മഞ്ഞപ്പിത്തം: കൂടുതല്‍ പേര്‍ ചികിത്സ തേടി; ബോധവത്കരണം ശക്തമാക്കി
text_fieldsമലപ്പുറം: നഗരസഭയിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വ൪ധിക്കുന്നു. ശനിയാഴ്ച 27 പേ൪കൂടി കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഏഴ് പേരെ അഡ്മിറ്റ് ചെയ്തതായി ആശുപത്രി അധികൃത൪ അറിയിച്ചു. ഇതോടെ അഞ്ച് ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തവരുടെ എണ്ണം 30 കവിഞ്ഞു.
മലപ്പുറം നഗരസഭയിലെ കോൽമണ്ണ, മേൽമുറി എന്നിവിടങ്ങളിൽനിന്നും കൂട്ടിലങ്ങാടി, ഊരകം, കോഡൂ൪ ഭാഗങ്ങളിൽനിന്നും നിരവധി പേ൪ ചികിത്സ തേടിയിട്ടുണ്ട്. ഇതിനാൽ ഏത് പ്രദേശത്താണ് രോഗം പടരുന്നതെന്ന് പറയാനാവില്ലെന്ന് അധികൃത൪ പറഞ്ഞു. ജലക്ഷാമത്തെതുട൪ന്ന് ലോറികളിൽ വിതരണം ചെയ്ത വെള്ളത്തിൽനിന്നാണ് രോഗം പട൪ന്നതെന്നാണ് കരുതുന്നത്. വെള്ളം തിളപ്പിക്കാതെ കുടിച്ചവ൪ക്കാണ് രോഗം ബാധിച്ചത്. പാണക്കാട്ട് ഉപയോഗിക്കാതെയിട്ട ഒരു കിണറിൽനിന്നും നഗരസഭ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിൽനിന്ന് വെള്ളമെടുക്കുന്നത് ആരോഗ്യവകുപ്പ് വിലക്കുകയും വെള്ളത്തിൻെറ സാമ്പിൾ പരിശോധനക്കയക്കുകയും ചെയ്തു. രോഗം നിയന്ത്രണവിധേയമാണെന്ന് ഡി.എം.ഒ വി. ഉമ൪ ഫാറൂഖ് അറിയിച്ചു.
ആരോഗ്യവകുപ്പ് ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. ആശ വളണ്ടിയ൪മാരുടെ യോഗം വിളിച്ച് നി൪ദേശം നൽകി. അങ്കണവാടികൾ കേന്ദ്രീകരിച്ച് ആരോഗ്യപ്രവ൪ത്തക൪ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കുന്നുണ്ട്. പനി, മൂത്രത്തിന് മഞ്ഞനിറം, ക്ഷീണം, ഛ൪ദ്ദി എന്നിവയാണ് ലക്ഷണം. ഇത് കണ്ടാൽ ഉടൻ ചികിത്സ തേടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.