എ.ഐ.വൈ.എഫ് നേതൃത്വ തെരഞ്ഞെടുപ്പില്‍ സമവായ ശ്രമം പാളി
text_fieldsകോഴിക്കോട്: സി.പി.ഐയിൽ ഇരു വിഭാഗം നേതാക്കൾ തമ്മിലുള്ള ചേരിപ്പോര് യുവജന വിഭാഗമായ എ.ഐ.വൈ.എഫിലേക്കും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമാപിച്ച സംസ്ഥാന സമ്മേളനത്തിലെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഈ ഭിന്നത പ്രകടമായി. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോഴാണ് രൂക്ഷമായ ത൪ക്കം ഉടലെടുത്തത്. ഇതേ തുട൪ന്ന് അര മണിക്കൂറോളം സമ്മേളന നടപടികൾ നി൪ത്തിവെക്കേണ്ടിവന്നു. സമവായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനാൽ ഒരു സ്ഥാനം ഒഴിച്ചിട്ടാണ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂ൪ത്തിയാക്കിയത്.
സംസ്ഥാന കമ്മിറ്റിയിലേക്ക് സമ്മേളനം അംഗീകരിച്ച അംഗസംഖ്യ 66 ആയിരുന്നു. ഇതിൽ സംസ്ഥാന സെൻററിൽ നിന്നുള്ള ആറ് പേ൪ ഒഴിച്ചുള്ള 60 അംഗങ്ങൾ വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടേണ്ടവരാണ്. ഓരോ ജില്ലക്കും അനുവദിച്ച ക്വോട്ടക്കനുസരിച്ച് അംഗങ്ങളെ നി൪ദേശിക്കേണ്ടത് അതത് ജില്ലകളിൽനിന്നുള്ള സമ്മേളന പ്രതിനിധികളാണ്. തിരുവനന്തപുരം ജില്ലയിൽനിന്ന് ഒരു വനിതയടക്കം ആറുപേരെയായിരുന്നു ജില്ലാ പ്രതിനിധിസംഘം തെരഞ്ഞെടുക്കേണ്ടത്. ഇതിനായി പ്രതിനിധികൾ യോഗം ചേ൪ന്നപ്പോഴാണ് ജില്ലാ സെക്രട്ടറിയുടെയും പ്രസിഡൻറിയും നേതൃത്വത്തിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സെക്രട്ടറി കെ.എസ്. അരുൺ കെ.ഇ. ഇസ്മയിൽ പക്ഷക്കാരനായും പ്രസിഡൻറ് കാലടി ജയചന്ദ്രൻ കാനം രാജേന്ദ്രൻ പക്ഷക്കാരനുമായാണ് സംഘടനയിൽ അറിയപ്പെടുന്നത്. വാഗ്വാദം തുടരുന്നതിനിടെ ഒരുവിഭാഗം ഇറങ്ങിപ്പോകുകയും ചെയ്തു. സി.പി.ഐ നേതൃത്വത്തിലെ ചില൪ ഇടപെട്ട് സമവായത്തിന് ശ്രമിച്ചെങ്കിലും യോജിച്ച പാനൽ തയാറാക്കാനായില്ല. ഇതേതുട൪ന്നാണ് യോജിപ്പുള്ള അഞ്ച് പേരുകൾ സംസ്ഥാന കമ്മിറ്റിയിലേക്ക് നി൪ദേശിക്കാനും ഒരു സ്ഥാനം തൽക്കാലത്തേക്ക് ഒഴിച്ചിടാനും ധാരണയായത്.
ഇരു വിഭാഗങ്ങൾക്കുമിടയിൽ മധ്യസ്ഥ ച൪ച്ച നടത്താൻ കഴിയുമായിരുന്ന സി. ദിവാകരൻ അസുഖം മൂലം സമ്മേളനത്തിനെത്തിയിരുന്നില്ല. സമ്മേളനത്തിൻെറ പ്രചരണവും മറ്റും ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പിന് ഏൽപ്പിച്ചുകൊടുത്തു എന്ന ആരോപണത്തിന് പിന്നാലെയാണ് വിഭാഗീയതയുടെ പേരിലും എ.ഐ.വൈ.എഫ് സമ്മേളനം വാ൪ത്താപ്രാധാന്യം നേടുന്നത്. പ്രതിനിധികൾ ഏത് സമയത്തും ഹാളിന് പുറത്തിറങ്ങി നടന്നതിനാൽ സമ്മേളനത്തിന് ഗൗരവം കുറഞ്ഞുപോയെന്നും ആക്ഷേപമുയ൪ന്നിരുന്നു. ഡി.വൈ.എഫ്.ഐ ക്കെതിരെ രൂക്ഷ വിമ൪ശമുള്ള റിപ്പോ൪ട്ട് അവതരിപ്പിച്ച സമ്മേളനത്തിൻെറ ച൪ച്ചയിൽ പക്ഷേ, എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ യുടെ ബി ടീമായി പ്രവ൪ത്തിക്കുകയാണെന്ന വിമ൪ശമാണുയ൪ന്നത്. ജാതി, മത ചിന്തകൾക്കതീതമായി പ്രവ൪ത്തിക്കേണ്ടവ൪ സമുദായത്തിൻെറ വാല് പേരിനൊപ്പം കൊണ്ടുനടക്കുന്നതിനെതിരെയും ച൪ച്ചയിൽ വിമ൪ശമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.