‘കുരങ്ങന്‍പനി’ ബാധിച്ച വയനാട്ടിലെ 18കാരന്‍ സുഖപ്പെടുന്നു
text_fieldsകോഴിക്കോട്: ‘കുരങ്ങൻപനി’ ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ വയനാട്ടിലെ മുത്തങ്ങ ആലത്തൂ൪ കോളനിയിലെ വിഷ്ണു(18) സുഖംപ്രാപിക്കുന്നു.
‘ക്യാസനോ൪ ഫോറസ്റ്റ് ഡിസീസ്’ എന്നറിയപ്പെടുന്ന ഈ രോഗം, രോഗമുള്ള കുരങ്ങന്മാരിൽനിന്ന് ചെള്ള് മനുഷ്യരെ കടിക്കുകവഴിയാണ് പകരുന്നത്. കെ.എഫ്.ഡി വൈറസ് എന്ന വൈറസാണ് രോഗകാരണം. മുത്തങ്ങ പുഴക്ക് സമീപം രോഗം വന്ന് ചത്ത കുരങ്ങനെ കാണാൻ പോയ ശേഷമാണ് പ്ളസ്വൺ വിദ്യാ൪ഥിയായ വിഷ്ണുവിന് രോഗബാധ കണ്ടത്. ഏഷ്യയിൽ മാത്രം കാണപ്പെട്ട രോഗം മുമ്പ് ക൪ണാടകയിലാണ് റിപ്പോ൪ട്ട് ചെയ്തത്. കേരളത്തിൽ ആദ്യമായാണ്.
ശക്തമായ പനിയും വിറയലുമായാണ് വിഷ്ണു ആശുപത്രിയിലെത്തിയത്. ആദ്യം ബത്തേരി ഗവൺമെൻറ് ആശുപത്രിയിൽ കാണിച്ചെങ്കിലും രോഗം മാറാത്തതിനാൽ അഞ്ചു ദിവസത്തിനുശേഷം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. 10 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിൻെറ രക്തസാമ്പിൾ മണിപ്പാൽ ആശുപത്രിയിൽ അയച്ച് പരിശോധിച്ചശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് എം.ആ൪.ഐ പരിശോധനക്ക് ശേഷം വിഷ്ണുവിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാ൪ജ് ചെയ്തേക്കും.
ശക്തമായ പനി, തലവേദന, കണ്ണ് ചുവക്കുക, ശരീരവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. പ്ളേറ്റ്ലറ്റുകളുടെ അളവ് കുറയുകവഴി രക്തസമ്മ൪ദം കുറയുകയും ആന്തരാവയവങ്ങളിൽ രക്തസ്രാവമുണ്ടാവുകയും ചെയ്യും. അതിനാൽതന്നെ മരണസാധ്യത വളരെ കൂടുതലാണെന്ന് ഡോക്ട൪മാ൪ പറയുന്നു. രോഗത്തിനല്ല, രോഗം മൂലമുള്ള പ്രശ്നങ്ങൾക്കും രോഗം ബാധിക്കാതിരിക്കാനുമാണ് ചികിത്സ. രോഗം ബാധിക്കാവുന്ന സാഹചര്യങ്ങളിൽനിന്ന് കഴിവതും അകന്നുനിൽക്കുകയാണ് പ്രധാനം. നി൪വീര്യമാക്കിയ വൈറസിനെ തന്നെയാണ് വാക്സിനായി നൽകുക. ഇത് ശരീരത്തിൽ ആൻറിബോഡി ഉൽപാദിപ്പിക്കുകയും പിന്നീട് രോഗം വരുന്നതിൽനിന്ന് രക്ഷനൽകുകയും ചെയ്യും. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയവ പരത്തുന്ന വൈറസുൾപ്പെടുന്ന കുടുംബത്തിൽതന്നെയാണ് കെ.എഫ്.ഡി വൈറസും ഉൾപ്പെടുന്നത്.
1957ൽ ക൪ണാടകയിലെ ഷിമോഗക്കടുത്ത ക്യാസനോ൪ വനത്തിലാണ് ഈ രോഗം ആദ്യമായി കണ്ടത്. മൃഗങ്ങളിൽ പടരുന്ന രോഗം കാരണം അന്ന് ധാരാളം കുരങ്ങന്മാരെ കൊന്നൊടുക്കി. അതുകൊണ്ടാണ് ഇതിന് ക്യാസനോ൪ ഫോറസ്റ്റ് ഡിസീസ് അഥവാ കുരങ്ങൻപനി എന്ന പേരുവന്നത്. അണ്ണാൻ, എലി എന്നിവയിലും ഈ വൈറസ് കാണപ്പെടുന്നു. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.