രഹ്മണ്യന് ബിലാത്തിക്കുളത്ത് പൊതുവെ സൗഹൃദം കുറവാണ്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അച്ഛനും രണ്ടാനമ്മയും ചേ൪ന്ന് കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാരമിളകിയതാണെന്നാണ് ഡോക്ടറോട് പറഞ്ഞത്. കുട്ടി മരിച്ചതായി സ്ഥിരീകരിച്ചപ്പോൾ തങ്ങൾ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാമെന്നു പറഞ്ഞെങ്കിലും ആശുപത്രി അധികൃത൪ അറിയിച്ചതു പ്രകാരം നടക്കാവ് പൊലീസെത്തിയാണ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്കൂൾ ഒന്നാം ക്ളാസ് വിദ്യാ൪ഥിനിയാണ് അതിഥി. ഇതേ സ്കൂളിലെ നാലാം ക്ളാസ് വിദ്യാ൪ഥിയാണ് അരുൺ. രണ്ടാനമ്മ ദേവികക്ക് ആദ്യവിവാഹത്തിൽ പ്ളസ്ടുക്കാരിയായ മകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.