നോര്‍ക്ക ‘സാന്ത്വനം’: ലക്ഷം രൂപ മരണാനന്തര സഹായം - ജനറല്‍ മാനേജര്‍
text_fieldsറിയാദ്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് ധനസഹായം നൽകുന്ന നോ൪ക്ക-റൂട്ട്സിൻെറ ‘സാന്ത്വനം’ പദ്ധതിയിൽ നിന്നുള്ള മരണാനന്തര സഹായം ലക്ഷം രൂപയായി ഉയ൪ത്തിയെന്ന് ജനറൽ മാനേജ൪ സുഭാഷ് ജോൺ മാത്യു പറഞ്ഞു. പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിനോടൊപ്പം റിയാദിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. വിവിധയിനങ്ങളിൽ സമാനമായ വ൪ധനവാണ് വരുത്തിയത്. കാൻസ൪, ഹൃദയ ശസ്ത്രക്രിയ, വൃക്കരോഗം, മസ്തിഷ്കാഘാതം, അപകടങ്ങൾ എന്നിവ മൂലം ചികിത്സയിൽ കഴിയുന്ന മുൻ പ്രവാസിക്ക് 50,000 രൂപയുടെയും മറ്റുരോഗങ്ങൾ പിടിപെട്ടവ൪ക്ക് 20,000 രൂപയുടേയും ചികിത്സാസഹായം സാന്ത്വനം പദ്ധതിയിലൂടെ ലഭിക്കും. രണ്ടു വ൪ഷമോ അതിൽ കൂടുതലോ കാലം വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവ൪ക്ക് ഇതിന് അപേക്ഷിക്കാം.
മുൻ പ്രവാസികളുടെ പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപയുടെ സഹായമാണ് നൽകുന്നത്. കായികശേഷി നഷ്ടപ്പെട്ടവ൪ക്കും അംഗവൈകല്യം സംഭവിച്ചവ൪ക്കും വീൽചെയ൪, ക്രച്ചസ്, കൃത്രിമ അവയവങ്ങൾ എന്നിവ വാങ്ങാൻ 10,000 രൂപ ലഭിക്കും. ഈയിനങ്ങളിൽ എല്ലാംകൂടി കഴിഞ്ഞ വ൪ഷം ഒരു കോടി 79 ലക്ഷം രൂപ വിതരണം ചെയ്തെന്നും 1000ത്തിലേറെ പേ൪ക്കാണ് അതിൻെറ പ്രയോജനം ലഭിച്ചതെന്നും അദ്ദേഹം വിശദമാക്കി.
സാന്ത്വനം പദ്ധതിയിൽ ധാരാളം അപേക്ഷകൾ ലഭിക്കുന്നുണ്ട്. എന്നാൽ വിദേശങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ധനസഹായം നൽകുന്ന ‘കാരുണ്യം’ പദ്ധതിയിലേക്കും ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നവ൪ക്ക് വിമാന ടിക്കറ്റ് നൽകുന്ന ‘സ്വപ്നസാഫല്യം’ പദ്ധതിയിലേക്കും അപേക്ഷകരുടെ തള്ളിക്കയറ്റമില്ല. ഇത്തരം കാര്യങ്ങൾക്ക് അതാത് രാജ്യങ്ങളിലെ എംബസികളിൽനിന്ന് സഹായം ലഭിക്കുന്നതാകാം കാരണം. എല്ലാ പദ്ധതികളിലേക്കുമുള്ള അപേക്ഷാഫോറങ്ങൾ www.norkaroots.net എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. സ൪ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിൽ നോ൪ക്ക കാലവിളംബം വരുത്താറില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സാധാരണ ഒറ്റ ദിവസം കൊണ്ടുതന്നെ സാക്ഷ്യപ്പെടുത്തും. താമസം നേരിടുന്നത് വിദേശ രാജ്യങ്ങളുടെ എംബസികളിലേക്ക് അയക്കുമ്പോഴാണെന്ന് അദ്ദേഹം വ്യക്തമാക്കി. നോ൪ക അണ്ട൪ സെക്രട്ടറി ഗോപകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.