ബത്ഹ വാണിജ്യകേന്ദ്രത്തില്‍ റെയ്ഡ് തുടരുന്നു
text_fieldsറിയാദ്: വ്യാപാരമേഖലയിലെ നിയമലംഘനങ്ങൾക്കും തട്ടിപ്പുകൾക്കുമെതിരെ നടക്കുന്ന കാമ്പയിൻെറ ഭാഗമായി നഗരസഭയുടേയും സിവിൽ ഡിഫൻസിൻേറയും നേതൃത്വത്തിൽ ബത്ഹയിൽ തിങ്കളാഴ്ച ആരംഭിച്ച തെരച്ചിൽ നടപടികൾ ചൊവ്വാഴ്ചയും ശകതമായി തുട൪ന്നു. റിയാദിലെ പ്രധാനവാണിജ്യ കേന്ദ്രമായ ബത്ഹ ഡിസ്ട്രിക്റ്റ് മുഴുവൻ അടച്ചിട്ട് നടത്തിയ പഴുതടച്ച പരിശോധനയിൽ ഇതുവരെ 347 നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധിച്ച 384സ്ഥാപനങ്ങളിൽ 347 എണ്ണവും നഗരസഭയിൽ രജിസ്റ്റ൪ ചെയ്യാത്തതോ പുതുക്കാത്തതോ ആണെന്ന് വ്യക്തമായി. ഇവയിൽ തന്നെ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ 137സ്ഥാപനങ്ങളെ അപ്പോൾതന്നെ പൂട്ടി സ്റ്റിക്ക൪ പതിച്ചു. ഭക്ഷണശാലകളിലും മറ്റും ജോലി ചെയ്യാനുള്ള ബലദിയ പെ൪മിറ്റ് ഇല്ലാത്ത 204പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചത്തെ പരിശോധന സംബന്ധിച്ച കൂടുതൽ കണക്കുകൾ പുറത്തുവന്നിട്ടില്ല. ട്രാഫിക് പൊലീസിൻെറയും സിവിൽ ഡിഫൻസിൻെറ കീഴിലുള്ള സുരക്ഷാ വിഭാഗങ്ങളുടേയും സഹകരണത്തോടെ അമാനത്തുൽ റിയാദിൻെറ കീഴിൽ 15 നഗരസഭകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ബത്ഹ മെയിൻസ്ട്രീറ്റും കേരള, യമിന, പാകിസ്ഥാനി, ബംഗ്ള, ഫിലിപ്പീൻസ് മാ൪ക്കറ്റുകളും കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ ബത്ഹയിലെ നിരവധി പ്രമുഖ മലയാളി റസ്റ്റോറൻറുകളുൾപ്പടെ അടച്ചുപൂട്ടിയിരുന്നു. ചൊവ്വാഴ്ച ദരക്ത൪ സ്ട്രീറ്റ്, ഗോൾഡ് സൂഖ്, മ൪ഖബ്, ഊദ്, ഓൾഡ് സനാഇയ തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ പരിശോധന നടന്നത്. വൈകീട്ട് ആറോടെയാണ് പരിശോധകരെത്തിയത്. ജെ.സി.ബിയും എക്സവേറ്ററും ടിപ്പറും മറ്റുമായി വൻ സജ്ജീകരണങ്ങളുമായി പലമുഖങ്ങളിലൂടെ മുഴുവൻ വഴികളും അടച്ചുള്ള പരിശോധക സംഘത്തിൻെറ കടന്നുവരവ് വ്യാപാരമേഖലയെ നടുക്കിക്കളഞ്ഞു. നിയമലംഘക൪ക്കൊന്നും രക്ഷപ്പെടാനുള്ള പഴുതുണ്ടായിരുന്നില്ല. ഉൾഭാഗത്തെ ചെറിയ ഗല്ലികളിൽപോലും കയറിയുള്ള പരിശോധനയിൽ പച്ചക്കറികൾ ഒളിപ്പിച്ചുവച്ച കേന്ദ്രങ്ങൾ വരെ പിടിച്ചെടുത്തു. തിങ്കളാഴ്ച പരിശോധനക്ക് വിധേയമായ പ്രമുഖ സൂപ്പ൪മാ൪ക്കറ്റുകളിലും ബത്ഹ കോമേഴ്സ്യൽ സെൻറ൪, മ൪ക്കസ് ജമാൽ തുടങ്ങിയ വ്യാപാര സമുച്ചയങ്ങളിലും ചൊവ്വാഴ്ചയും പരിശോധനയുണ്ടായി. തിങ്കളാഴ്ച പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് നിരവധി സ്ഥാപനങ്ങൾ അടച്ച് നടത്തിപ്പുകാ൪ സ്ഥലം വിട്ടിരുന്നു. ഇതാണ് ഈ ഭാഗങ്ങളിൽ വീണ്ടും പരിശോധകരെത്താൻ കാരണമായതെന്ന് കരുതുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന പരിശോധനകൾ പ്രധാനമായും ഭക്ഷ്യമേഖലയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ആരോഗ്യ-ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്തിയ റസ്റ്റോറൻറുകളും ലഘുഭക്ഷണശാലകളും ഇറച്ചി-മീൻ വിൽപനശാലകളും ബഖാലകളുമാണ് പൂട്ടിയത്. അടുക്കളയിലും മറ്റും പ്രത്യേക ടോ൪ച്ചും മറ്റും ഉപയോഗിച്ചുള്ള പരിശോധനയിൽ പാറ്റകൾ പോലുള്ള പ്രാണികളെ കണ്ടെത്തിയതിൻെറ പേരിലും ഭക്ഷണശാലകൾ പൂട്ടി. അതിനിടെ തിങ്കളാഴ്ചത്തെ റെയ്ഡിൽ പൂട്ടിയ ചില മലയാളി റസ്റ്റോറൻറുകൾ നഗരസഭയുടെ അനുമതിയോടെ ചൊവ്വാഴ്ച തുറന്നു. പരിശോധനകൾ തുടരുമെന്നും ഇപ്പോൾ പരിശോധനകൾക്ക് വിധേയമാക്കിയ സ്ഥാപനങ്ങൾ നിരന്തരം നിരീക്ഷണത്തിലായിരിക്കുമെന്നും ഒരുതരത്തിലുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും അമാനത്തുൽ റിയാദ് സെക്രട്ടറി ജനറൽ എഞ്ചി. അബ്ദുല്ല ബിൻ അബ്ദുറഹ്മാനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.