ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെ പോലെ -വി.എസ്
text_fieldsതിരുവനന്തപുരം: തോളിൽ വെച്ച കാവടിയുടെ ഒരുവശത്ത് ഗുരുവായൂരപ്പൻെറയും മറുവശത്ത് കന്യാമറിയത്തിൻെറയും പടം തരാതരംപോലെ കാണിച്ച് ഉപജീവനം നടത്തിയ മിസ്റ്റ൪ പാഷാണം വ൪ക്കിയോട് ഉമ്മൻചാണ്ടിയെ ഉപമിക്കാമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. ശ്രീനാരായണഗുരു ഉയ൪ത്തിക്കൊണ്ടുവന്ന മതനിരപേക്ഷകേരളത്തെ വീണ്ടും ശിഥിലമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും പ്രസ്ക്ളബിൻെറ ‘സമകാലീന രാഷ്ട്രീയവും കേരള വികസനവും’ എന്ന പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല കാസ൪കോട്ടുനിന്ന് യാത്ര പുറപ്പെട്ടപ്പോൾ പറഞ്ഞത് തിരുവനന്തപുരത്ത് എത്തുമ്പോൾ പലതും സംഭവിക്കുമെന്നാണ്. അത് നേരായി. ഇപ്പോൾ പലതും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കാസ൪കോട് കെ.പി.സി.സി പ്രസിഡൻറിനെ കെട്ടിപ്പിടിക്കുകയായിരുന്നു. എന്നാൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ പറയുന്നത് ആഭ്യന്തരത്തെപ്പറ്റി മിണ്ടരുതെന്നാണ്. കെട്ടിപ്പിടിത്തത്തിലെ കൈ പോയി. എൻ.എസ്.എസും എസ്.എൻ.ഡി.പിയുംതന്നെ അവ൪ വള൪ത്തിക്കൊണ്ടുവന്ന സ൪ക്കാറിനെ വെല്ലുവിളിക്കുകയാണ്. ബാലകൃഷ്ണപിള്ളയെ മുന്നാക്കക്ഷേമ കോ൪പറേഷൻെറ നേതാവാക്കി. എം.എൽ.എ അല്ലാത്തതിനാൽ കാബിനറ്റ് പദവിയും നൽകി. എന്നാൽ പിന്നാക്ക നേതാക്കൾക്ക് ഇതൊന്നും ലഭിച്ചില്ല. ഇടക്കിടെ ശക്തമായ പ്രസ്താവന നടത്തുന്ന വെള്ളാപ്പള്ളി നടേശൻ ഇതിനെപ്പറ്റി ഒന്നും പറയുന്നില്ല. നമ്മുടെ രാഷ്ട്രീയം മാറ്റിമറിക്കുകയാണ് വേണ്ടത്. മതനിരപേക്ഷ കേരളവും ഇന്ത്യയുമെന്ന ജനതയുടെ അഭിലാഷം സാക്ഷാത്കരിക്കാൻ, സഹോദരങ്ങളെ തമ്മിൽ തല്ലിക്കുന്ന രാഷ്ട്രീയം വേണ്ടെന്ന് പ്രഖ്യാപിക്കണം. കോച്ച് ഫാക്ടറി, വാഗൺ ഫാക്ടറി പോലുള്ള വികസന സംരംഭങ്ങൾ ഒന്നും നടക്കുന്നില്ല. അട്ടപ്പാടിയിൽ പ്രസവിച്ച ഉടനെ 45 കുട്ടികൾ മരിച്ചിട്ട് മുഖ്യമന്ത്രി അവിടം സന്ദ൪ശിക്കാൻ തയാറായില്ളെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡൻറ് പി.പി. ജെയിംസ് സ്വാഗതവും സെക്രട്ടറി ബിജു ചന്ദ്രശേഖ൪ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.