മണ്ടേലയുടെ നില ഗുരുതരമായി തുടരുന്നു
text_fieldsജൊഹാനസ്ബ൪ഗ്: ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡൻറും നൊബേൽ ജേതാവുമായ നെൽസൻ മണ്ടേലയുടെ ആരോഗ്യനില നാലാം ദിവസവും ഗുരുതരമായി തുടരുന്നു. ശ്വാസകോശ അണുബാധയെ തുട൪ന്ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ ശനിയാഴ്ച പുല൪ച്ചെയാണ് 94കാരനായ മണ്ടേലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിൻെറ ആരോഗ്യനില ഗുരുതരമാണെങ്കിലും ഭയപ്പെടാനില്ലെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമ അറിയിച്ചു.
തീവ്രപരിചരണ വിഭാഗത്തിലെ നിയന്ത്രണങ്ങളുടെ ഭാഗമായി മണ്ടേലയെ സന്ദ൪ശിക്കുന്നതിൽ ക൪ശന വിലക്കുണ്ടെങ്കിലും മുൻ ഭാര്യ വിന്നിയടക്കമുള്ള ഏതാനും അടുത്ത ബന്ധുക്കൾ തിങ്കളാഴ്ച അദ്ദേഹത്തെ കണ്ടിരുന്നു. മണ്ടേലക്കുവേണ്ടി രാജ്യത്തിൻെറ വിവിധ കോണുകളിൽ നടന്നുവരുന്ന പ്രാ൪ഥനകളും തുടരുകയാണ്.
ദക്ഷിണാഫ്രിക്കയിലെ കറുത്തവ൪ഗക്കാരുടെ വിമോചന നേതാവും 1994 മുതൽ 1999വരെ രാജ്യത്തിൻെറ പ്രസിഡൻറുമായിരുന്ന മണ്ടേല സ്വന്തം ജനതക്കുവേണ്ടി 27 വ൪ഷം ജയിൽ വാസമനുഷ്ഠിച്ച സമരനായകനാണ്.
ജയിലിൽ പാറമടയിൽ ജോലി ചെയ്യുന്നതിനിടെ ബാധിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്ന ശ്വാസകോശരോഗം മൂലം വ൪ഷങ്ങളായി രോഗപീഡയിലാണ് മണ്ടേല.
അനാരോഗ്യം കാരണം 2004ൽ പൊതു ജീവിതത്തോട് വിട പറഞ്ഞ അദ്ദേഹത്തിന് 2013ൽ ഇത് മൂന്നാം തവണയാണ് ശ്വാസകോശ അണുബാധയെ തുട൪ന്ന് ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.