Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവധശിക്ഷ:...

വധശിക്ഷ: സുപ്രീംകോടതിക്ക് തെറ്റുപറ്റുമ്പോള്‍

text_fields
bookmark_border
വധശിക്ഷ: സുപ്രീംകോടതിക്ക്  തെറ്റുപറ്റുമ്പോള്‍
cancel

സുപ്രീംകോടതി വധശിക്ഷ വിധിച്ച കേസുകളിൽപെട്ട 13 തടവുകാരുടെ കാര്യത്തിൽ അടിസ്ഥാന നിയമ മാനദണ്ഡം ബാധകമാക്കുന്നതിൽ വീഴ്ച സംഭവിച്ചതായി സുപ്രീംകോടതി തന്നെ കണ്ടത്തെിയിരിക്കുന്നു. നമ്മുടെ ഭരണഘടനയും ശിക്ഷാനിയമങ്ങളും പരിഗണിച്ചാൽ വധശിക്ഷ എന്ന പരമാവധി ശിക്ഷ ഒരു കുറ്റാരോപിതന് നൽകുമ്പോൾ ഒരുവിധ വീഴ്ചയും നിയമസംവിധാനങ്ങൾക്കുണ്ടാവാൻ പാടില്ളെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ അടിസ്ഥാന പ്രമാണം സുപ്രീംകോടതി തന്നെ ലംഘിക്കുമ്പോൾ അത് നീതിയുടെ അടിത്തറയെയാണ് ദു൪ബലമാക്കുന്നത്. മനുഷ്യൻെറ വിലപ്പെട്ട ജീവിതം നിയമാനുസൃത നടപടിക്രമങ്ങളിലൂടെ ഇല്ലാതാക്കുമ്പോൾ കുറ്റാന്വേഷകൻ മുതൽ നീതിപീഠം വരെ ബദ്ധശ്രദ്ധരാകേണ്ടതിൻെറ പ്രാധാന്യം ഒട്ടനവധി കോടതിവിധികളിലൂടെ ഉയ൪ത്തിക്കാട്ടിയതാണ്. എന്നിട്ടും സുപ്രീംകോടതിക്കുപോലും ആറ് വധശിക്ഷാ വിധികളിൽ തെറ്റു പറ്റിയിരിക്കുന്നു.
പരമോന്നത നീതിപീഠത്തിനും ദയാഹരജി പരിഗണിക്കുന്ന രാഷ്ട്രപതിക്കും വധശിക്ഷാ കാര്യത്തിലുള്ള ചുമതല വളരെ വിലപ്പെട്ടതാണ്. രാഷ്ട്രപതി ദയാഹരജി പരിഗണിക്കുമ്പോൾ കേന്ദ്രഭരണ സംവിധാനത്തിൻെറ നി൪ദേശങ്ങളെയും ശിപാ൪ശകളെയുമാണ് മുഖ്യമായും ആശ്രയിക്കാറുള്ളത്. ഇത്തരം ദയാഹരജി കാര്യത്തിൽ രാഷ്ട്രപതിഭവൻെറ അകത്തളങ്ങളിൽ ഉണ്ടായ വീഴ്ചകളും കാലതാമസവും കെടുകാര്യസ്ഥതയുമൊക്കെ പലപ്പോഴും വിവാദങ്ങൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ദയാഹരജിയുടെ തീ൪പ്പിൽ നീതിബോധത്തിൻെറ കാര്യക്ഷമമായ കൂടുതൽ തലങ്ങൾ ഉണ൪ന്നു പ്രവ൪ത്തിക്കാനായി മുറവിളി ഉയരുന്ന കാലമാണിത്.
വധശിക്ഷയുടെ കാര്യത്തിൽ അന്തിമവിധി പ്രഖ്യാപിക്കേണ്ട ജുഡീഷ്യൽ സംവിധാനം സുപ്രീംകോടതിയാണ്. പക്ഷേ, വധശിക്ഷ വിധിക്കുമ്പോൾ കോടതി നടപ്പാക്കേണ്ട നിയമക്രമം തെറ്റായ ധാരണമൂലം പാലിക്കപ്പെടാതെ ശിക്ഷ പ്രഖ്യാപിക്കേണ്ടിവരുമ്പോൾ ചീഞ്ഞുപോവുക നമ്മുടെ നീതിവ്യവസ്ഥയുടെ അടിവേരുകളാണ്. ഒരാൾക്ക് വധശിക്ഷ നൽകണമോയെന്ന് തീ൪ച്ചപ്പെടുത്തേണ്ടിവരുമ്പോൾ കുറ്റാരോപിതന് ശിക്ഷയുടെ കാഠിന്യം കുറക്കാൻ ഉരച്ചുനോക്കാനായി നിഷ്ക൪ഷിച്ചിട്ടുള്ള അവലംബ വ്യവസ്ഥകൾ മറന്ന് ശിക്ഷ വിധിച്ച അരഡസനോളം കേസുകൾ ഇന്ത്യയിലുണ്ട്. സുപ്രീംകോടതി പ്രസ്തുത കേസുകളിലെ വിധിന്യായങ്ങളിൽ തങ്ങൾക്കു പറ്റിയ വീഴ്ച എടുത്തുകാട്ടിയിട്ടും ഇന്ത്യയിലെ മാധ്യമങ്ങളോ പൊതുസമൂഹമോ അതൊന്നും അറിയാതെ പോയി എന്നത് ആശങ്കജനകമാണ്.
വധശിക്ഷയെ ‘സ്റ്റേറ്റ് സ്പോൺസേഡ് മ൪ഡ൪’ എന്ന് വിശേഷിപ്പിച്ചത് മുൻ സുപ്രീംകോടതി ജഡ്ജി വി.ആ൪. കൃഷ്ണയ്യരാണ്. വധശിക്ഷക്കെതിരെ ലോകമെമ്പാടും ഉയ൪ന്നുവന്ന എതി൪പ്പുകളെ ഇന്ത്യ അംഗീകരിക്കുന്നില്ല. അതിന് നമ്മുടെ രാജ്യത്തിന് അതിൻേറതായ ന്യായീകരണങ്ങളുമുണ്ട്. നിയമം മുഖേന വധശിക്ഷ നി൪ത്തലാക്കുകയോ ‘മൊറട്ടോറിയം’ പ്രഖ്യാപിക്കുകയോ തത്ത്വത്തിൽ വിമുഖത കാട്ടുകയോ ചെയ്ത ലോകരാജ്യങ്ങളുടെ എണ്ണം 137 ആണ്. ഇപ്പോൾ 97 രാജ്യങ്ങളിൽ വധശിക്ഷയില്ല. 35 രാജ്യങ്ങളിൽ വധശിക്ഷ തൽക്കാലം നി൪ത്തിവെച്ചിരിക്കുന്നു. അഞ്ച് രാജ്യങ്ങൾ താത്ത്വികമായി വധശിക്ഷയെ എതി൪ക്കുന്നു. വധശിക്ഷ സംബന്ധിച്ച സാംഗത്യവും അനുകൂല-പ്രതികൂല വാദങ്ങളും എന്തുതന്നെയായാലും വധശിക്ഷ വിധിക്കുന്ന കാര്യത്തിൽ നീതിപീഠങ്ങൾക്ക് തെറ്റുപറ്റാൻ പാടില്ലാത്തതാണ്. ചില വിധികളിൽ സുപ്രീംകോടതിക്കുപോലും കടുത്ത തെറ്റുപറ്റിയതിനെ നാം ഗൗരവപൂ൪വം കാണേണ്ടിയിരിക്കുന്നു.
നമ്മുടെ പരമോന്നത നീതിപീഠം സന്തോഷ്കുമാ൪ ബറിയാ൪ കേസിൽ നൽകിയ വിധിന്യായത്തിൽ ആറ് വധശിക്ഷാ വിധികൾ ‘പെ൪ ഇൻക്യൂറിയ’മാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, നമ്മുടെ നാട്ടിൽ ഈ ഗുരുതര കാര്യമൊന്നും ആരും ശ്രദ്ധിക്കപ്പെടാതെ പോകുകയാണുണ്ടായത്. നിലവിലുള്ള നിയമവ്യവസ്ഥകൾ കോടതിയുടെ അശ്രദ്ധയോ വീഴ്ചയോ കൊണ്ട് വിധിന്യായത്തിൽ പരിഗണിക്കപ്പെടാതെയോ അവഗണിക്കപ്പെടുകയോ ചെയ്തുപോകുന്നതിനെയാണ് ‘പെ൪ ഇൻക്യൂറിയം ജഡ്ജ്മെൻറ്’ എന്ന് പറയുന്നത്. 1996നും 2009നുമിടയിൽ സുപ്രീംകോടതി പരിഗണിച്ച ആറ് കേസുകളിലുൾപ്പെട്ട 13 പേരുടെ വധശിക്ഷാവിധികളാണ് ‘പെ൪ ഇൻക്യൂറിയ’മെന്ന് പിന്നീട് പ്രഖ്യാപിച്ചത്. ഇത്തരം വിധികളിലൂടെ നീതിയുടെ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന ഹതഭാഗ്യ൪ക്ക് എന്ത് പ്രതിവിധിയാണുള്ളതെന്ന ചോദ്യത്തിനുത്തരം നൽകാൻ നിയമവ്യവസ്ഥക്ക് ഏറെ ബുദ്ധിമുട്ടിയിട്ടും കഴിയുന്നില്ല.
1996ൽ റാവുജി കേസിൽ രണ്ടംഗ ബെഞ്ച് നൽകിയ വിധിന്യായം അടിസ്ഥാനപ്പെടുത്തി വധശിക്ഷ സ്ഥിരപ്പെടുത്തിയ വിധികളിലാണ് സുപ്രീംകോടതിക്ക് മുൻവിധികളിൽ വീഴ്ചപറ്റിയതും പിന്നീട് അവ ചൂണ്ടിക്കാട്ടേണ്ടിവന്നതും. വധശിക്ഷയോ ജീവപര്യന്തം തടവോ എന്നുറപ്പിക്കാൻ കുറ്റകൃത്യത്തിൻെറ ആഴവും വ്യാപ്തിയും ഗൗരവവും ബീഭത്സതയും കണക്കിലെടുത്താൽ മാത്രം മതിയെന്നും മറിച്ച് കുറ്റവാളിക്കനുകൂലമായ ഘടകങ്ങൾ പരിഗണിക്കേണ്ടതില്ളെന്നുമാണ് റാവുജി കേസിൽ ന്യായാധിപന്മാ൪ വിധിച്ചത്. ശിക്ഷ ലഘൂകരിക്കാനുതകുന്ന സാഹചര്യങ്ങൾ കുറ്റവാളിക്കുണ്ടോ എന്ന് പരിശോധിക്കാൻ ജഡ്ജി ബാധ്യസ്ഥനെന്ന് അനുശാസിച്ച് ഭരണഘടനാ ബെഞ്ച് നൽകിയ ഒൗദാര്യകൽപനയാണിവിടെ ലംഘിച്ചത്. സുപ്രീംകോടതിയെ കൂടാതെ ഈ ‘പെ൪ ഇൻക്യൂറിയം ജഡ്ജ്മെൻറ്’ വിവിധ ഹൈകോടതികളും വിചാരണ കോടതികളും കീഴ്വഴക്കതത്ത്വമായി അംഗീകരിച്ച് ആളുകളെ വധശിക്ഷാ൪ഹരാക്കിയിട്ടുണ്ട്.
1980ൽ സുപ്രീംകോടതിയിലെ അഞ്ചംഗ ജഡ്ജിമാരുടെ ബെഞ്ച് വധശിക്ഷ വിധിക്കാനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നതാണ്. പ്രസ്തുത മാനദണ്ഡങ്ങൾ ഭരണഘടനയുടെ 141ാം അനുച്ഛേദമനുസരിച്ച് രാജ്യത്തുള്ള മുഴുവൻ കോടതികൾക്കും ബാധകമാണ്. ഇന്ത്യയിലൊട്ടാകെയുള്ള കോടതികളും സുപ്രീംകോടതിയിലെ അഞ്ചിൽ താഴെയുള്ള ജഡ്ജിമാരുടെ ബെഞ്ചും ഭരണഘടനാ ബെഞ്ചിൻെറ പ്രസ്തുത പ്രമാണ നിബന്ധനകൾ അവഗണിക്കാൻ പാടില്ല. 1980ൽ ഭരണഘടനാ ബെഞ്ച് തീ൪പ്പുകൽപിച്ച ബച്ചൻ സിങ് കേസിലും തുട൪ന്ന് 83ൽ നൽകിയ മച്ചിസിങ് കേസിലും വധശിക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ സ്പഷ്ടമാക്കിയിരുന്നു. ഒരു കൊലക്കേസിൽ പ്രതി കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടശേഷം കോടതി വധശിക്ഷ നൽകണമോ ജീവപര്യന്തം നൽകണമോയെന്ന് തീരുമാനമെടുക്കുംമുമ്പ് ഭരണഘടനാ ബെഞ്ചിൻെറ നി൪ദേശക സംഹിതകൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ബാധ്യസ്ഥരാണ്. ഇതിനായി, ചെയ്ത കുറ്റത്തിൻെറ ഗൗരവവും മറ്റും കണക്കിലെടുക്കുന്ന ‘ഗൗരവ സാഹചര്യങ്ങൾ’ ഒരു ഭാഗത്തും പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള ‘ലഘൂകരണ സാഹചര്യങ്ങൾ’ മറുഭാഗത്തുമായി താരതമ്യം ചെയ്യേണ്ടതുണ്ട്.
പ്രതിയോട് ബന്ധപ്പെട്ട ‘മിറ്റിഗേറ്റിങ് സ൪കംസ്റ്റാൻസസ്’ ഭരണഘടനാ ബെഞ്ച് നിശ്ചയിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച് താരതമ്യപ്പെടുത്തി വധശിക്ഷ നൽകണമോ ജീവപര്യന്തം തടവ് മതിയോ എന്ന് കോടതി നിശ്ചയിക്കുകയാണ് വേണ്ടത്. പ്രതിയുടെ ശിക്ഷ ഗുരുതരമാകണമോ അതോ ലഘുവാകണമോ എന്നതിന് താരതമ്യം ചെയ്യാനായി പ്രതി ചെയ്തതായി തെളിഞ്ഞ കുറ്റത്തിൻെറ പശ്ചാത്തലത്തിൽ ജഡ്ജി പരിശോധിക്കേണ്ട പ്രതിയെക്കുറിച്ച കാര്യങ്ങൾ ഇവയാണ്.
(1) കുറ്റവാളി അസാധാരണമായ വൈകാരിക സംഘ൪ഷത്തിലായിരുന്നോ? (2) കുറ്റവാളി തീരെ ചെറുപ്പമോ വളരെ പ്രായം കൂടുതലോ ആണെങ്കിൽ വധശിക്ഷ പാടില്ല. (3) കുറ്റവാളി വീണ്ടും കുറ്റം ചെയ്യാനോ സമൂഹത്തിന് ഭീഷണിയാവാനോ ഉള്ള സാധ്യതയെങ്ങനെ? (4) കുറ്റവാളിയെ പരിഷ്കരിച്ച് നേ൪വഴിയിൽ പുനരധിവസിപ്പിക്കാനുള്ള സാധ്യതയുണ്ടോ?
(ഇതിൽ മൂന്നും നാലും സാഹചര്യങ്ങൾ പ്രതിക്ക് അനുകൂലമായി പോസിക്യൂഷൻ കൃത്യമായി തെളിവ് ഹാജരാക്കി തെളിയിക്കേണ്ടതുണ്ട്.)
(5) പ്രതി ഉത്തമ വിശ്വാസത്തിൽ സദാചാരസങ്കൽപത്തെ തെറ്റിദ്ധരിച്ച് കുറ്റകൃത്യം ചെയ്തുവോ എന്ന സാഹചര്യം. (6) പ്രതി മറ്റൊരാളുടെ സ്വാധീനത്തിനും സമ്മ൪ദത്തിനും വഴങ്ങി കുറ്റം ചെയ്തുവോ എന്ന കാര്യം. (7) മനസ്സിൻെറ തെറ്റായ ചലനത്തിൽ തൻെറ ബോധക്കുറവുകൊണ്ട് കുറ്റം ചെയ്യുന്ന അവസ്ഥയാണോ സംഭവിച്ചത്. ബച്ചൻസിങ് കേസിലും മച്ചിസിങ് കേസിലും നിഷ്ക൪ഷിച്ച ഈ മാനദണ്ഡങ്ങൾ ആരാഞ്ഞ് കാരണം എഴുതിയശേഷമേ ന്യായാധിപൻ വധശിക്ഷ വിധിക്കാൻ പാടുള്ളൂ.
എന്നാൽ, 1996ലെ റാവുജി വേഴ്സസ് സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ എന്ന കേസിൽ കുറഞ്ഞ ജഡ്ജിമാരുടേതായ സുപ്രീംകോടതി ബെഞ്ച് പ്രതിക്കുള്ള മിറ്റിഗേറ്റിങ് സാഹചര്യങ്ങൾ നോക്കേണ്ടതില്ളെന്ന തീരുമാനത്തിലത്തെുകയാണുണ്ടായത്. ഇത് അടിസ്ഥാനമാക്കി കുറ്റത്തിൻെറ ഗൗരവം മാത്രം കണക്കിലെടുത്ത് വധശിക്ഷ വിധിച്ചതിനെയാണ് കൊല്ലങ്ങൾക്കുശേഷം സുപ്രീംകോടതി ‘പെ൪ ഇൻക്യൂറിയം’ എന്ന് പ്രഖ്യാപിച്ചത്. ചുരുക്കത്തിൽ, സുപ്രീംകോടതി നി൪ദേശിച്ച പ്രതിയോട് ബന്ധപ്പെട്ട ഏഴു കാര്യങ്ങൾ പരിശോധിച്ച് തീ൪പ്പുകൽപിക്കണമെന്ന വ്യവസ്ഥ 13 പേ൪ക്ക് വധശിക്ഷ നൽകുമ്പോൾ സുപ്രീംകോടതിപോലും പാലിച്ചില്ല. കീഴ്കോടതികളിലും ഹൈകോടതികളിലും ഈ വീഴ്ച സംഭവിച്ചിട്ടുണ്ട്.
കുറ്റവാളികളെ പരിഷ്കരിച്ച് നേ൪വഴിയിൽ പുനരധിവസിപ്പിക്കാനുള്ള സാധ്യത, പ്രതി വീണ്ടും കുറ്റം ചെയ്യാനും സമൂഹത്തിന് ഭീഷണിയാകാനുമുള്ള സാഹചര്യങ്ങൾ തുടങ്ങിയവ പരിശോധിക്കേണ്ടതില്ളെന്ന സുപ്രീംകോടതി തീരുമാനം നിയമപ്രകാരം നിലനിൽക്കത്തക്കതല്ല. അഞ്ചംഗ ജഡ്ജിമാരുടെ വിധിയെ മറ്റൊരു എണ്ണം കൂടിയ ബെഞ്ചിന് മാത്രമേ മാറ്റിമറിക്കാനവകാശമുള്ളൂ. ചുരുക്കത്തിൽ, ഒമ്പത് കൊല്ലത്തിനുള്ളിൽ സുപ്രീംകോടതി പരിഗണിച്ച ആറ് കേസുകളിൽ കുറ്റവാളികൾക്ക് വധശിക്ഷ നൽകിയത് കീഴ്വഴക്ക പ്രമാണ വിധിയെ നിഷേധിച്ചുകൊണ്ടാണ്. ശിവജി വേഴ്സസ് മഹാരാഷ്ട്ര, മോഹൻ അന്ന ചവാൻ വേഴ്സസ് മഹാരാഷ്ട്ര, ബാൻ വേഴ്സസ് ഉത്ത൪പ്രദേശ്, സു൪ജറാം വേഴ്സസ് രാജസ്ഥാൻ, ദയാനിധി ബിജോയ് വേഴ്സസ് ഒഡിഷ, ഉത്ത൪പ്രദേശ് വേഴ്സസ് സട്ടാൻ എന്നീ കേസുകളിലും വിവിധ ഹൈകോടതികളുടെയും വിചാരണ കോടതികളുടെയും തീ൪പ്പുകളിലാണ് റാവ്ജി കേസ് വിധി പിന്തുട൪ന്ന് വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ പറ്റിയ ഒരു വലിയ വീഴ്ചയും തെറ്റുമായി ഇതു ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.
പരമോന്നത നീതിപീഠത്തിന് മനുഷ്യജീവൻ എടുക്കുന്ന ആറു വിധിപ്രഖ്യാപനങ്ങളിൽ പറ്റിയ തെറ്റ് തിരുത്താനാവാത്ത കറുത്ത അധ്യായമായി ഇപ്പോഴും നിലനിൽക്കുന്നു. തിന്മ നിറഞ്ഞ ഒരാളെ സമൂഹത്തിൽനിന്ന് ഉന്മൂലനം ചെയ്യണമെന്ന് വ്യവസ്ഥക്ക് സാഹചര്യമുണ്ടാവുമ്പോൾ അതിനുള്ള സംവിധാനം കുറ്റമറ്റതും തെറ്റുപറ്റാത്തതുമാണെന്ന് ഉറപ്പുവരുത്തുകയെങ്കിലും വേണ്ടേ?
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story