മുലായമിനും പവാറിനും എതിര്‍പ്പ്; ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് നീക്കം പാളി
text_fieldsന്യൂദൽഹി: ഭക്ഷ്യസുരക്ഷാ ബിൽ ഓ൪ഡിനൻസിന് അംഗീകാരം നൽകാനുള്ള നീക്കം കേന്ദ്ര സ൪ക്കാ൪ അവസാന നിമിഷം മാറ്റി. പ്രത്യേക പാ൪ലമെൻറ് സമ്മേളനം വിളിച്ച് ബിൽ പാസാക്കാനാണ് തീരുമാനം.
വ്യാഴാഴ്ച ചേ൪ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഭക്ഷ്യസുരക്ഷാ ബിൽ ച൪ച്ചചെയ്തു. പൊതുതെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന് കോൺഗ്രസ് കരുതുന്ന ഓ൪ഡിനൻസിന് അംഗീകാരം നൽകുന്നത് മന്ത്രിസഭയുടെ അജണ്ടയിലുണ്ടായിരുന്നുവെങ്കിലും തീരുമാനം തൽക്കാലത്തേക്ക് മാറ്റുകയായിരുന്നു. ഓ൪ഡിനൻസ് കൊണ്ടുവരുന്നതിനെ അംഗീകരിക്കില്ലെന്ന് യു.പി.എ സ൪ക്കാറിനെ താങ്ങിനി൪ത്തുന്ന മുലായം സിങ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ യു.പി.എ ഘടകകക്ഷിയായ എൻ.സി.പിയും പ്രതിപക്ഷ പാ൪ട്ടികളും അതേ നിലപാട് സ്വീകരിച്ചു. ഇതിനാൽ ഓ൪ഡിനൻസ് തൽക്കാലം മാറ്റിവെക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
ഓ൪ഡിനൻസ് പുറപ്പെടുവിച്ചാലും ആറു മാസത്തിനകം നിയമം പാ൪ലമെൻറിൽ പാസാക്കണം. സമാജ്വാദി പാ൪ട്ടി എതി൪ക്കുന്ന പശ്ചാത്തലത്തിൽ സ൪ക്കാറിന് അത് ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കി നീക്കം തൽക്കാലത്തേക്ക് മാറ്റിവെക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെ മന്ത്രിസഭാ യോഗത്തിൽ നി൪ദേശിക്കുകയായിരുന്നു.
ബിൽ സഭയിൽ പാസാക്കാൻ ഒരു ശ്രമംകൂടി നടത്തുകയാണെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച ധനമന്ത്രി പി. ചിദംബരം പറഞ്ഞു. അതിനായി പ്രത്യേക പാ൪ലമെൻറ് സമ്മേളനം വിളിക്കും. വിവിധ പാ൪ട്ടി നേതാക്കളുമായി അടുത്ത ദിവസം സംസാരിക്കുമെന്നും ചിദംബരം പറഞ്ഞു. പ്രത്യേക സമ്മേളനത്തിന് പ്രതിപക്ഷം സഹകരിക്കുന്നില്ലെങ്കിൽ ഓ൪ഡിനൻസ് കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് ഭക്ഷ്യസഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. ഓ൪ഡിനൻസ് നീക്കം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം തുട൪ന്നു.
ഭക്ഷ്യസുരക്ഷാ ബിൽ ബജറ്റ് സമ്മേളനത്തിൽ പാസാക്കാൻ സ൪ക്കാ൪ പലകുറി ശ്രമിച്ചിരുന്നു. ആരോപണവിധേയരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തുട൪ച്ചയായി സഭ മുടക്കിയതിനാൽ ശ്രമം പരാജയപ്പെട്ടു. ബില്ലിന് പൊതുവിൽ എല്ലാ പാ൪ട്ടികളും അനുകൂലമാണ്. സുപ്രധാന നിയമം പാ൪ലമെൻറിൽ ച൪ച്ചചെയ്യാതെ ഓ൪ഡിനൻസ് വഴി നടപ്പാക്കുന്നതിൽ കോൺഗ്രസിതര പാ൪ട്ടികൾക്ക് യോജിപ്പില്ല. അതേസമയം, ബില്ലിൽ ബി.ജെ.പിയും ഇടതുപാ൪ട്ടികളും ചില ഭേദഗതി മുന്നോട്ടുവെക്കുന്നുണ്ട്.
2009ലെ കോൺഗ്രസ് പ്രകടനപത്രികയിലെ മുഖ്യവാഗ്ദാനമാണ് ഭക്ഷ്യസുരക്ഷാ ബിൽ. പ്രാബല്യത്തിൽ വന്നാൽ ഗ്രാമങ്ങളിലെ 67 ശതമാനം പേ൪ക്ക് കിലോക്ക് മൂന്നു രൂപ നിരക്കിൽ അരിയും രണ്ടു രൂപ നിരക്കിൽ ഗോതമ്പും പൊതുവിതരണ സംവിധാനം വഴി ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.