കേന്ദ്ര വനം മന്ത്രാലയം ജനങ്ങളുടെ അഭിപ്രായം തേടുന്നു
text_fieldsചെറുതോണി: ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ട് വിവാദമായതോടെ കേന്ദ്ര വനം മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു. ഇതിന് റിപ്പോ൪ട്ടിൻെറ പൂ൪ണ രൂപം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കിയാൽ ഇടുക്കിയിലെ ക൪ഷക൪ സ്ഥലം ഒഴിയേണ്ടി വരുമെന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പരാതിയെ തുട൪ന്നാണ് അഭിപ്രായം ശേഖരിക്കുന്നത്.
2010 മാ൪ച്ച് 30 നാണ് പ്രഫ. മാധവ് ഗാഡ്ഗിൽ ചെയ൪മാനായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി രൂപവത്കരിക്കുന്നത്.
മാധവ് ഗാഡ്ഗിൽ കൂടാതെ വി.ജെ. കൃഷ്ണൻ, ഡോ.കെ.എൻ. ഗണേശയ്യ, പ്രഫ. റെനി ബോ൪ഗസ്, ഡോ. വി.എസ്. വിജയൻ, പ്രഫ.ആ൪. സുകുമാ൪, ഡോ. ലിജിയ നൊറോന, വിദ്യ എസ്.നായക്, ഡോ.സി.കെ. സുബ്രഹ്മണ്യം, ഡോ. ആ൪.വി. വ൪മ, പ്രഫ.വി.എം. ഗൗതം, ഡോ. ആ൪.ആ൪. നവാൽഗുണ്ട്, ഡോ. ജി.വി. സുബ്രഹ്മണ്യം തുടങ്ങി 13 പേരും അംഗങ്ങളാണ്.
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിരുകൾ പശ്ചിമഘട്ട മേഖലയിൽ കണ്ടെത്തി സ൪ക്കാറിന് റിപ്പോ൪ട്ട് ചെയ്യുകയെന്നതാണ് സമിതിയുടെ ചുമതല. സമിതി ചുമതലയേറ്റ് 18 മാസം കൊണ്ടാണ് റിപ്പോ൪ട്ട് തയാറാക്കിയത്.
പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങളിലെ 40 ഗ്രാമങ്ങൾ സന്ദ൪ശിച്ച് ക൪ഷകരുമായി നേരിട്ട് കണ്ടാണ് റിപ്പോ൪ട്ട് തയാറാക്കുന്നത്. ഇതിനായി 14 തവണ സന്ദ൪ശനം നടത്തി.
തുട൪ന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോ൪ട്ട് തയാറാക്കാൻ 42 ശാസ്ത്രജ്ഞന്മാരെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോ൪ട്ട് കിട്ടിയ ശേഷം 40 എൻ.ജി.ഒ ഗ്രൂപ്പുകളുമായി എട്ട് തവണ ച൪ച്ചകൾ നടത്തി.
15 പാനൽ മീറ്റിങ്ങുകൾ നടത്തി. അതിനുശേഷമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോ൪ട്ട് സമ൪പ്പിച്ചതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാക്ഷസ റിപ്പോ൪ട്ടെന്നാണ് കേരള സ൪ക്കാ൪ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഇതേക്കുറിച്ച് മാധവ് ഗാഡ്ഗിൽ പറയുന്നതിങ്ങനെ: ഭരണം നടത്തുന്നവ൪ തൻെറ റിപ്പോ൪ട്ട് പഠിക്കാതെയാണ് അഭിപ്രായം പറയുന്നത്. റിപ്പോ൪ട്ടിൽ പറയാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ചില കേന്ദ്രങ്ങൾ ക൪ഷകരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു. ക൪ഷക൪ക്ക് അനുകൂലമായ നിലപാടാണ് റിപ്പോ൪ട്ടിലുള്ളത്. ഇത് ക൪ഷകരെ ബോധ്യപ്പെടുത്തിക്കൊടുക്കാനും തയാറാണ്.
ഇതൊരു ജനകീയ റിപ്പോ൪ട്ടാണെന്നും അതത് പ്രാദേശിക ഭാഷകളിലാക്കി ഗ്രാമസഭകളിൽ ച൪ച്ച ചെയ്യണമെന്നും മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു പഞ്ചായത്തിൽ എത്ര പാറമടകൾക്ക് അനുമതി നൽകാം, ഒരു നദിയിൽ എത്ര അണക്കെട്ടുകൾ നി൪മിക്കാം, എത്രത്തോളം മണലെടുക്കാം, വെള്ളമൂറ്റാം ഇതൊന്നും പഠിക്കാതെയാണ് ചില൪ അഭിപ്രായം പറയുന്നതും എതി൪ക്കുന്നതും.
റിപ്പോ൪ട്ടിനെ എതി൪ത്ത് കേരള പരിസ്ഥിതി മന്ത്രാലയത്തിന് കേരള സ൪ക്കാ൪ കത്തയച്ചതോടെയാണ് സംഭവം വിവാദമായത്. ഇതേതുട൪ന്ന് റിപ്പോ൪ട്ട് സമഗ്രമായി പരിശോധിച്ച് റിപ്പോ൪ട്ട് നൽകാൻ മുൻ ഐ.എസ്.ആ൪.ഒ ചെയ൪മാനും ഭൗതികശാസ്ത്രജ്ഞനുമായ ഡോക്ട൪ കസ്തൂരി രംഗൻെറ നേതൃത്വത്തിൽ ഹൈലെവൽ വ൪ക്കിങ് ഗ്രൂപ്പും രൂപവത്കരിച്ചു. കസ്തൂരി രംഗൻ നൽകിയ റിപ്പോ൪ട്ടും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.