സിറിയന്‍ പ്രക്ഷോഭകരുടെ ശക്തികേന്ദ്രം ഔദ്യാഗിക സേന വളഞ്ഞു
text_fieldsഡമസ്കസ്: സിറിയൻ പ്രക്ഷോഭകരുടെ ശക്തികേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഖുസൈ൪ പട്ടണം ഔദ്യാഗിക സേന വളഞ്ഞു. ലബനാൻ ആസ്ഥാനമായുള്ള ഹിസ്ബുല്ല പോരാളികളുടെ പിന്തുണയോടെയാണ് പ്രസിഡൻറ് ബശ്ശാ൪ അൽഅസദിൻെറ സൈന്യം ഇന്നലെ രാവിലെയോടെ പട്ടണത്തിൽ പ്രവേശിച്ചത്. പുല൪ച്ചെ പീരങ്കികളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് നടത്തിയ ശക്തമായ ആക്രമണത്തിനു പിന്നാലെയായിരുന്നു സൈനിക മുന്നേറ്റം.
ഡമസ്കസിനും ലബനാനുമിടയിലെ തന്ത്രപ്രധാനമായ ഹൈവേയിൽ സ്ഥിതിചെയ്യുന്ന പട്ടണത്തിൽ പ്രക്ഷോഭകരും സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം ആരംഭിച്ചതായി സിറിയൻ മനുഷ്യാവകാശ സംഘടനയിലെ റാമി അബ്ദുറഹ്മാൻ പറഞ്ഞു. നാളുകളായി പ്രക്ഷോഭകരുടെ കൈവശമുള്ള പട്ടണം കീഴടക്കാൻ ലക്ഷ്യമിട്ട് ഔദ്യാഗിക സേനയുടെ പീരങ്കികളും സൈനികരും പട്ടണത്തിൻെറ തെക്കു വശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭക൪ക്കെതിരെ കുരുക്കു മുറുകിക്കഴിഞ്ഞതായി ഔദ്യാഗിക ടെലിവിഷൻ വ്യക്തമാക്കി.
ഖുസൈറിൽ ഇന്നലെ നടന്ന പോരാട്ടങ്ങളിൽ 16 പ്രക്ഷോഭകരുൾപ്പെടെ 30 പേ൪ മരിച്ചതായാണ് റിപ്പോ൪ട്ട്.
പുല൪ച്ചെ തീതുപ്പിയ പീരങ്കികളും യുദ്ധ വിമാനങ്ങളും ചേ൪ന്ന് പട്ടണത്തിലെ നിരവധി ഭവനങ്ങൾ തക൪ത്തതായി പ്രക്ഷോഭക൪ ആരോപിച്ചു. ഖുസൈറിലെ പ്രധാന ചത്വരവും ഇതിനോടു ചേ൪ന്നുള്ള മുനിസിപ്പൽ ഓഫിസ് ഉൾപ്പെടെ കെട്ടിടങ്ങളും കൈവശപ്പെടുത്തിയതായി ഔദ്യാഗിക സേന അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ ഹിസ്ബുല്ലയുടെ പിന്തുണയോടെ ഖുസൈറിനു ചുറ്റും സൈനികരെ വിന്യസിച്ച് ഗവ. സേന ആക്രമണത്തിന് ഒരുങ്ങിവരുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.