മാവോയിസ്റ്റ് ആക്രമണം: രാഷ്ട്രപതി അപലപിച്ചു
text_fields ന്യൂദൽഹി: ഛത്തിസ്ഗഢിൽ കോൺഗ്രസ് നേതാക്കളടക്കം 30പേ൪ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖ൪ജി അപലപിച്ചു. സംഭവം അങ്ങേയറ്റം നടുക്കമുളവാക്കുന്നതാണെന്നും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ അക്രമ നടപടികൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ആവ൪ത്തിച്ചു. ഇത്തരം പ്രവൃത്തികളിലൂടെ രാജ്യത്തെ ഭയപ്പെടുത്താനാവില്ല. നീതിനടപ്പാക്കുന്നതിന് കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണം. പൗരൻമാ൪ക്ക് സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനമറിയിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവ൪ക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ് അറിയിച്ചു. ചത്തിസ്ഗഢിലെ കോൺഗ്രസ് നേതാക്കളുടെ ധീരതയെ അംഗീകരിക്കുന്നതായി പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും റായ്പൂരിൽ നടന്ന അനുശോചനചടങ്ങിൽ പറഞ്ഞു. നഷ്ടപ്പെട്ട ജീവനുകൾ പാഴായിപ്പോവില്ലെന്നും തീവ്രവാദത്തിനും അക്രമങ്ങൾക്കുമെതിരായ പോരാട്ടത്തിൽ ഇത് കരുത്തുപകരുമെന്നും മൻമോഹൻസിങ് വ്യക്തമാക്കി.
ആക്രമണം കോൺഗ്രസിനോട് മാത്രമല്ലെന്നും ജനാധിപത്യത്തിൻമേലാണെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേഷ് പറഞ്ഞു. ഗ്രാമങ്ങളിലുള്ള വികസനം നക്സലുകളിൽ സംഭ്രമുണ്ടാക്കിയിരിക്കുകയാണെന്നൂം അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അക്രമത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ദൽഹിയിലെ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ശുക്ളയെ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി സന്ദ൪ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.