ജില്ലയില്‍ ഒരുമാസം നീളുന്ന മന്ത്രിസഭാ വാര്‍ഷികാഘോഷം
text_fieldsപത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാ൪ഷികം ഈ മാസം 18 മുതൽ ഒരു മാസം നീളുന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് ഒരുക്കം തുടങ്ങി. കലക്ടറേറ്റിൽ ജില്ലാ ഇൻഫ൪മേഷൻ ഓഫിസിനോടനുബന്ധിച്ച് പ്രവ൪ത്തനമാരംഭിച്ച മുഖ്യമന്ത്രിയുടെ പരാതിപരിഹാര വിഭാഗമായ സുതാര്യകേരളം ജില്ലാ സെല്ലിൻെറ ഉദ്ഘാടനവും വാ൪ഷികാഘോഷത്തോടനുബന്ധിച്ച് നടത്തും.
ജില്ലാ ഭരണകൂടം, ഇൻഫ൪മേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ക്ഷേമനിധി ബോ൪ഡുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കലക്ട൪ പ്രണബ് ജ്യോതിനാഥിൻെറ അധ്യക്ഷതയിൽ ചേ൪ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗം പരിപാടികൾക്ക് പ്രാരംഭ രൂപം നൽകി.
മന്ത്രിസഭാ വാ൪ഷികത്തിൻെറ ജില്ലാതല ഉദ്ഘാടനം, പൂ൪ത്തിയായ പദ്ധതികളുടെയും പുതിയ പദ്ധതികളുടെയും ഉദ്ഘാടനം, സ്വയംപര്യാപ്ത പട്ടികജാതി കോളനികളുടെ ഉദ്ഘാടനം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം, വിവിധ വകുപ്പുകളുടെയും ക്ഷേമനിധി ബോ൪ഡുകളുടെയും ആനുകൂല്യവിതരണം, പട്ടയം-കൈവശാവകാശരേഖ വിതരണം, ശുചിത്വമിഷൻെറയും ആരോഗ്യം, കൃഷി, വ്യവസായ വകുപ്പുകളുടെയും സെമിനാറുകൾ, ബ്ളോക്കുകളിൽ ഇന്ദിര ആവാസ് യോജന വീടുകളുടെ താക്കോൽദാനം, ബോധവത്കരണ സെമിനാറുകൾ, വികസന ചിത്രപ്രദ൪ശനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജില്ലാ ശുചിത്വമിഷൻ മാലിന്യമുക്ത പമ്പ പ്രചാരണം നടത്തും. ഗ്രാമപഞ്ചായത്തുതലത്തിലും വൈവിധ്യമാ൪ന്ന പരിപാടികൾ സംഘടിപ്പിക്കും.
മന്ത്രിസഭാ വാ൪ഷികത്തിൻെറ വിജയകരമായ നടത്തിപ്പിന് റവന്യൂമന്ത്രി അടൂ൪ പ്രകാശ് മുഖ്യരക്ഷാധികാരിയും ജില്ലയിലെ എം.എൽ.എമാ൪, എം.പിമാ൪, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്നിവ൪ രക്ഷാധികാരികളും നഗരസഭാധ്യക്ഷന്മാരും ബ്ളോക്-ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെ അസോസിയേഷൻ പ്രസിഡൻറുമാരും ഉപരക്ഷാധികാരികളും കലക്ട൪ ചെയ൪മാനും അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് വൈസ് ചെയ൪മാനും ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ കൺവീനറും ജില്ലാതല ഉദ്യോഗസ്ഥ൪ അംഗങ്ങളുമായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. സംഘാടക സമിതി യോഗം ചേ൪ന്ന് പരിപാടികൾക്ക് അന്തിമ രൂപം നൽകും.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേ൪ന്ന യോഗത്തിൽ എ.ഡി.എം എച്ച്. സലിംരാജ്, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ആ൪.ശക്തികുമാ൪, തഹസിൽദാ൪മാ൪, വിവിധ വകുപ്പുമേധാവികൾ, നഗരസഭാ-ബ്ളോക് പഞ്ചായത്ത് സെക്രട്ടറിമാ൪ എന്നിവ൪ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.