വാഴുന്നത് അധോലോകം
text_fieldsന്യൂദൽഹി-മുംബൈ: ‘സ്പോട്ട് ഫിക്സിങ്’ വിവാദത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഉലയുമ്പോൾ കള്ളക്കളിക്ക് പിന്നിലെ അധോലോക കരങ്ങൾ ഒരിക്കൽ കൂടി മറനീക്കി പുറത്ത്. അധോലോകം നിയന്ത്രിക്കുന്ന കളിയിൽ താരങ്ങളെ വശീകരിക്കാൻ പണത്തിന് പുറമെ, പെണ്ണും മദ്യവും ഒഴുകി. മുംബൈ കാ൪ട്ട൪ റോഡിലെ സുഹൃത്തിൻെറ വസതിയിൽ ബുധനാഴ്ച പുല൪ച്ചെ ശ്രീശാന്തും സുഹൃത്ത് ജിജു ജനാ൪ദനനും പിടിയിലാകുമ്പോൾ ഇരുവരുടെയും മുറിയിൽ സ്ത്രീകളുമുണ്ടായിരുന്നു. ഇക്കാര്യം ദൽഹി പൊലീസ് കമീഷണ൪ നീരജ്കുമാ൪ സ്ഥിരീകരിച്ചു. ദൽഹി പൊലീസ് ചോ൪ത്തിയ ഫോൺ സംഭാഷണങ്ങളിൽ താരങ്ങൾക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്തതിൻെറ വിവരങ്ങളുമുണ്ട്.
ശ്രീശാന്ത്, അജിത് ചണ്ഡില എന്നിവ൪ക്ക് മൂന്നുതവണ വാതുവെപ്പ് സംഘം സ്ത്രീകളെ ഏ൪പ്പാടാക്കി. പിടിയിലായ വാതുവെപ്പ് സംഘത്തിലെ മനാൻ, ചന്ദ് എന്നിവരാണ് സ്ത്രീകളെ എത്തിച്ചുകൊടുത്തത്. രാജസ്ഥാൻ റോയൽസിലെ മറ്റൊരു താരത്തിനും വാതുവെപ്പുകാ൪ സ്ത്രീകളെ നൽകിയതായി ഫോൺ സംഭാഷണത്തിലുണ്ട്. എന്നാൽ, ഇയാൾ ഒത്തുകളി നടത്തിയതിന് തെളിവ് ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഇതേതുട൪ന്ന് തൽക്കാലം അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടു. അതേസമയം, അറസ്റ്റിലാകുമ്പോൾ ശ്രീശാന്തിൻെറ മുറിയിൽ സ്ത്രീ ഉണ്ടായിരുന്നുവെന്ന റിപ്പോ൪ട്ട് താരത്തിൻെറ അഭിഭാഷകൻ ദീപക് പ്രകാശ് നിഷേധിച്ചിട്ടുണ്ട്.
ദുബൈ, പാകിസ്താൻ എന്നിവിടങ്ങളിലിരുന്നാണ് അധോലോകം ഐ.പി.എല്ലിലെ ഒത്തുകളി നിയന്ത്രിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ചോ൪ത്തിയ ഫോൺ വിളികളിൽ 400ലേറെ ദുബൈയിൽ നിന്നുള്ളതാണ്. 30ലേറെ ഫോൺ വിളികൾ പാകിസ്താനിൽ നിന്നുമുണ്ടായി. സുനിൽ രാംചന്ദാനി എന്ന സുനിൽ ദുബെ ആണ് മുഖ്യകണ്ണി. ദാവൂദ് ഇബ്രാഹീമിൻെറ ‘ഡി’ കമ്പനിയുമായി ബന്ധപ്പെട്ടയാളാണ് സുനിൽ ദുബെ എന്നു സൂചനയുണ്ട്. ഇതിനകം പിടിയിലായ 11 വാതുവെപ്പുകാരും ഇടപാട് ഉറപ്പിച്ചിരുന്നത് സുനിൽ ദുബെ നൽകിയിരുന്ന നി൪ദേശം അനുസരിച്ചാണ്. ദുബെയിൽ നിന്ന് സൽമാൻ എന്ന പേരുള്ള ഒരാൾ കൂടി വാതുവെപ്പുകാരുമായി നിരന്തരം ഫോൺ വിളി നടത്തിയിട്ടുണ്ട്. ഐ.പി.എൽ മാച്ചിന് തൊട്ടുമുമ്പ് ‘ഡി’ കമ്പനിയിലെ പ്രമുഖൻെറ വലംകൈ രാജ്യത്തെ കുപ്രസിദ്ധ വാതുവെപ്പുകാരുമായി ആസൂത്രണം നടത്തിയത് വ്യക്തമായതായി മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങളും വ്യക്തമാക്കുന്നു. ജെ.കെ നാസിക് എന്ന വിളിപ്പേരിലുള്ള ആളാണ് നാസികിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ആസൂത്രണത്തിന് നേതൃത്വം നൽകിയത്. ദാവൂദ് ഇബ്രാഹീമിൻെറ സഹോദരൻ അനീസ് ഇബ്രാഹീമിൻെറ ഭാര്യാ ബന്ധുവാണ് ജെ.കെ നാസിക് എന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. വാതുവെപ്പുമായി ബന്ധപ്പെട്ട പണം വന്നതും പോയതും ‘ഡി’ കമ്പനിയുടെ ഹവാല ശൃംഖലയിലൂടെയാണെന്ന് സാമ്പത്തിക ഇൻറലിജൻസ് ബ്യൂറോ വൃത്തങ്ങളും വ്യക്തമാക്കുന്നു.
സുനിൽ ദുബെയുടെ അടുത്തയാളാണ് വ്യാഴാഴ്ച പുല൪ച്ചെ ദൽഹി പൊലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ജൂപീറ്റ൪ എന്ന് വിളിപ്പേരുള്ളയാൾ. ജൂപീറ്റ൪, ടിക്കു എന്നിവരെ പിടികൂടാൻ മുംബൈ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് ദൽഹി പൊലീസ് ഇവരടക്കം 11 പേരെ അറസ്റ്റ് ചെയ്തത്. ദൽഹി പൊലീസ് നഗരത്തിലത്തെുന്നതിന് മുമ്പേ ചൊവ്വാഴ്ച മുംബൈ ക്രൈംബ്രാഞ്ച് രമേശ് വ്യാസ് ഉൾപ്പെടെ മൂന്ന് വാതുവെപ്പുകാരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ടിക്കു, ജൂപീറ്റ൪ എന്നിവരെക്കുറിച്ച് വിവരം ലഭിച്ചത്. എന്നാൽ, മുംബൈ പൊലീസ് അവരിലേക്കത്തെും മുമ്പ് ദൽഹി പൊലീസ് എല്ലാവരെയും വലയിലാക്കി കഴിഞ്ഞിരുന്നു. നാസികിൽ അനീസ് ഇബ്രാഹീമിൻെറ ബന്ധുവുമായി കൂടിക്കാഴ്ച നടത്തിയവരിൽ ടിക്കുവുമുണ്ട്. ദൽഹി സ്വദേശിയാണ് ടിക്കു.
അതേസമയം, വാതുവെപ്പ് കേസിൽ അറസ്റ്റിലാകുന്ന റാക്കറ്റ് അംഗങ്ങൾ കാലതാമസം കൂടാതെ ജയിലിൽ നിന്ന് പുറത്തുവരുന്നതാണ് മറ്റൊരു യാഥാ൪ഥ്യം. രാഷ്ട്രീയ പ്രമുഖരും ഉന്നത പൊലീസുകാരുമായുള്ള ബന്ധമാണത്രെ ഇതിന് കാരണം. കോടതിയിൽ കേസുകൾ ദു൪ബലമായാണ് അവതരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത രമേശ് വ്യാസ് 2005ലും അറസ്റ്റിലായിരുന്നു. എന്നാൽ, അധിക കാലം ജയിലിൽ കഴിയേണ്ടിവന്നില്ല. വാതുവെപ്പ് പണം സിനിമാ നി൪മാണത്തിന് ഉപയോഗിച്ചതിനും തെളിവുകൾ മുമ്പ് പൊലീസിന് ലഭിച്ചതാണ്. 2005ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നി൪ദേശം നൽകുകയും ചെയ്തിട്ടും സുനിൽ ദുബെ മുംബൈയിൽ വന്നുപോകുന്നതായാണ് ഇൻറലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.
വാതുവെപ്പ് സംഘങ്ങൾ ക്രിക്കറ്റ് താരങ്ങളെ കണ്ടത്തെുന്നത് അതീവ ജാഗ്രതയോടെയായിരിക്കും. പല ഘട്ടങ്ങളിലുള്ള രഹസ്യ നീക്കങ്ങൾക്ക് ഒടുവിലാണ് കളിക്കാ൪ വീഴുക. ഐ.പി.എൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് മത്സരങ്ങൾക്ക് തീയതി നിശ്ചയിക്കപ്പെടുന്നതോടെ റാക്കറ്റ് രഹസ്യ നീക്കങ്ങൾക്ക് തുടക്കമിടും. പുതിയ കളിക്കാരും പിടിച്ചു നിൽക്കാൻ പാടുപെടുന്നവരുമാണ് അവരുടെ നോട്ടപ്പുള്ളികൾ. പിന്നെ അവരെ പിന്തുടരലായി. കളിക്കാരുടെ താൽപര്യങ്ങളും ദൗ൪ബല്യങ്ങളും നിരീക്ഷിച്ചറിയും. കളിക്കാരുടെ സൗഹൃദവലയങ്ങളും കണ്ടുവെക്കും. അവരിൽ ചിലരെയും അവ൪ പിന്തുടരും.
ഇരകളെ കണ്ടത്തെിയാൽ പിന്നെ അവരറിയാതെ അവരോടൊപ്പം റാക്കറ്റിലെ കണ്ണികളും സഞ്ചരിക്കും. പതുക്കെ സൗഹൃദത്തിലാകാനാകും ആദ്യ ശ്രമം. പിന്നീട്, നേരത്തേ കണ്ടറിഞ്ഞ താൽപര്യങ്ങളുടെയോ ദൗ൪ബല്യങ്ങളുടെയോ മുതലെടുപ്പാകും. സമ്മാനങ്ങൾ നൽകിയും നക്ഷത്ര ഹോട്ടലുകളിൽ വിരുന്നൊരുക്കിയും പെൺ സൗഹൃദങ്ങൾക്ക് വഴിയൊരുക്കിയും രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതത്രെ രീതി. ഇത്തരം ഘട്ടത്തിൽ മന$പൂ൪വമല്ല എന്ന വ്യാജേന വാതുവെപ്പ് ച൪ച്ചയാകും. ഈ ച൪ച്ചകളിലാണ് ഇരകളെ ഉറപ്പിക്കുന്നത്. പിന്നീട് തങ്ങളുടെ ലക്ഷ്യം അവ൪ തുറന്നു പറയും. വാഗ്ദാനങ്ങൾ വേണ്ടെന്നുവെക്കുന്നവരെ ബ്ളാക്മെയിലിങ്ങിലൂടെ നിശ്ശബ്ദരാക്കും. ഭീഷണികൾ വേറെയും. ഒരിക്കൽ അവ൪ക്കൊപ്പം ചേ൪ന്നാൽ പിന്നീട് പുറത്തുകടക്കുക എളുപ്പമല്ല. തിരിച്ചു കടിക്കുമെന്ന് തിരിച്ചറിയുന്നവരെ ഒറ്റിക്കൊടുത്ത് പൊലീസ് വലയിലാക്കുന്നതും റാക്കറ്റിൻെറ രീതിയാണെന്ന് പറയുന്നു.
ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് കളിക്കാ൪ക്കെതിരെ അന്വേഷണം തുടങ്ങിയതിന് ദൽഹി പൊലീസ് പറയുന്ന കാരണങ്ങളിൽ പൊരുത്തക്കേടുണ്ട്. അതേസമയം, അജിത് ചണ്ഡിലയുമായുള്ള ത൪ക്കമാണ് ഇപ്പോഴത്തെ വാതുവെപ്പ് വിവാദത്തിന് കാരണമായതാണെന്നാണ് വാതുവെപ്പ് ശൃംഖലയുമായി ബന്ധമുള്ളവ൪ പറയുന്നത്. മേയ് അഞ്ചിന് പുണെ വാരിയേഴ്സിന് എതിരെ നടന്ന മത്സരത്തിനിടെ വാതുവെപ്പുകാ൪ക്ക് അടയാളം നൽകാതെ റണ്ണുകൾ നൽകിയതാണ് ത൪ക്ക വിഷയം. വാതുവെപ്പുകാ൪ പണം തിരിച്ച് ചോദിച്ചു. മുൻകൂറായി ലക്ഷങ്ങൾ വാങ്ങിയ ചണ്ഡില അതിന് തയാറായില്ലത്രെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.