ഒന്നരകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
text_fieldsആലുവ: ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന ഒന്നരകിലോ കഞ്ചാവ് എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ട൪ ടി.ജി. കൃഷ്ണകുമാറും സംഘവും നേര്യമംഗലത്തുനിന്ന് പിടികൂടി. ഇടുക്കി അടിമാലി വെട്ടിക്കാട്ട് താഴെവീട്ടിൽ അരവിന്ദാണ് (26) അറസ്റ്റിലായത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വിൽപ്പന സ്ഥിരം തൊഴിലാക്കിയ പ്രതി ഇടുക്കിയിൽ നിന്ന് എറണാകുളത്തേക്ക് ആവശ്യക്കാ൪ക്ക് ഓട്ടോയിൽ കഞ്ചാവ് എത്തിച്ച് കൊടുക്കാറുണ്ടെന്ന് സമ്മതിച്ചതായി എക്സൈസ് ഇൻസ്പെക്ട൪ പറഞ്ഞു. നേര്യമംഗലത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. കുറഞ്ഞ വിലയ്ക്ക് ഇടുക്കിയിൽ നിന്ന് വാങ്ങി നേര്യമംഗലം, എറണാകുളം ഭാഗങ്ങളിൽ കൂടിയ വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ കഞ്ചാവും ഹെറോയിനും മയക്കുമരുന്നുകളും പിടികൂടിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 96 ആംപ്യൂളും രണ്ടരകിലോയോളം കഞ്ചാവും ഹെറോയിനുമാണ് പിടികൂടിയത്. എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാ൪ക്കുന്ന ആലുവ, പെരുമ്പാവൂ൪ ഭാഗങ്ങളിൽ മയക്കുമരുന്നുകൾ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ ശക്തമാക്കിയതായി സ്പെഷൽ സ്ക്വാഡ് സ൪ക്കിൾ ഇൻസ്പെക്ട൪ കെ.കെ. അനിൽകുമാ൪ പറഞ്ഞു. പ്രിവൻറീവ് ഓഫിസ൪മാരായ ജബ്ബാ൪, ആൻറണി ജയിംസ്, സിവിൽ എക്സൈസ് ഓഫിസ൪മാരായ ടി.ഡി. ജോസ്, പി.എ. മാനുവൽ, ടി.വി. ജോൺസൻ, ടി.പി. പോൾ, കെ. സാലിഹ് എന്നിവ൪ റെയ്ഡിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.