തിരിച്ചൊഴുക്ക്: ഇ. അഹമ്മദ് കുവൈത്ത് അംബാസഡറെ കാണും
text_fieldsന്യൂദൽഹി: കുവൈത്തിൽനിന്ന് ഇന്ത്യക്കാരെ വ്യാപകമായി കൂട്ടത്തോടെ നാടുകടത്തുന്നതായുള്ള റിപ്പോ൪ട്ടുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കുവൈത്ത് അംബാസഡ൪ സാമി അൽ സുലൈമാനുമായി വിഷയം ച൪ച്ച ചെയ്യുമെന്ന് വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. കുവൈത്ത് അംബാസഡറുമായി ഞായറാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ആശങ്ക പങ്കുവെക്കും. കുവൈത്തിൽ പോയി ഭരണാധികാരികളുമായി വിഷയം നേരിട്ട് സംസാരിക്കുന്നതിനും ആലോചനയുണ്ട്. എന്നാൽ, ഇപ്പോൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് കുവൈത്തിലെ ഇന്ത്യൻ എംബസി നൽകുന്ന വിവരം. ഗാ൪ഹിക വിസയിൽ കുവൈത്തിൽ പോയി സ്പോൺസ൪ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നത് കുവൈത്തിൽ നിയമവിരുദ്ധമാണ്.
എങ്കിലും, ഇന്ത്യക്കാരും മറ്റ് രാജ്യക്കാരുമായ ലക്ഷക്കണക്കിന് ആളുകൾ ഈ രീതിയിൽ വ൪ഷങ്ങളായി കുവൈത്തിൽ ജോലിചെയ്തുവരുന്നു. ഇപ്പോൾ അവ൪ നിയമം ക൪ശനമായി നടപ്പാക്കി തുടങ്ങിയിരിക്കുന്നു. കുറച്ചുനാളായി നടക്കുന്ന പൊലീസ് പരിശോധനയിൽ പിടിയിലായവരാണ് ഇപ്പോൾ മടങ്ങിവന്നത്. എംബസി നൽകിയ വിവരമനുസരിച്ച് മടങ്ങിവന്നവരുടെ എണ്ണം അധികമില്ല. എംബസി അറിയാതെ നാടുകടത്തപ്പെട്ടവരെ കൂടി ചേ൪ത്താലും ആശങ്കപ്പെടേണ്ട വിധമുള്ള കൂട്ട മടക്കം ഉണ്ടായിട്ടില്ല. ഈ പ്രശ്നങ്ങൾക്കിടയിലും ആഴ്ചയിൽ 1000 പേരെങ്കിലും ഇന്ത്യയിൽനിന്ന് പുതുതായി തൊഴിൽതേടി കുവൈത്തിൽ എത്തുന്നുണ്ട്.
കുവൈത്ത് പരമാധികാര രാജ്യമാണ്. അവ൪ സ്വന്തം നിയമം നടപ്പാക്കുന്നതിൻെറ നമുക്ക് എതി൪ക്കാനാവില്ല. എങ്കിലും പിടിയിലാകുന്നവരോട് മനുഷ്യത്വപരമായി പെരുമാറണമെന്ന അഭ്യ൪ഥന മുന്നോട്ടുവെക്കും. ഇന്ത്യക്കാരെ പിടികൂടുമ്പോൾ അതിൻെറ വിവരങ്ങൾ അപ്പപ്പോൾ ഇന്ത്യൻ എംബസിയെ അറിയിക്കണമെന്നും ആവശ്യപ്പെടും. ഇക്കാര്യം വിദേശകാര്യമന്ത്രാലയം മുഖേന ഇന്ത്യൻ എംബസി ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കുവൈത്ത് സ൪ക്കാ൪ ഇക്കാര്യം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്. പിടിയിലാകുന്നവരെ നാട്ടിലെത്തിക്കാൻ സാധ്യമായ സഹായം ചെയ്യാൻ എംബസിക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
ഗാ൪ഹിക തൊഴിൽ വിസയിലുള്ളവ൪ക്ക് തൊഴിൽ വിസയിലേക്ക് മാറാനുള്ള അവസരം നൽകണമെന്ന അഭ്യ൪ഥനയും ഇന്ത്യ കുവൈത്ത് ഭരണകൂടത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധമാണ് കുവൈത്തിനുള്ളത്. പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന കാര്യത്തിൽ ശുഭാപ്തിവിശ്വാസമുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളിലും സ്വദേശിവത്കരണത്തിൻെറ പ്രശ്നങ്ങളുണ്ട്. അറബ് വസന്തത്തിനുശേഷമുള്ള മാറ്റമാണിത്. സ്വന്തം ജനതയിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അവ൪ ശ്രമിക്കുമ്പോൾ പ്രവാസി ഇന്ത്യക്കാരെയാണ് ബാധിക്കുകയെന്നും ഇ. അഹമ്മദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.