ചെന്നിത്തല വന്നാല്‍ മന്ത്രിസഭയില്‍ സമൂല അഴിച്ചുപണി
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ്സ്ഥാനം ഒഴിഞ്ഞ് മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ രമേശ് ചെന്നിത്തല സന്നദ്ധനായാൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ സമൂല അഴിച്ചുപണിക്ക് സാധ്യത. മന്ത്രിസ്ഥാനത്തേക്കില്ലെന്നാണ് അദ്ദേഹം വീണ്ടും തീരുമാനിക്കുന്നതെങ്കിൽ ഗണേഷ്കുമാറിൻെറ ഒഴിവിൽ കോൺഗ്രസിൽനിന്ന് പകരക്കാരനെ ഉൾപ്പെടുത്തി മന്ത്രിസഭ പുന$സംഘടിപ്പിക്കും. രണ്ടായാലും മേയിൽതന്നെ തീരുമാനം ഉണ്ടാകും.
ഉമ്മൻചാണ്ടി സ൪ക്കാ൪ അധികാരമേറ്റ നാൾമുതൽ രമേശിൻെറ മന്ത്രിസ്ഥാനം ച൪ച്ചചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പലതവണ ക്ഷണിച്ചിട്ടും മന്ത്രിയാകാതെ അദ്ദേഹം കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് തുടരുകയായിരുന്നു. ഒരു ഘട്ടത്തിൽ, ഇപ്പോഴത്തെ സ൪ക്കാറിൽ ഒരിക്കലും മന്ത്രിയായി ചേരില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, പഴയനിലപാടിൽ ഇപ്പോൾ അദ്ദേഹം ഉറച്ചുനിൽക്കുന്നില്ല. കെ.പി.സി.സി പ്രസിഡൻറ് ആഗ്രഹിച്ചാൽ ഏത് സമയത്തും മന്ത്രിസഭയിൽ ഇടം നൽകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. രമേശിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ഏറെക്കാലമായി എൻ.എസ്.എസ് ആവശ്യപ്പെട്ടുവരികയുമാണ്.
ആത്യന്തികമായി രമേശ് ഉന്നമിടുന്നത് മുഖ്യമന്ത്രിസ്ഥാനമാണ്. അതിനുള്ള അവസരത്തിന് പാ൪ലമെൻറ് തെരഞ്ഞെടുപ്പുവരെ കാത്തിരിക്കുകയെന്ന തന്ത്രമാണ് അദ്ദേഹം ഇത്രയുംകാലം സ്വീകരിച്ചിരുന്നത്. എന്നാൽ, കേന്ദ്രമന്ത്രി എ.കെ. ആൻറണിയും വിശ്വസ്തരിൽ ഒരുവിഭാഗവും രമേശ് ഇപ്പോൾത്തന്നെ മന്തിസഭയിൽ ചേരണമെന്ന നിലപാടുകാരാണ്. സ൪ക്കാറിൻെറ സുഗമമായ പ്രവ൪ത്തനത്തിനും ഭൂരിപക്ഷ സമുദായത്തിന് കോൺഗ്രസുമായുള്ള അകൽച്ച അവസാനിപ്പിക്കാനും ഇതാവശ്യമാണെന്ന് അവ൪ കരുതുന്നു. രമേശിൻെറ മന്ത്രിസഭാപ്രവേശം സംബന്ധിച്ച് പാ൪ട്ടിയിൽ ഇതുവരെ ച൪ച്ച നടന്നിട്ടില്ല. എന്നാൽ നേതാക്കൾ തമ്മിൽ ചില അനൗപചാരിക കൂടിയാലോചനകൾ നടന്നിട്ടുണ്ട്. കേരളയാത്ര കഴിഞ്ഞ് വിശദ ച൪ച്ചയാകാമെന്ന പൊതുധാരണയാണ് നേതൃത്വത്തിൽ ഉരുത്തിരിഞ്ഞത്. രാഹുൽ ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തി മടങ്ങിയശേഷം ച൪ച്ചകൾ ആരംഭിക്കുമെന്നാണ് സൂചന.
മന്ത്രിസഭയിലെത്തിയാൽ ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രിപദവും സുപ്രധാന വകുപ്പും ലഭിക്കും. എന്നാൽ ആഭ്യന്തരവകുപ്പ് നൽകാൻ സാധ്യത കുറവാണ്. പകരം റവന്യൂ ആയിരിക്കും പരിഗണിക്കുക. അതോടൊപ്പം മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കെ.സി. ജോസഫ് ഉൾപ്പെടെ നിലവിലുള്ള മൂന്നുപേരെയെങ്കിലും മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കി പകരക്കാരെ നിയമിക്കും. ചില കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്തും. അവസരം വരുമ്പോൾ കെ.സി. ജോസഫിനെ യു.ഡി.എഫ് കൺവീന൪ സ്ഥാനത്തേക്ക് പിന്നീട് പരിഗണിക്കും. ഘടകകക്ഷിമന്ത്രിമാരിൽ അനൂപ് ജേക്കബിൻെറ വകുപ്പിൽ മാത്രമായിരിക്കും മാറ്റം ഉണ്ടാകാൻ സാധ്യത.
രമേശ് ഒഴിഞ്ഞാൽ കെ.പി.സി.സി അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നവരിൽ കേന്ദ്രമന്ത്രിമാ൪ ഉൾപ്പെടെ നിരവധിപേരുണ്ട്. സ്പീക്ക൪ ജി. കാ൪ത്തികേയൻെറ പേരിനാണ് മുൻതൂക്കം. രമേശും അദ്ദേഹവും തമ്മിൽ കുറച്ചുകാലമായി നിലനിന്നിരുന്ന അകൽച്ച ചില മധ്യസ്ഥ൪ വഴി അടുത്തിടെ പരിഹരിക്കപ്പെട്ടിട്ടുമുണ്ട്. സ്പീക്ക൪സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിക്കാനാണ് സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.