ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍
text_fieldsകൽപറ്റ: ആറന്മുള വിമാനത്താവളത്തിനെതിരായ എതി൪പ്പ് നിലനിൽക്കെ ഇടുക്കിയിലും വയനാട്ടിലും ചെറുവിമാനത്താവളം (ഫീഡ൪ എയ൪പോ൪ട്ട്) നി൪മിക്കാനുള്ള സ൪ക്കാ൪ നടപടി പുരോഗമിക്കുന്നു.
ഏക്ക൪കണക്കിന് കൃഷിയിടങ്ങളും ജീവിതോപാധിയും നശിപ്പിക്കുന്നതിനെതിരെ രംഗത്തുവന്ന പ്രദേശവാസികൾ രണ്ടിടങ്ങളിലും ഇതിനകം സ്ഥലപരിശോധന നടപടികൾ തടഞ്ഞു. ഇതോടെ സംസ്ഥാന വ്യവസായ വികസന വകുപ്പ് (കെ.എസ്.ഐ.ഡി.സി) അനുകൂല പ്രചാരണം സജീവമാക്കി. ഇടുക്കിയിൽ ഉടുമ്പൻചോല താലൂക്കിലെ അണക്കര, വയനാട്ടിൽ പനമരത്തിനടുത്ത ചീക്കല്ലൂ൪ എന്നീ പ്രദേശങ്ങളാണ് എയ൪പോ൪ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) നടത്തിയ പ്രാഥമിക പരിശോധനയിൽ വിമാനത്താവളത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയത്.
രാജ്യത്തെ എല്ലാ വ്യോമഗതാഗത റൂട്ടുകളെയും ബന്ധപ്പെടുത്തി ചെറുവിമാനത്താവളങ്ങൾ നി൪മിക്കുക എന്ന കേന്ദ്രസ൪ക്കാ൪ നയത്തിൻെറ ഭാഗമായാണിത്. വിനോദസഞ്ചാര വികസനത്തിന് 50-60 സീറ്റുള്ള ചെറുവിമാനങ്ങൾ വന്നുപോകാനുള്ള എയ൪പോ൪ട്ടുകളാണ് ഇടുക്കിയിലും വയനാട്ടിലും നി൪മിക്കുന്നതെന്ന് എ.എ.ഐ സ൪ക്കാറിന് നൽകിയ റിപ്പോ൪ട്ടിൽ പറയുന്നു. സാങ്കേതികമായും സാമ്പത്തികമായും പാരിസ്ഥിതികമായും വിമാനത്താവളം പ്രായോഗികമാണോ എന്ന പഠനമാണ് ഇപ്പോൾ നടക്കുന്നത്. കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയപ്രകാരം നൈറ്റ് ഫ്രാങ്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തുന്ന പഠനം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിന് എത്ര സ്ഥലം ഏറ്റെടുക്കും, എത്ര കൃഷിഭൂമി നികത്തും, എത്രപേരെ കുടിയൊഴിപ്പിക്കും തുടങ്ങി വിവിധ സംശയങ്ങൾ ഉന്നയിച്ച് പ്രദേശവാസികൾ വിവരാവകാശനിയമപ്രകാരം കെ.എസ്.ഐ.ഡി.സിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ‘ഇക്കാര്യങ്ങൾ പഠനറിപ്പോ൪ട്ട് കിട്ടിയാലേ നൽകാൻ കഴിയൂ’ എന്നാണ് കിട്ടിയ മറുപടി. വിമാനത്താവളത്തിന് അനുകൂല സാഹചര്യമൊരുക്കാൻ രണ്ട് ജില്ലകളിലും കെ.എസ്.ഐ.ഡി.സി തന്നെ വ്യാപകമായി വിതരണം ചെയ്ത ബഹുവ൪ണ നോട്ടീസിൽ ഇതിന് വിരുദ്ധമായ കാര്യങ്ങളാണുള്ളത്. ഇത് ഏറെ ദുരൂഹത ഉയ൪ത്തുന്നുണ്ട്. വയനാട്ടിൽ ആകെ 500 ഏക്ക൪ മാത്രമാണ് ഏറ്റെടുക്കുക, ഇതിൽ കൃഷിഭൂമിയില്ല, 150 കുടുംബങ്ങളെയേ കുടിയൊഴിപ്പിക്കൂ തുടങ്ങിയ കാര്യങ്ങൾ നോട്ടീസിൽ ഉറപ്പിച്ചുപറയുന്നു. രാജ്യത്ത് കശ്മീരിൽ മാത്രം സാധ്യമായ ‘തുലിപ് പൂ കൃഷി’ നടത്തി ദിവസവും പൂക്കൾ വിദേശത്തേക്ക് കയറ്റി അയക്കാം എന്ന ‘നേട്ടം’ വരെ നോട്ടീസിലുണ്ട്.അതേസമയം, എ.എ.ഐ റിപ്പോ൪ട്ട് പ്രകാരം വയനാട്ടിലെ വിമാനത്താവളത്തിന് 381 ഏക്ക൪ വേണമെന്ന് പറയുന്നു.
ഇവിടെ സാധ്യതാപഠനം നടന്ന 337 ഏക്കറിൽ മാത്രം ജനറൽ വിഭാഗത്തിൽപ്പെട്ട 846 കുടുംബങ്ങളും ആദിവാസി വിഭാഗത്തിൽപ്പെട്ട 308 കുടുംബങ്ങളുമുണ്ട്. ഈ ഭൂമി മാത്രം ഏറ്റെടുത്താൽ ഇവ൪ മുഴുവൻ കുടിയൊഴിയേണ്ടിവരും. 21 കുളങ്ങൾ, 149 കിണറുകൾ, 14 കാവുകൾ, ഗവ. എൽ.പി സ്കൂൾ, രണ്ട് അങ്കണവാടികൾ, ഒരു ക്ഷേത്രം എന്നിവയും ഈ സ്ഥലത്തുണ്ട്. 15ഓളം തോടുകളും നിരവധി അരുവികളും വേറെ.
80 ശതമാനത്തോളം നെൽകൃഷി ചെയ്യുന്ന മേഖലയാണിത്. വിമാനത്താവളത്തിന് ഇവ ഒന്നടങ്കം നശിപ്പിക്കേണ്ടിവരുമെന്ന് ചീക്കല്ലൂരിലെ കൃഷിഭൂമി സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു. കെ.എസ്.ഐ.ഡി.സിയുടെ അവകാശവാദം പോലെ 500 ഏക്ക൪ ഏറ്റെടുത്താൽ പ്രത്യാഘാതം ഇതിനേക്കാൾ ഇരട്ടിയാവും.
സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇടുക്കിയിലെ അണക്കര കാപ്പി, കുരുമുളക്, ഏലം കൃഷികളാൽ സമൃദ്ധമാണ്. കൃഷിഭൂമിയും ജീവിതോപാധികളും തക൪ത്ത് വിമാനത്താവളം വേണ്ടെന്നു പറഞ്ഞ് ഇവിടത്തുകാരും സമരപാതയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.