നടപ്പാക്കാനാവാത്ത ആവശ്യങ്ങളുമായി പന്തളം ജനകീയ വികസന സമിതി
text_fieldsപന്തളം: വികസന പിന്നാക്കാവസ്ഥക്ക് പരിഹാരം തേടി പന്തളത്ത് രൂപവത്കരിച്ച ജനകീയ വികസന സമിതിയുടെ അജണ്ടയിലുള്ളത് വികസന പ്രവ൪ത്തനങ്ങളുടെ നീണ്ടപട്ടിക. ഇവ പലതും നടപ്പാക്കാനാവാത്തവ. വികസന നഷ്ടങ്ങളുടെ പരമ്പരകൾക്കൊടുവിൽ വൈകി രൂപവത്കരിച്ച വികസന സമിതി ജനങ്ങളിൽ പ്രതീക്ഷ ഉണ൪ത്തുന്നുമില്ല.
എല്ലാം നഷ്ടമാകുന്നത് കണ്ടുനിന്നവ൪ ഇനി വികസന സമിതി രൂപവത്കരിച്ച് എന്ത് ചെയ്യാനാണെന്നാണ് ജനം ചോദിക്കുന്നത്. ആവശ്യങ്ങളുടെ ഒരു വലിയ പട്ടികയുമായി രൂപവത്കരിച്ച ജനകീയ വികസന സമിതി ഇതിനകം രണ്ടുതവണ യോഗം ചേ൪ന്നു. നിയമസഭാ മണ്ഡലം പുന$സ്ഥാപിക്കലിൽ തുടങ്ങി റെയിൽവേ ലൈൻ വരെ ആവശ്യങ്ങളിൽ പെടും. ഇവ നേടിയെടുക്കാൻ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സമിതിയുടെ തീരുമാനമെന്നറിയുന്നു.
കഴിഞ്ഞ നിയമസഭാ ബജറ്റിലെ ചില പ്രഖ്യാപനങ്ങളെ തുട൪ന്ന് ജില്ലയിലെ മറ്റിടങ്ങളിൽ സമരങ്ങൾ അരങ്ങേറിയിരുന്നു. കോന്നി താലൂക്ക് രൂപവത്കരണം, കോഴഞ്ചേരി താലൂക്കിൻെറ ആസ്ഥാനം മാറ്റൽ തുടങ്ങിയ വിഷയങ്ങളിലായിരുന്നു സമരം. ഇക്കാര്യത്തിലുണ്ടായ ആക്ഷേപങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ സമരങ്ങൾ കാരണമാകുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് പന്തളത്ത് ജനകീയ വികസന സമിതി രൂപവത്കരിക്കുന്നത്. ധനവകുപ്പ് കൈകാര്യം ചെയ്യുന്ന കേരള കോൺഗ്രസ് എമ്മിൻെറ ജില്ലാ നേതാവാണ് സമിതി രൂപവത്കരണത്തിന് നേതൃത്വം നൽകുന്നത്.
വിവിധ രാഷ്ട്രീയ പാ൪ട്ടികളുടെ പിന്തുണ ഈ ഉദ്യമത്തിന് പ്രത്യക്ഷത്തിൽ ലഭിക്കുകയും ചെയ്തു. പ്രദേശത്തിൻെറ വികസനത്തിനായുള്ള ഇപ്പോഴത്തെ ജനകീയ നീക്കം ഏറെ വൈകി പോയെന്ന ആക്ഷേപം സമിതിയിലെ ഭാരവാഹികൾക്ക് തന്നെയുണ്ട്.
പന്തളം നിയമസഭാ മണ്ഡലം പുന$സ്ഥാപിക്കുക, താലൂക്ക് രൂപവത്കരണം, നഗരസഭ, ബ്ളോക് ആസ്ഥാനം പന്തളത്ത് നിലനി൪ത്തുക, റെയിൽവേ ലൈൻ സ്ഥാപിക്കുക തുടങ്ങിയവയാണ് ജനകീയ സമിതി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവ. ഇവയിൽ പലതും പ്രായോഗികമായി നടപ്പാകാൻ സാധ്യതയില്ലാത്തതാണെന്നും ആക്ഷേപമുണ്ട്. 2007ലാണ് തെരഞ്ഞെടുപ്പ് കമീഷൻ പന്തളം നിയമസഭാ മണ്ഡലം അടൂരുമായി ചേ൪ത്ത് അടൂ൪ മണ്ഡലം രൂപവത്കരിച്ച് പ്രഖ്യാപനം നടത്തിയത്. തീരുമാനം വന്ന കാലയളവിലൊന്നും പന്തളത്തെ രാഷ്ട്രീയ പാ൪ട്ടികളൊന്നും ഈ വിഷയത്തിൽ എതി൪പ്പുകൾ പ്രകടിപ്പിച്ചിരുന്നില്ല. 2011 ൽ അടൂ൪ നിയമസഭാ മണ്ഡലമാക്കി തെരഞ്ഞെടുപ്പും നടന്നിരുന്നു. പന്തളം നിയമസഭാ മണ്ഡലം പുന$സ്ഥാപിക്കാനുള്ള സാധ്യത വിരളമാണെന്നിരിക്കെയാണ് ഈ ആവശ്യം ജനകീയ സമിതി ഉന്നയിക്കുന്നത്.
കുളനടയിലേക്ക് മാറ്റിയ പന്തളം ബ്ളോക്കിൻെറ ആസ്ഥാനം പന്തളത്ത് തന്നെ പുന$സ്ഥാപിക്കണമെന്നാണ് മറ്റൊരു ആവശ്യം. ത്രിതല പഞ്ചായത്തുകളുടെ പുന൪നി൪മാണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻെറ നി൪ദേശം പരിഗണിച്ചായിരുന്നു ഇത്. ചെറിയ പഞ്ചായത്തുകൾ കൂട്ടി യോജിപ്പിച്ച് പുതിയ ബ്ളോക്കുകൾ നി൪ണയിക്കണമെന്നായിരുന്നു കമീഷൻെറ നി൪ദേശം. സ൪ക്കാ൪ തീരുമാനത്തിൽ വലിയ എതി൪പ്പുകൾ പന്തളത്ത് ഉണ്ടായില്ലെങ്കിലും ബ്ളോക് ആസ്ഥാനം കുളനടയിൽ വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തന്നെ നടന്നിരുന്നു. ഒടുവിൽ കുളനടയിൽ നടന്ന സമരപരമ്പരയെ തുട൪ന്ന് ആസ്ഥാനം കുളനടയിലേക്ക് മാറ്റുകയായിരുന്നു.
1990ൽ നഗരസഭയായി ഉയ൪ത്തിയ പന്തളത്തെ, ഇതിനെതിരെ ഉയ൪ന്ന സമരങ്ങളെ തുട൪ന്ന് 1993ൽ വീണ്ടും പഞ്ചായത്താക്കുകയായിരുന്നു. വീണ്ടും നഗരസഭയാക്കണമെന്ന ആവശ്യത്തിനും വേണ്ടത്ര ശക്തി ലഭിക്കാത്തതുമൂലം മാറി വന്ന സ൪ക്കാറുകളൊന്നും ഇക്കാര്യം പരിഗണിച്ചതുമില്ല. എന്നാൽ, ഇപ്പോഴത്തെ യു.ഡി.എഫ് സ൪ക്കാറിൻെറ അവസാന കാലയളവിൽ പന്തളം നഗരസഭയാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നുമുണ്ട്. എം.സി റോഡിന് സമാന്തരമായി റെയിൽവേ ലൈൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വ൪ഷങ്ങളുടെ പഴക്കമുണ്ട്.
ഭാവിയിൽ പരിഗണിക്കപ്പെടാൻ സാധ്യതയുള്ള പദ്ധതികളുടെ പട്ടികയിൽ മാത്രമാണ് ഇപ്പോഴും പന്തളം വഴിയുള്ള റെയിൽവേ ലൈനിനുള്ള സ്ഥാനം. ഒരിക്കൽ സ൪വേ നടത്തിയതൊഴിച്ചാൽ റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്ന് തുട൪നടപടിയൊന്നും ഉണ്ടായിട്ടില്ല.
ചെങ്ങന്നൂ൪-കായംകുളം പാത ഇരട്ടിപ്പിച്ചതും പുതിയ റെയിൽ പാതക്കുള്ള സാധ്യത കുറക്കുന്നു. വികസന പദ്ധതികൾക്ക് ഇത്രയധികം തടസ്സം നിലനിൽക്കെ ജനകീയസമിതിയുടെ പുതിയ നീക്കം എന്ത് ഫലം ഉണ്ടാക്കുമെന്ന ചോദ്യം സമിതിയുടെ സംഘാടകരിൽ തന്നെയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.