ശ്രീശാന്തിന്റെ ‘സൂചന’ അരയിലെ ടവല്‍
text_fieldsന്യൂദൽഹി: മേയ് ഒമ്പതിന് മൊഹാലിയിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് ശ്രീശാന്ത് ഒത്തുകളിച്ചത്. 40 ലക്ഷം രൂപക്കുവേണ്ടി ശ്രീശാന്ത് നടത്തിയ ഒത്തുകളി ഇങ്ങനെയാണ്:
തൻെറ രണ്ടാമത്തെ ഓവറിൽ 14 റൺസ് വഴങ്ങുമെന്നായിരുന്നു കരാ൪. വാതുവെപ്പുകാരുമായി സംസാരിച്ചത് സുഹൃത്തും മലയാളിയുമായ ജിജു ജനാ൪ദൻ മുഖേന. എറണാകുളത്ത് ക്ളബ് ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ജിജു ഗുജറാത്തിനു വേണ്ടിയും അണ്ട൪ 22 ടീമിൽ കളിച്ചയാളാണ്. കരാ൪ പ്രകാരമുള്ള ഓവ൪ ബൗൾ ചെയ്യുമ്പോൾ അരയിൽ ടവൽ തിരുകി വാതുവെപ്പുകാ൪ക്ക് സൂചന നൽകണം. ഒന്നാം ഓവ൪ ടവൽ ഇല്ലാതെ പന്തെറിഞ്ഞ ശ്രീശാന്ത് രണ്ടാം ഓവ൪ ചെയ്യാനെത്തിയപ്പോൾ അരയിൽ ഒരു ടവൽ തിരുകാൻ മറന്നില്ല.
എന്നാൽ, പ്രസ്തുത ഓവറിൽ 13 റൺസ് മാത്രമേ വഴങ്ങിയുള്ളൂ. ശ്രീശാന്ത് ആറു പന്തും അലസമായി ഇട്ടുകൊടുത്തുവെങ്കിലും ബാറ്റ്സ്മാന് മുതലാക്കാനാകാതെ പോവുകയായിരുന്നു. കരാ൪ പാലിക്കപ്പെട്ടില്ലെങ്കിലും വാതുവെപ്പുകാ൪ ശ്രീശാന്തിന് മുഴുവൻ പണവും നൽകി. 13 റൺസ് കൊണ്ടുതന്നെ വാതുവെപ്പുകാ൪ക്ക് ‘ലാഭം’ കിട്ടിയിരുന്നുവെന്നാണ് ഇതേക്കുറിച്ച് പൊലീസ് പറയുന്നത്. ഓവ൪ തുടങ്ങുന്നത് അൽപം വൈകിപ്പിച്ച് തങ്ങൾക്ക് വാതുവെപ്പ് ഉറപ്പിക്കാൻ അൽപം സമയം നൽകണമെന്ന് വാതുവെപ്പുകാ൪ ശ്രീശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. ഫീൽഡിങ് സെറ്റ് ചെയ്യാനും വാം അപ് ചെയ്യാനും ആവശ്യത്തിലേറെ സമയമെടുത്ത ശ്രീശാന്ത് പ്രസ്തുത ആവശ്യം നിറവേറ്റിക്കൊടുക്കുകയും ചെയ്തു. ഇതെല്ലാം കളിയുടെ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാതുവെപ്പ് സംഘത്തിൻെറ തലവൻ ശ്രീശാന്ത് ആണെന്ന റിപ്പോ൪ട്ട് ദൽഹി പൊലീസ് കമീഷണ൪ നീരജ്കുമാ൪ നിഷേധിച്ചു. കൂട്ടത്തിൽ സീനിയ൪ ശ്രീശാന്താണ്. പക്ഷേ, അയാൾ സംഘത്തെ നയിച്ചുവെന്നതിന് തെളിവില്ല -നീരജ്കുമാ൪ തുട൪ന്നു.
ഒത്തുകളിച്ചത് മൂന്ന് ഓവ൪; കൈമറിഞ്ഞത് കോടികൾ
ന്യൂദൽഹി: ഈ സീസണിലെ ഐ.പി.എൽ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ നടന്ന ഒത്തുകളിയാണ് ദൽഹി പൊലീസ് കണ്ടെത്തിയത്. വാതുവെപ്പുകാ൪ കോടികൾ നേടിയപ്പോൾ കളിക്കാ൪ക്ക് ലഭിച്ചത് 20 ലക്ഷം മുതൽ 60 ലക്ഷം വരെ. രണ്ടു മാസത്തോളമായി ദൽഹി പൊലീസ് കളിക്കാരുടെയും വാതുവെപ്പുകാരുടെയും ഫോൺ ചോ൪ത്തിയും നീക്കങ്ങൾ പിന്തുട൪ന്നും അന്വേഷണത്തിലായിരുന്നു. തെളിവായി നൂറുകണക്കിന് മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണം ഉണ്ടെന്ന് ദൽഹി പൊലീസ് കമീഷണ൪ നീരജ്കുമാ൪ പറഞ്ഞു. പിടിയിലായവരെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ കിട്ടുമെന്നും അദ്ദേഹം തുട൪ന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.