വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റില്ല -കാരാട്ട്
text_fieldsന്യൂദൽഹി: വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. അതേസമയം, പാ൪ട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മൂന്നുപേ൪ക്ക് വി.എസിൻെറ പേഴ്സനൽ സ്റ്റാഫിൽ തുടരാനാവില്ലെന്നും ഞായറാഴ്ച സമാപിച്ച കേന്ദ്രകമ്മിറ്റി, പി.ബി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കാരാട്ട് പറഞ്ഞു. സി.പി.എം കേരള ഘടകത്തിലെ ചേരിപ്പോര് അന്വേഷിക്കുന്നതിന് ആറംഗ പി.ബി കമീഷനെ തീരുമാനിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, എ.കെ. പത്മനാഭൻ എന്നീ മലയാളികൾക്ക് പുറമെ, സീതാറാം യെച്ചൂരി, നിരുപംസെൻ, വി.വി. രാഘവുലു എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. കേരളത്തിലെ പ്രശ്നങ്ങളിൽ പി.ബി തീരുമാനം ഇതിനകം പത്രങ്ങൾ റിപ്പോ൪ട്ട് ചെയ്തതിനാൽ വിശദീകരിച്ച് സമയം കളയണോയെന്ന ആമുഖത്തോടെയാണ് കാരാട്ട് തീരുമാനങ്ങൾ വിശദീകരിച്ചത്.
യു.ഡി.എഫിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാ൪ട്ടിയും എൽ.ഡി.എഫും ഒറ്റക്കെട്ടായി നിന്ന് അതിൻെറ നേട്ടമുണ്ടാക്കണമെന്ന് കേന്ദ്രകമ്മിറ്റി പുറത്തുവിട്ട വാ൪ത്താക്കുറിപ്പിൽ പറഞ്ഞു. വി.എസിൻെറ പേഴ്സനൽ അസിസ്റ്റൻറ് എ. സുരേഷ്, അഡീ. പ്രൈവറ്റ് സെക്രട്ടറി ശശിധരൻ, പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണൻ എന്നിവ൪ ഉൾപ്പെടെ നാലുപേരെ പുറത്താക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും വാ൪ത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. ദേശാഭിമാനി ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്ന എസ്.പി. ശ്രീധരനാണ് നടപടിക്ക് വിധേയനായ നാലാമൻ. ദേശാഭിമാനി തിരുവനന്തപുരം യൂനിറ്റ് മാനേജ൪ കെ. വരദരാജനെതിരെ ലൈംഗികാരോപണമുന്നയിച്ച് വ്യാജ പരാതി നൽകിയതിനാണ് ശ്രീധരനെ പുറത്താക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചത്. ശ്രീധരനും വരദരാജനും ഔദ്യാഗിക വിഭാഗവുമായി അടുപ്പമുള്ളവരാണ്.
കേരളത്തിലെ പ്രശ്നങ്ങൾ അന്വേഷിക്കുന്ന പി.ബി കമീഷന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് വ്യക്തമാക്കി. ‘സമയപരിധി നിശ്ചയിക്കാൻ ഇത് ജുഡീഷ്യൽ അന്വേഷണമൊന്നുമല്ല. കമീഷൻ അംഗങ്ങൾ എപ്പോൾ കേരളത്തിലേക്ക് പോകുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. കേരളത്തിൽനിന്ന് പി.ബിക്ക് മുന്നിലെത്തിയ സംഘടനാ പ്രശ്നങ്ങളാണ് കമീഷൻ അന്വേഷിക്കുക. സംഘടനാ പ്രശ്നങ്ങൾ പലതുണ്ട്. അത് വിശദീകരിക്കാനാവില്ല’ -കാരാട്ട് പറഞ്ഞു. പാ൪ട്ടി പുറത്താക്കിയവ൪ വി.എസിൻെറ സ്റ്റാഫിൽ തുടരുമോയെന്ന് ചോദിച്ചപ്പോൾ പാ൪ട്ടിയാണ് അവരെ ആ സ്ഥാനത്ത് നിയമിച്ചതെന്നായിരുന്നു മറുപടി. മൂവരെയും പേഴ്സനൽ സ്റ്റാഫിൽനിന്ന് നീക്കാൻ പി.ബി വി.എസിന് നി൪ദേശം നൽകിയെന്ന സൂചനയാണ് കാരാട്ടിൻെറ വാക്കുകൾ നൽകുന്നത്. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാന സമിതി പാസാക്കിയ പ്രമേയം എന്തുകൊണ്ട് പി.ബി തള്ളിയെന്ന ചോദ്യത്തിന് കാരാട്ട് വ്യക്തമായി മറുപടി നൽകിയില്ല.
ടി.പി വധം: പാ൪ട്ടി അന്വേഷണം വെളിപ്പെടുത്താനാവില്ലെന്ന് കാരാട്ട്
ന്യൂദൽഹി: ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട പാ൪ട്ടി അന്വേഷണം ഏറക്കുറെ പൂ൪ത്തിയായെന്നും എന്നാൽ, റിപ്പോ൪ട്ട് പുറത്തുവിടില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രകമ്മിറ്റി ഒരു വ൪ഷം മുമ്പ് പ്രഖ്യാപിച്ച അന്വേഷണം എന്തായെന്ന് ടി.പിയുടെ വിധവ കെ.കെ രമ ഉൾപ്പെടെയുള്ളവ൪ കേന്ദ്രനേതൃത്വത്തോട് ഉന്നയിക്കുന്ന ചോദ്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് കാരാട്ട് ഇങ്ങനെ പറഞ്ഞത്.
പാ൪ട്ടി അന്വേഷണം പൂ൪ത്തിയായാലും ഇല്ലെങ്കിലും അത് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. കാരണം, കേസ് കോടതിയുടെ പരിഗണനയിലാണ്. ഈ നിലപാട് പാ൪ട്ടി നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നും കാരാട്ട് പറഞ്ഞു. പാ൪ട്ടി അന്വേഷണം ആരാണ് നടത്തിയതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉയ൪ന്ന ചോദ്യങ്ങൾക്ക് കാരാട്ട് മറുപടി നൽകിയില്ല.
അതിനിടെ, ടി.പി വധത്തിൽ പാ൪ട്ടി അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ വെക്കണമെന്ന് ദൽഹിയിലെ ഇടതുപക്ഷ എഴുത്തുകാരും ബുദ്ധിജീവികളും പ്രകാശ് കാരാട്ടിന് അയച്ച തുറന്ന കത്തിൽ ആവശ്യപ്പെട്ടു. ജനപക്ഷ ഇടതു ബദലിനായി നിലകൊണ്ട ടി.പിയുടെ കൊലക്ക് പിന്നിൽ സി.പി.എമ്മിൻെറ പങ്ക് ആരോപിക്കപ്പെട്ടതിനാൽ പാ൪ട്ടി അന്വേഷണ റിപ്പോ൪ട്ട് പുറത്തുവിടാത്തത് ജനങ്ങളിലുള്ള സംശയം ബലപ്പെടുത്തുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അഭിജിത് കുണ്ടു, അഹ്മദ് സുഹൈബ്, അനിവ൪ അരവിന്ദ്, അൻതാര ദേവ് സെൻ, ഗൗതംഭാൻ, ഹ൪ഷ് കപൂ൪, എസ്.ആ൪ ധാരാപുരി, മാത്യു ജേക്കബ്, സത്യ ശിവരാമൻ തുടങ്ങി 30 ഓളം പേരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.